അടിച്ചത് 247 കോടിയുടെ ലോട്ടറി; ഭാര്യയോടും മക്കളോടു പോലും പറഞ്ഞില്ല, കാരണമിതാണ്...
|എന്നു മാത്രമല്ല, സ്വന്തം പേരല്ലാതെ മറ്റു വിവരങ്ങളൊന്നും ആരോടും ഇയാള്‍ വെളിപ്പെടുത്തിയില്ല
ബെയ്ജിംഗ്: കിട്ടിയത് ആയിരമാണെങ്കിലും കോടികളാണെങ്കിലും ഒരാള്‍ക്ക് ലോട്ടറി അടിച്ചാല്‍ എന്തായിരിക്കും അവസ്ഥ. നാട്ടുകാരും മുഴുവന്‍ അറിയുമല്ലേ. കോടികളാണെങ്കില്‍ പിന്നെ മാധ്യമങ്ങളായി, അഭിമുഖങ്ങളായി അയാള്‍ വാര്‍ത്തകളില്‍ അങ്ങനെ നിറഞ്ഞുനില്ക്കും. എന്നാല്‍ ചൈനീസുകാരനായ ലി തന്റെ സമ്മാനം വാങ്ങാനായി ഗുവാങ്സിയുടെ തെക്കൻ മേഖലയിലെ നാനിംഗിലുള്ള ലോട്ടറി ഓഫീസിലേക്ക് ഒറ്റയ്ക്കാണ് എത്തിയത്. കാരണം ലീക്ക് ലോട്ടറിയടിച്ച കാര്യം ആരോടും പറഞ്ഞിരുന്നില്ല.
ഭാര്യയോടും മക്കളോടു പോലും ലീ വന്‍തുക സമ്മാനമായി ലഭിച്ച കാര്യം പറഞ്ഞില്ല. എന്നു മാത്രമല്ല, സ്വന്തം പേരല്ലാതെ മറ്റു വിവരങ്ങളൊന്നും ആരോടും ഇയാള്‍ വെളിപ്പെടുത്തിയില്ല. ലോട്ടറി അടിച്ചതിനെ പറ്റി അറിഞ്ഞാൽ വീട്ടുകാർ അലസരായി പോവും എന്ന ഭയം കൊണ്ടാണ് താനിത് വീട്ടുകാരില്‍ നിന്നും ഒളിച്ചുവച്ചതെന്ന് ലീ പറഞ്ഞു. ഒക്ടോബര്‍ 24-നാണ് അദ്ദേഹം എടുത്ത ലോട്ടറിക്ക് 219 മില്യണ്‍ യുവാന്‍ അടിക്കുന്നത്. അതായത് ഏകദേശം 247 കോടി ഇന്ത്യൻ രൂപ. 5 മില്യണ്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ലീ അറിയിച്ചു.
ഒരു കാർട്ടൂൺ വേഷം ധരിച്ചു കൊണ്ടാണ് അദ്ദേഹം സമ്മാനത്തുക വാങ്ങാനെത്തിയത്. ആളാരാണെന്ന് പുറത്തറിയാതിരിക്കാൻ ലോട്ടറി വിജയികളാവുന്നവരൊക്കെ ഇത്തരത്തില്‍ വേഷങ്ങൾ ധരിച്ചെത്തുന്നത് ചൈനയിൽ സ്ഥിരം കാഴ്ചയാണ്. സ്പോര്‍ട്സിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ചൈന സര്‍ക്കാര്‍ ലോട്ടറി നടത്തുന്നത്.