World
കള്ളനാക്കിയവർക്കെതിരെ രണ്ടുവർഷത്തെ നിയമപോരാട്ടം; ആസ്‌ട്രേലിയൻ പൊലീസിനെ മുട്ടുകുത്തിച്ച് മലയാളി
World

കള്ളനാക്കിയവർക്കെതിരെ രണ്ടുവർഷത്തെ നിയമപോരാട്ടം; ആസ്‌ട്രേലിയൻ പൊലീസിനെ മുട്ടുകുത്തിച്ച് മലയാളി

Web Desk
|
26 Aug 2022 11:07 AM GMT

18 വർഷമായി ആസ്‌ട്രേലിയയിലെ മെൽബണിൽ കുടുംബസമേതം കഴിയുകയാണ് തൃശൂർ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്‍

സിഡ്‌നി: മോഷ്ടാവെന്ന് മുദ്രകുത്തി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പൊലീസ് ചിത്രസഹിതം പോസ്റ്റിട്ടു. സോഷ്യൽ മീഡിയയിലടക്കം വംശീയാധിക്ഷേപങ്ങളും അപമാനങ്ങളും കാരണം കുടുംബം കണ്ണീർവാർത്തു. നിയമം കാണിച്ച് പിടിച്ച് അകത്തിടാൻ നോക്കി. എന്നാൽ, കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പിൽ നടത്തിയ രണ്ടു വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ അതേ പൊലീസിനെക്കൊണ്ട് പരസ്യമായി മാപ്പുപറയിക്കുകയും നഷ്ടപരിഹാരം വാങ്ങുകയും ചെയ്തു അയാൾ.

പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിൽനിന്നുള്ള സംഭവമല്ല. ആസ്‌ട്രേലിയയിൽ ഒരു മലയാളി നടത്തിയ അസാമാന്യമായ നിയമപോരാട്ടത്തിന്റെ കഥയാണ്. 18 വർഷമായി ആസ്‌ട്രേലിയയിലെ മെൽബണിൽ കുടുംബസമേതം താമസിക്കുന്ന തൃശൂർ സ്വദേശി പൊങ്ങണംപറമ്പിൽ വീട്ടിൽ പ്രസന്നനാണ് ആസ്‌ട്രേലിയയിലെ പേരുകേട്ട വിക്ടോറിയ പൊലീസിനെതിരെ ഇങ്ങനെയൊരു നിയമപോരാട്ടം ജയിച്ചത്. മെൽബണിൽ ഒരു സർക്കാർ ആശുപത്രിയിൽ ഡോക്ടറാണ് പ്രസന്നൻ.

രണ്ടു വർഷം മുൻപ് 2020 മേയ് 19ന് ആസ്‌ട്രേലിയയിലെ പാക്കൻഹാം ടൗൺ ഏരിയയിലെ പൊലീസിന്റെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റായിരുന്നു എല്ലാത്തിനും തുടക്കം. ഇവിടെയൊരു മദ്യഷോപ്പിലെ മോഷണത്തിന്റെ വിവരവും പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോയായി ഡോ. പ്രസന്നന്റെ ചിത്രമായിരുന്നു ആ പോസ്റ്റിലുണ്ടായിരുന്നത്. ഒരു അവധി ആഘോഷത്തിനിടയിലാണ് ഇടിത്തീയായി ഇങ്ങനെയൊരു വാർത്ത പ്രസന്നന്റെ കുടുംബത്തിലെത്തിയത്.

