World
Malala Yousafzai working on new book, her ‘most personal’,latest world news,
World

'തീർത്തും വ്യക്തിപരം'; പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലെന്ന് മലാല യൂസഫ്സായി

Web Desk
|
18 April 2023 4:52 AM GMT

'ഞാൻ മലാല' എന്ന ആത്മകഥ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്

ന്യൂയോർക്ക്: നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി പുതിയ പുസ്തകമെഴുതുന്നു. മലാല തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ അസാധാരണമായ പരിവർത്തനങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ഇതുവരെയുള്ള ഏറ്റവും വ്യക്തിപരമായ പുസ്തകമാണിതെന്നും മലാല ട്വീറ്റ് ചെയ്തു.എന്നാൽ പുസ്തകത്തിന് ഇതുവരെ പേരിട്ടിട്ടില്ല. എന്ന് പുറത്തിറങ്ങുമെന്നുംതീരുമാനിച്ചിട്ടില്ല. ആട്രിയാ ബുക്‌സാണ് പ്രസാധകർ.

''ഞാൻ അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് അറിയിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്! കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി എന്റെ ജീവിതത്തില്‍ അസാധാരണമായ പരിവർത്തനങ്ങളാണ് ഉണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യം, പങ്കാളിത്തം, ആത്യന്തികമായി എന്നെത്തന്നെ കണ്ടെത്തുക. ഇതുവരെ എഴുതിയതിൽ എന്റെ ഏറ്റവും സ്വകാര്യമായ പുസ്തകമായിരിക്കും, നിങ്ങൾ ഇത് വായിക്കാനായി ഞാൻ കാത്തിരിക്കുകയാണ്.എന്റെ പതിനാറാം ജന്മദിനത്തിന് തൊട്ടുപിന്നാലെയാണ് 'ഞാൻ മലാല' പ്രസിദ്ധീകരിച്ചത്. ഈ ഒക്ടോബറിൽ ഒരു പതിറ്റാണ്ട് തികയും. യുഎസിലെ ആട്രിയാ ബുക്സ്, യുകെയിലെ വെയ്ഡൻഫെൽഡ് & നിക്കോൾസൺ എന്നിവരാണ് പ്രസാധകർ..''മലാല ട്വീറ്റ് ചെയ്തു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്നതിനിടയായിരുന്നു മലാലക്ക് വെടിയേൽക്കുന്നത്. താലിബാന്റെ ഭീകരരുടെ വെടിയേറ്റ മലാലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 2012 ഒക്ടോബർ ഒമ്പതിനായിരുന്നു സംഭവം. എന്നാൽ ജീവിതത്തിലേക്ക് തിരിച്ചുകയറി മലാല എഴുത്തിലൂടെയും ബ്ലോഗിലൂടെയും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.'ഞാൻ മലാല' എന്ന ആത്മകഥ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്.

17-ാം വയസിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനവും തേടിയെത്തി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് മലാല ബിരുദം നേടിയത്.

Similar Posts