ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റു
|പാവപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടിയാകും തന്റെ പോരാട്ടമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ലുല ഡ സിൽവ പറഞ്ഞു.
റിയോ ഡെ ജനീറോ: ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇടത് ആഭിമുഖ്യമുള്ള വർക്കേഴ്സ് പാർട്ടി നേതാവായ ലുല മൂന്നാം തവണയാണ് പ്രസിഡൻറ് പദത്തിലെത്തുന്നത്. 35 അംഗ മന്ത്രിസഭയിൽ 11 പേർ വനിതകളാണ്.
പാവപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടിയാകും തന്റെ പോരാട്ടമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ലുല ഡ സിൽവ പ്രഖ്യാപിച്ചു. ആമസോൺ മഴക്കാടുകൾ അടക്കമുള്ളവയുടെ സംരക്ഷണം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. തെരുവിൽ നിർത്തുന്ന വാഹനങ്ങളിൽ ആളുകൾ ഭിക്ഷയാചിക്കുന്നത് കാണുമ്പോൾ തന്റെ കണ്ണുകൾ നിറയുന്നതായി ലുല പറഞ്ഞു.
അതേസമയം, ലുല ഡ സിൽവയുടെ വിജയം അംഗീകരിക്കാത്ത വലതുപക്ഷ നേതാവും മുൻ പ്രസിഡന്റുമായ ജയിർ ബൊൽസനാരോ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിട്ടില്ല. ബൊൽസനാരോയും അനുയായികളും തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിട്ടില്ല. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലുല 50.8 ശതമാനം വോട്ട് നേടിപ്പോൾ ബൊൽസനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, ദുർബലമായ സമ്പദ്വ്യവസ്ഥ, ജനാധിപത്യ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ, ആമസോൺ വനനശീകരണം, ഗോത്ര വിഭാഗങ്ങളോടുള്ള അവഗണന തുടങ്ങിയ കാര്യങ്ങളാണ് ബൊൽസനാരോക്ക് തിരിച്ചടിയായത്.
ബ്രസീലിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാൻ 50 ശതമാനം വോട്ട് ലഭിക്കണം. ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും ഇത് ലഭിക്കാത്തതിനെ തുടർന്ന് കൂടുതൽ വോട്ട് ലഭിച്ച രണ്ടു സ്ഥാനാർഥികൾ മാത്രമായി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ബ്രസീലിൽ 2003 മുതൽ 2011 വരെ രണ്ടുതവണ പ്രസിഡന്റായ ലുല സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലൂന്നിയ നിരവധി പരിഷ്കാരങ്ങൾ അക്കാലത്ത് നടപ്പാക്കിയിരുന്നു.