ഇതേ കടയിൽനിന്ന് കുറച്ചുമുൻപ് മദ്യം വാങ്ങിയ വിവരം ഭാര്യ ഓർമിപ്പിച്ചു. മദ്യം വാങ്ങിയതിന്റെ ബില്ലും ഉണ്ടായിരുന്നു. മദ്യം വാങ്ങി പണം കൊടുത്തശേഷം കാറിൽ കയറിയപ്പോൾ വില എടുത്തത് കൂടുതലാണോ എന്ന സംശയമുണ്ടായി. അതു തീർക്കാൻ കൗണ്ടറിലേക്ക് തിരികെചെന്നു. കാര്യങ്ങൾ ഉറപ്പാക്കിയ ശേഷം മടങ്ങി. എന്നാൽ, ദിവസങ്ങൾക്കുശേഷമാണ് ഒരാൾ കൗണ്ടറിൽനിന്ന് കുപ്പിയെടുത്ത് ബില്ലടക്കാതെ പോയെന്ന് പൊലീസിൽ പരാതി നൽകിയത്. അധികം പരിശോധനയ്ക്കു നിൽക്കാതെ പ്രസന്നന്റെ ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു.

വിക്ടോറിയ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച ക്ഷമാപണ കുറിപ്പ്

വിക്ടോറിയ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച ക്ഷമാപണ കുറിപ്പ്

എന്നാൽ, മദ്യം വാങ്ങിയതിന്റെ ബിൽ കൈവശമുണ്ടെന്ന കാര്യം പ്രസന്നൻ പൊലീസിനെ അറിയിച്ചു. ഇതിന്റെ പ്രതിയും നൽകി. എന്നാൽ, ആദ്യം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാൻ പൊലീസ് തയാറായില്ല. മറ്റൊരു ദിവസം ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. വക്കീലിനും കുടുംബത്തോടുമൊപ്പം പോയപ്പോൾ പൊലീസ് വാഹനത്തിലിട്ട് ചോദ്യംചെയ്തു. ഒടുവിൽ പ്രതിയല്ലെന്ന് വ്യക്തമായെന്നു പറഞ്ഞ് പൊലീസിന്റെ അറിയിപ്പ് ലഭിച്ചു. എന്നാൽ, പ്രസന്നൻ അങ്ങനെ വിട്ടുകൊടുത്തില്ല. ആസ്‌ട്രേലിയയിലെ ഒബ്രിയൻ ക്രിമിനൽ ആൻഡ് സിവിൽ സോളിസിറ്റേഴ്‌സിന്റെ സഹായത്തോടെ താനും കുടുംബവും നേരിട്ട അപമാനത്തിന് കണക്കുതീർക്കാൻ പോരാട്ടം ആരംഭിച്ചു. രണ്ടുവർഷത്തിനൊടുവിൽ നഷ്ടപരിഹാരത്തിനും മറ്റ് ഉപാധികൾക്കും പൊലീസ് തയാറായി. ഒടുവിൽ ദിവസങ്ങൾക്കുമുൻപ് ആസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ് പൊലീസ് തന്നെ പരസ്യമായി സോഷ്യൽ മീഡിയയിൽ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുകയും ചെയ്തിരിക്കുകയാണ്.

നിയമപോരാട്ടത്തിന്റെ കഥ പ്രസന്നൻ ഇന്ന് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം.

ഓഗസ്റ്റ് 3 2022.

അന്ന് വൈകുന്നരം എനിക്ക് വന്ന ഫോൺ കാൾ

Stewart O'Connell ന്റേതായിരുന്നു. സ്റ്റീവാർട്ട് O'Brien Criminal & Civil Solicitors, Sydney എന്ന ലോ ഫേമിലെ അഭിഭാഷകൻ (oslicitor) ആണ്.

'പ്രസന്നൻ, താങ്കൾക്ക് ഇപ്പോൾ ഒരു ഇമെയിൽ കിട്ടിയിട്ടുണ്ടായിരിക്കും, വായിച്ച് നോക്കി സമ്മതമാണെങ്കിൽ നമ്മൾ ഈ കേസ് സെറ്റിൽ ചെയ്യുന്നു'

വായിച്ച് കഴിഞ്ഞ് ഞാൻ സ്റ്റീവാർട്ടിനെ തിരിച്ചു വിളിച്ചു.

