യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിന് നൽകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സർവേ
|18 മുതൽ 24 വയസ് വരെ പ്രായമുള്ള അമേരിക്കക്കാരിൽ 51 ശതമാനവും അഭിപ്രായപ്പെട്ടത് ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിന് നൽകണമെന്നാണ്.
ന്യൂയോർക്ക്: യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിനെ ഏൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സർവേ ഫലം. ന്യൂയോർക്ക് പോസ്റ്റ് ആണ് ഹാർവാർഡ്-ഹാരിസ് പോളിങ് നടത്തിയ സർവേ ഫലം പ്രസിദ്ധീകരിച്ചത്. സർവേയിൽ പങ്കെടുത്ത 18 മുതൽ 24 വയസ് വരെ പ്രായമുള്ള അമേരിക്കക്കാരിൽ 51 ശതമാനവും അഭിപ്രായപ്പെട്ടത് ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഫലസ്തീനികൾക്കും ഹമാസിനും നൽകലാണ് പൂർണമായ പരിഹാരം എന്നാണ്.
32 ശതമാനം ആളുകൾ ദ്വിരാഷ്ട്ര ഫോർമുലയാണ് പരിഹാരമെന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം ആളുകൾ ഫലസ്തീൻ ജനതയെ അറബ് രാഷ്ട്രങ്ങൾ ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. 65 വയസിന് മുകളിലുള്ളവരിൽ നാല് ശതമാനം ആളുകൾ മാത്രമാണ് ഇസ്രായേലിനെ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ യുവതലമുറയിൽ ഭൂരിപക്ഷവും ഹമാസിനെയാണ് പിന്തുണച്ചത്.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം അടിച്ചമർത്തപ്പെട്ട ഫലസ്തീനികളുടെ പ്രതികരണമെന്ന നിലയിലാണ് കാണേണ്ടതെന്നാണ് യുവ അമേരിക്കക്കാർ അഭിപ്രായപ്പെട്ടത്. ഇസ്രായേലിലെ ജൂതന്മാരെ വംശഹത്യ നടത്താൻ ഹമാസ് ആഗ്രഹിക്കുന്നുവെന്ന് 18-24 പ്രായപരിധിയിലെ 58 ശതമാനം ആളുകൾ പറഞ്ഞു.
ഗസ്സക്കാർക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുകയാണോ അതോ സ്വയം പ്രതിരോധിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ 18-24 വയസ് പ്രായമുള്ള 60 ശതമാനം പേരും അഭിപ്രായപ്പെട്ടത് ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നാണ്. ഇസ്രായേൽ മർദകരാണെന്നാണ് ഇതേ പ്രായപരിധിയിലുള്ള 73 ശതമാനം പേരും പറയുന്നത്.