"പ്രതിരോധമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടു"; യോവ് ഗാലന്റിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി നെതന്യാഹു
|യുദ്ധത്തിൻ്റെ പല സന്ദർഭങ്ങളിലും യോവ് ഗാലന്റുമായി നെതന്യാഹുവിന് അഭിപ്രായഭിന്നതയുണ്ടായിരുന്നു
തെൽ അവീവ്: ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാലന്റിൽ വിശ്വാസം നഷ്ടപ്പെട്ടെന്നാണ് പുറത്താക്കലിന് പിന്നാലെ നെതന്യാഹു പറഞ്ഞത്.
യുദ്ധത്തിൻ്റെ പല സന്ദർഭങ്ങളിലും യോവ് ഗാലന്റുമായി നെതന്യാഹുവിന് അഭിപ്രായഭിന്നതയുണ്ടായിരുന്നു
ഗസ്സയിൽ സൈനിക നടപടികൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ല നയതന്ത്ര നടപടി കൂടി സ്വീകരിച്ചാലേ ബന്ധികളെ മോചിപ്പിക്കാനാവുകയുള്ളു, ഇതിന് വിലങ്ങുതടിയാവുന്ന നടപടിയിൽ നിന്ന് നെതന്യാഹു പിന്മാറണമെന്ന് ഗാലന്റ് പറഞ്ഞിരുന്നു.
ഇത് കൂടാതെ ബന്ധികളുടെ ബന്ധുക്കളുമായും യോവ് ഗാലന്റ് നിരന്തരമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ ആക്രമണമവസാനിപ്പിച്ചുകൊണ്ടുള്ള ഒത്തുത്തീർപ്പ് വേണ്ടെന്ന നിലപാടായിരുന്നു നെതന്യാഹു സ്വീകരിച്ചത്. ഇതാണ് യോവ് ഗാലന്റിനെ പദവിയിൽ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത്.
പകരം നെതന്യാഹുവിന്റെ വിശ്വസ്തനും വിദേശകാര്യമന്ത്രിയുമായ ഇസ്രായേൽ കാറ്റ്‌സിന് പ്രതിരോധമന്ത്രിസ്ഥാനം കൈമാറും. വകുപ്പില്ലാത്ത മന്ത്രിയായിരുന്ന ഗിദിയോൻ സാർ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റെടുക്കും.
അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷയാണ് എപ്പോഴും തന്റെ ജീവിത ദൗത്യമെന്നാണ് യോവ് ഗാലന്റ് പറഞ്ഞത്.
ലെബനാനിലും ഗസ്സയിലും ആക്രമണം രൂക്ഷമാവാനുള്ള നെതന്യാഹുവിന്റെ രാഷ്ട്രീയ പിൻബലമായി പുതിയ പ്രതിരോധമന്ത്രി മാറുമെന്ന വിലയിരുത്തലാണ് ഇതോടെ രൂപപ്പെട്ടിരിക്കുന്നത്.