'താങ്ക്‌സ് സ്റ്റീവാർട്ട്, താങ്കൾക്ക് എന്ത് തോന്നുന്നു?'

'ഇത് തീർച്ചയായും താങ്കളും കുടുംബവും നേരിട്ട അപമാനത്തിനും, അനുഭവിച്ച മാനസികവേദനക്കും കിട്ടാവുന്ന ഉചിതമായ സെറ്റിൽമെന്റ് ആണ് '

'ഓക്കേ സ്റ്റീവാർട്ട്, എനിക്ക് സമ്മതമാണ്'

'അപ്പോൾ നമ്മൾ മുന്നോട്ട് പോകുന്നു'

'യെസ്'

ഇവിടെ വാദി/ അന്യായക്കാരൻ (plaintiff) ഞാനാണ്. എതിർകക്ഷി (defendant) വിക്ടോറിയ പോലീസ് അഥവാ സ്റ്റേറ്റ് ഓഫ് വിക്ടോറിയ.

ഞാൻ കമ്പ്യൂട്ടർ അടച്ചുവെച്ച് കസേരയിലേക്ക് ചാരിയിരുന്നു. എന്തായിരുന്നു എന്റെ അന്യായം? അല്ലെങ്കിൽ സ്റ്റീവാർട്ട് പറഞ്ഞ അപമാനം? ഞാനും, നിഷയും കുക്കുവും അനുഭവിച്ച മാനസികവേദന?

മെയ് 16 2020.

ഞാനും ബിജുവും സജിയും സുനിയും, സതീഷും ഒരു വൈകുന്നേരം സൊറ പറയാൻ എന്റെ വീട്ടിൽ കൂടിയതാണ്. കോവിഡിന്റെ കർശന നിയന്ത്രണങ്ങൾ വന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. തമാശകളുടെ പൂത്തിരിയും, മത്താപ്പും കത്തിച്ച് ഞങ്ങളിരിക്കുമ്പോഴാണ് സുനിയുടെ വൈഫ് റീനയുടെ ഫോൺ നിഷയ്ക്ക് വരുന്നത്.

'നിഷ, ഞാനൊരു സ്‌ക്രീൻഷോട്ട് വാട്ട്‌സ്ആപ്പ് ചെയ്തിട്ടുണ്ട്, അതിൽ കാണുന്നത് പ്രസന്നനാണോ?'

നിഷ നോക്കി, അവൾക്ക് അതിന്റെ ഗൗരവം പെട്ടെന്ന് മനസ്സിലായില്ല.

'ആണല്ലോ?'

'നിഷ, കാര്യമിത്തിരി സീരിയസാണ്. ഞാനാ ഫേസ്ബുക്ക് പേജിന്റെ ലിങ്ക് അയച്ചുതരാം, പ്രസന്നനോടൊന്നു നോക്കാൻ പറയണേ'

ഞാനതു നോക്കിയതും കളിയും തമാശയും നിറഞ്ഞ അന്തരീക്ഷം പെട്ടെന്ന് സ്തബ്ധമായി. ചിരി പോയി. എല്ലാവരും ഒന്ന് ഞെട്ടി.

പാക്കൻഹാം (Pakenham) എന്ന ഞാൻ താമസിക്കുന്ന ടൗണിൽ ഒരു മോഷണം നടന്നിരിക്കുന്നു, അതുമായി ബന്ധപ്പെട്ടിട്ടുള്ള ആളുടെ ഫോട്ടോ താഴെ കൊടുത്തിരിക്കുന്നു, ഇയാളെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ ഉടൻ പോലീസിൽ അറിയിക്കുക എന്നതാണ് ടൌൺ ഏരിയ പോലീസിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്, അതിൽ കൊടുത്തിരിക്കുന്നത് എന്റെ ഫോട്ടോ.

ആദ്യം ഞാൻ വിചാരിച്ചു, പൊലീസിന് തെറ്റുപറ്റിയതായിരിക്കും കാരണം ഞാൻ ഒരു കളവും നടത്തിയിട്ടില്ല.

ഞാൻ വീണ്ടും വീണ്ടും ആ ഫോട്ടോ നോക്കി,

ബാക് ഗ്രൗണ്ടിൽ ഡാൻ മർഫി (Dan Murphy) എന്ന ലിക്കർ ഷോപ്പിന്റെ കാഷ് കൗണ്ടർ ആണെന്ന് എനിക്ക് മനസ്സിലായി. എന്റെ കൈയിൽ ഒരു ബോട്ടിലുമുണ്ട്.

'കഴിഞ്ഞ മാസം നമ്മളോരുമിച്ച് അവിടെ പോയിരുന്നു' നിഷ പെട്ടെന്ന് ഓർത്തു. ശരിയാണ്. ഒരു കോക്റ്റൈൽ ഉണ്ടാക്കാമെന്ന് പറഞ്ഞ് പോയി ഒരു കുപ്പി റം മേടിച്ചിരുന്നു. റം സാധാരണ ഞാൻ കഴിക്കുന്നതല്ല. അതുകൊണ്ടാണ് അവളത് ഓർത്തത്. ഞങ്ങൾ ഓടി പോയി കാറിൽ നോക്കി. ഡോറിന്റെ സൈഡിൽ റെസിപ്റ്റ് ഇടുന്ന പതിവുണ്ട്. അതിൽ കിടന്നിരുന്ന രണ്ട് റെസീപ്റ്റ്‌സിൽ ഒന്ന് റം മേടിച്ചതിന്റെ ആയിരുന്നു.

ഒരു ആശ്വാസം ആയി.

എന്നാലും ഈ പോസ്റ്റിന്റെ ഉദ്ദേശം എന്തായിരിക്കും?

ഞാൻ ഉടനെ ക്രൈം സ്റ്റോപ്പേഴ്‌സിന്റെ നമ്പറിൽ വിളിച്ചു.

'നോക്കൂ, ഒരു കളവ് ചെയ്തു എന്ന് തോന്നിപ്പിക്കും വിധം എന്റെ ഫോട്ടോ പോലീസിന്റെ FB പേജിൽ വന്നിരിക്കുന്നു. എനിക്കുറപ്പാണ് ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല.'

'അത് നാളെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പറഞ്ഞാൽ മതി. അവർ വേണ്ടത് ചെയ്തു തരും' വളരെ ഈസിയായിട്ടാണ് ഓഫീസർ സംസാരിച്ചത്.

ഞാൻ പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു, 'ഞാനിപ്പോൾ തന്നെ വരാം.'

'വേണ്ട, നാളെ കാലത്ത് പത്ത് മണിക്ക് വന്നാൽ മതി. നിങ്ങൾ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ പേടിക്കേണ്ട കാര്യമില്ല'

ആ ചെറിയ സമാധാനത്തിൽ കൂട്ടുകാർ പോയി. എനിക്കും, നിഷക്കും കുക്കുവിനും അസമാധാനത്തിന്റെ രാത്രിയായിരുന്നു അത്.

കാലത്ത് എണീറ്റപ്പോൾ എനിക്ക് ചെറിയൊരു ഭീതി. ആരോ എനിക്കെതിരെ മനപ്പൂർവം നീങ്ങിയിട്ടുണ്ടോ എന്ന്? ശത്രു എന്ന് പറയാൻ ആരും ഓർമ്മയിലില്ല.

പോലീസ് സ്റ്റേഷനിൽ പോകും മുമ്പ് എനിക്ക് ഒരു സപ്പോർട്ട് വേണം. ലോകത്തെവിടെ ആയാലും പോലീസുകാർക്ക് ഒരു പൊതുസ്വഭാവമുണ്ട്, തങ്ങൾ ചെയ്തതത് ശരിയാണെന്ന് തെളിയിക്കാൻ അവർ ഏതറ്റവും പോകും.

ഞാൻ പരിചയമുള്ള ഒരു ലോയറെ വിളിച്ചു. 'റെസിപ്പ്റ്റിന്റെ ഒറിജിനൽ പൊലീസിന് കൊടുക്കരുത്, ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രമേ കൊടുക്കാവൂ, ഇപ്പോഴുണ്ടായ സംഗതിയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും സംസാരിക്കരുത്' എന്നീ മുൻകരുതൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

ഞാനും നിഷയും കൂടെ പോലീസ് സ്റ്റേഷനിൽ പോയി. വളരെ ചെറുപ്പക്കാരനായ പോലീസ് ഓഫീസർ ആയിരുന്നു റിസപ്ക്ഷനിൽ.

'ബന്ധപ്പെട്ട ഓഫീസർ ഇന്നില്ല. വരുമ്പോൾ നിങ്ങളെ കോൺടാക്ട് ചെയ്യും. അപ്പോൾ വന്നാൽ മതി'

'നോക്കൂ, എനിക്ക് ജോലിയുണ്ട്, നിങ്ങൾ വിളിച്ച ഉടനെ എനിക്ക് വരാൻ പറ്റിയെന്ന് വരില്ല. വിളിച്ച് ചോദിച്ചിട്ടാണ് ഞാൻ വന്നത്'

'ഓഫീസർ നിങ്ങൾക്ക് ആവശ്യത്തിന് സമയം തരും, എന്നിട്ടും വന്നില്ലെങ്കിലേ നിങ്ങളെ അറസ്റ്റ് ചെയ്യൂ' അയാൾ ഒരു വികാരവും ഇല്ലാതെ പറയുകയാണ്.

അറസ്റ്റ് എന്ന് കേട്ടപ്പോൾ പേടി തോന്നിയെങ്കിലും ഞാനത് കാണിച്ചില്ല.

'എന്റെ ഐഡന്റിറ്റി നിങ്ങൾക്ക് കിട്ടി. എങ്കിൽ പിന്നെ FB പോസ്റ്റ് പിൻവലിച്ച് കൂടെ?'

'അത് അതിന്റെ ചട്ടപ്രകാരം പിൻവലിക്കും'

'ഇപ്പോൾ തന്നെ വളരെ മോശം കമന്റ്‌സ് വന്നു കഴിഞ്ഞു. അത് എനിക്കും, എന്റെ കുടുംബത്തിനും ഉണ്ടാക്കുന്ന ഇൻസൾട്ട് വളരെ വലുതാണ്. എന്റെ പ്രൊഫഷനെ അത് ബാധിക്കും'

'നിങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് പേടിക്കുന്നത്?'

അയാളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. ഞാൻ വീട്ടിൽ വന്ന് ക്രൈം സ്റ്റോപ്പേഴ്‌സ് നമ്പറിൽ വിളിച്ച് കാര്യങ്ങൾ വീണ്ടും വിശദീകരിച്ചു.

'ആളെ കിട്ടിയ നിലക്ക് നിങ്ങൾ FB പോസ്റ്റ് പിൻവലിക്കണം'

പ്രതികരണം അത്ര പോസിറ്റിവ് ആയിരുന്നില്ലെങ്കിലും ഉച്ചയായപ്പോഴേക്കും പോസ്റ്റ് അപ്രത്യക്ഷമായി.

ഒരു പാട് ഉത്കണ്ഠകൾ, ഡോക്ടർ എന്ന നിലയിലുള്ള എന്റെ രജിസ്‌ട്രേഷൻ, പ്രൊഫഷണൽ സ്റ്റാറ്റസ്, പേര്, മാനം......., എന്നാലും അതൊന്നും എന്നെ കീഴ്‌പെടുത്താൻ ഞാൻ അനുവദിച്ചില്ല.

