World
Lions Break Out Of Circus Enclosure

സിംഹങ്ങള്‍ കൂട്ടില്‍ നിന്നും പുറത്തേക്ക് ചാടുന്നു

World

സര്‍ക്കസ് അഭ്യാസ പ്രകടനത്തിനിടെ സിംഹങ്ങള്‍ കൂട്ടില്‍ നിന്നും പുറത്തുചാടി; ജീവനും കൊണ്ടോടി കാണികള്‍,വീഡിയോ

Web Desk
|
20 April 2023 2:08 PM GMT

എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശീലകര്‍ക്ക് സിംഹങ്ങളെ പിടിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി

ബീജിംഗ്: ചൈനയില്‍ സര്‍ക്കസ് കൂടാരത്തിലെ അഭ്യാസ പ്രകടനത്തിനിടെ സിംഹങ്ങള്‍ കൂട്ടില്‍ നിന്നും പുറത്തേക്ക് ചാടി. ഇതോടെ കണ്ടു നിന്ന കാണികള്‍ പ്രാണരക്ഷാര്‍ഥം ഓടുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശീലകര്‍ക്ക് സിംഹങ്ങളെ പിടിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി. കുറച്ചു സമയത്തേക്ക് സര്‍ക്കസിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹെനാൻ പ്രവിശ്യയിലെ ലുവോയാങ്ങില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. കൂടിന്‍റെ വാതില്‍ ശരിയായി പൂട്ടാത്തതുകൊണ്ടാണ് സിംഹം പുറത്തുചാടിയതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഹം പുറത്തുചാടിയതോടെ കാഴ്ചക്കാര്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം. സിംഹങ്ങൾ എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് സർക്കസ് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ രൂക്ഷപ്രതികരണങ്ങളുമായി മൃഗസ്നേഹികള്‍ രംഗത്തെത്തി. ''മൃഗങ്ങൾ സർക്കസ് ജീവിതത്തിന് വിധേയമാകണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല.നിരന്തരമായ യാത്ര,നിർബന്ധിത പരിശീലനം, പ്രകടനം എന്നിവ മൂലമാണ് അവര്‍ അതിനുള്ളില്‍ കഴിയാന്‍ നിര്‍‌ബന്ധിതരാകുന്നത്'' യുകെ ആസ്ഥാനമായുള്ള മൃഗക്ഷേമ സംഘടനയായ റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് പറഞ്ഞു. "ഉച്ചത്തിലുള്ള ശബ്ദങ്ങളും ജനക്കൂട്ടവും മൃഗങ്ങളില്‍ പലപ്പോഴും അസ്വസ്ഥതയോ ഭയമോ ഉണ്ടാക്കുന്നു," സംഘടന കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts