World
List RSS, Affiliates as Hate Groups: South Asian Communities in Canada Write To Trudeau
World

'ആർഎസ്എസിനെ വിദ്വേഷ ​സംഘടനയായി കണക്കാക്കണം'; ട്രൂഡോക്ക് കത്തയച്ച് ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അം​ഗങ്ങൾ

Web Desk
|
2 Nov 2024 12:00 PM GMT

'ആർഎസ്എസിൻ്റെയും അനുബന്ധ സംഘടനകളുടെയും മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുക'

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്ക് തുറന്ന കത്തയച്ച് ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റികളിലെ അം​ഗങ്ങൾ. ആർഎസ്എസിനെയും അനുബന്ധ സംഘടനകളെയും വിദ്വേഷ ഗ്രൂപ്പുകളുടെയോ, തീവ്ര വലതുപക്ഷ സംഘടനകളുടെയോ പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടാണ് കത്ത്. കാനഡയിലെ 25 ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അം​ഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കാനഡയിലെ സിഖ് വിരുദ്ധ ആക്രമണങ്ങളിൽ ആർഎസ്എസിൻ്റെയും സംഘപരിവാറിൻ്റെയും ബന്ധം കാട്ടി നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്‌ലിംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ച് കമ്മ്യൂണിറ്റിയിലെ അം​ഗങ്ങൾ പ്രസ്താവനയും പുറത്തിറക്കി. 2023ലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുകൾ ആരംഭിച്ചത്. ഈ സാ​ഹചര്യത്തിലാണ് ഇത്തരമൊരു കത്ത്.

'ആർഎസ്എസിൻ്റെ രാഷ്ട്രീയ വിഭാഗമാണ് ബിജെപിയെന്നും പ്രസ്താവനയിൽ പറയുന്നു. ഹിന്ദുത്വ, ഹിന്ദു ദേശീയത പ്രോത്സാഹിപ്പിക്കുന്ന ഒരു അർധസൈനിക സംഘടനയാണിതെ'ന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. 'ഇന്ത്യയിൽ ബിജെപി ഭരിച്ച 10 വർഷത്തിൽ ആർഎസ്എസിൻ്റെ സ്ഥാപകർ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വ്യക്‌തമായി ഉയർത്തിപ്പിടിച്ചത് കാണാം. രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ ഇന്ത്യയെ കൊണ്ടുപോകുന്നു. മുസ്‌ലിംകളടക്കമുള്ള മറ്റ് ന്യൂനപക്ഷ വിഭാ​ഗങ്ങൾ രണ്ടാംതര പൗരന്മാരാക്കപ്പെടുകയാണെ'ന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

'ഈ തീവ്ര ഗ്രൂപ്പുകളുടെ ശൃംഖല കാനഡയിലെയും യുഎസിലെയും സിഖുകാരെയും മറ്റ് ഇന്ത്യൻ ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിടുന്നതായി സമീപകാല റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇവർ സംഘടിത കുറ്റകൃത്യങ്ങളിലും അക്രമത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് നമുക്കറിയാം.'- പ്രസ്താവന കൂട്ടിച്ചേർക്കുന്നു.

കനേഡിയൻ കൗൺസിൽ ഓഫ് ഇന്ത്യൻ മുസ്‌ലിംസ്, കനേഡിയൻ കൗൺസിൽ ഓഫ് മുസ്‌ലിം വിമൻ, മോൺട്രിയൽ, കനേഡിയൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ഇൻ ഇന്ത്യ തുടങ്ങി 25 സം​ഘടനകളിലെ അം​ഗങ്ങളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

‌കത്തിലൂടെ ഇവർ ദക്ഷിണേഷ്യക്കാർക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും സംരക്ഷണം നൽകണമെന്ന് കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. 'ആർഎസ്എസിൻ്റെയും അതിൻ്റെ അനുബന്ധ സംഘടനകളുടെയും മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുക. ഇവരെ തീവ്ര വലതുപക്ഷ സംഘങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണ'മെന്നും കത്തിൽ പറയുന്നു.

കനേഡിയൻ മണ്ണിൽ ഖലിസ്ഥാൻ വാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്ക് പിന്നിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് കനേഡിയൻ സർക്കാർ ആരോപിച്ചിരുന്നു. ആരോപണം ആദ്യം റിപ്പോർട്ട് ചെയ്തത് വാഷിങ്ടൺ പോസ്റ്റാണ്. താൻ ഇക്കാര്യം പത്രത്തിനോട് പറഞ്ഞതായി കനേഡിയൻ വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസൻ പിന്നീട് പാർലമെന്ററി പാനലിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Similar Posts