ബെയ്ജിങ് പുതിയ ജീവിതത്തിലേക്ക്; മാളുകളിലും പാര്‍ക്കുകളിലും പ്രവേശിക്കാന്‍ അനുമതി
|ബുധനാഴ്ച മുതൽ ചൈന 10 പുതിയ ഇളവുകൾ കൂടി പ്രഖ്യാപിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു
ബെയ്ജിങ് : മാസങ്ങള്‍ നീണ്ട കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി ചൈന. തലസ്ഥാനത്തെ ആളുകള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ പാർക്കുകൾ, സൂപ്പർമാർക്കറ്റുകൾ, ഓഫീസുകൾ, വിമാനത്താവളങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ അനുമതി നല്കി.
'ബെയ്ജിങ് വീണ്ടും പുതിയ ജീവിതത്തിനായി തയ്യാറെടുക്കുന്നു' എന്ന തലക്കെട്ടോടെയാണ് ഈ വാര്‍ത്ത സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന ഡെയ്ലി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്. ജനങ്ങള്‍ അവരുടെ സ്വാതന്ത്ര്യം പതിയെ സ്വീകരിക്കുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. ''ഈ മഹാമാരിയില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള ആദ്യപടിയായിരിക്കും ഇത്' 27കാരനായ ഹു ഡോങ്സു റോയിട്ടേഴ്സിനോട് പറഞ്ഞു.നഗരത്തിലെ രണ്ട് വിമാനത്താവളങ്ങളിലും ഇനി ടെർമിനലിലേക്ക് പ്രവേശിക്കാൻ കോവിഡ് പരിശോധന ഉണ്ടായിരിക്കുന്നതല്ല.
ബുധനാഴ്ച മുതൽ ചൈന 10 പുതിയ ഇളവുകൾ കൂടി പ്രഖ്യാപിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ വരുത്താനുള്ള സാധ്യത നിക്ഷേപകർക്കിടയിൽ ശുഭാപ്തിവിശ്വാസം ഉണർത്തിയിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ ശക്തി വീണ്ടെടുക്കുമെന്നും ആഗോള വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്നുമാണ് പ്രതീക്ഷ. ചൈനയുടെ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിൽ നവംബർ ആദ്യം മുതൽ ചൈനീസ് യുവാൻ ഡോളറിനെതിരെ 5 ശതമാനം ഉയർന്നിരുന്നു.