I will fight, ഞാനത് തീരുമാനിച്ചിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോൾ സ്റ്റേഷനിൽ വരാൻ എനിക്ക് ഇമെയിൽ വന്നു. എന്റെ സൗകര്യവും നോക്കിയിട്ടാണ് ശനിയാഴ്ച നിശ്ചയിച്ചതെന്നും അതിലുണ്ടായിരുന്നു.

ഒരു വീട് മുഴുവൻ കൊള്ളയടിക്കപ്പെട്ട് സ്റ്റേഷനിൽ ചെന്നാൽ, ആദ്യം ചോദിക്കുക വീട്ടിലെ സാധനങ്ങൾ ഇൻഷുർ ചെയ്തിട്ടുണ്ടായിരുന്നില്ലേ എന്നാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. കൊലപാതകം ഉൾപ്പെടാത്ത എത്രയോ റസിഡൻഷ്യൽ കളവുകൾ കൃത്യമായ അന്വേഷണമില്ലാതെ പോയിരിക്കുന്നു എന്നിരിക്കെയാണ് പേയ്മെന്റ് നടത്തിയതിന് തെളിവുള്ള 50 ഡോളറിന്റെ പർച്ചെയ്‌സ് ആസൂത്രിതമായ theft ആയി മാറ്റിയിരിക്കുന്നത്.

ഇതിന് പിന്നിൽ എന്തോ ഉണ്ട്, ഞാൻ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

എല്ലാ വിധ worst scenarios വും ഞാൻ മുന്നിൽ കണ്ടു.

ഞാൻ ലോയറെ സമീപിച്ചു, 'I have osme concerns, പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ ഐ ഷുഡ് ബി വിത്ത് എ ലോയർ. താങ്കൾക്ക് എന്നെ സഹായിക്കുമോ?'

അയാൾ ഒരു ജൂനിയറിനെ അയച്ചു. എന്നെ ഒറ്റക്ക് വിടാൻ സമാധാനമില്ലാത്തതുകൊണ്ട് നിഷയും കുക്കുവും കൂടെ വന്നു.

24 മെയ് 2020.

10 മണിക്ക് ഞങ്ങൾ പോലീസ് സ്റ്റേഷനിലെത്തി.

Good evening Friday! (True story) ഓഗസ്റ്റ് 3 2022. അന്ന് വൈകുന്നരം എനിക്ക് വന്ന ഫോൺ കാൾ Stewart O'Connell...

Posted by Prasannan Ponganamparambile on Friday, August 26, 2022

ഒരു വലിയ ബാങ്ക് കവർച്ച നടത്തിയ പ്രതി കീഴടങ്ങാൻ വന്നിരിക്കുന്നു എന്ന മട്ടിലായിരുന്നു അവിടത്തെ അന്തരീക്ഷം.

ആദ്യം ലോയറിനെ എന്റെ കൂടെ നിൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു കർശന നിലപാട്. അങ്ങനെയെങ്കിൽ ആ നിയമം കാണിക്കണമെന്ന് ലോയർ ആവശ്യപ്പെട്ടപ്പോൾ അവരതിൽ നിന്ന് പിൻവാങ്ങി. എന്നെ ഫോർമലി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം, എതിർത്താൽ ബലം പ്രയോഗിക്കേണ്ടി വരുമെന്നായി അടുത്ത പ്രഖ്യാപനം. പോലീസിന്റെ രീതിക്ക് തല്ക്കാലം വഴങ്ങുകയാണ് നല്ലതെന്നായിരുന്നു ലോയരുടെ ഉപദേശം.

വിലങ്ങണിയിച്ചില്ല, പകരം അവർ എന്നോട് പോലിസ് വാനിന്റെ പിന്നിലുള്ള കുടുസ് ഷെല്ലിൽ കയറാൻ ആവശ്യപ്പെട്ടു. ഒരു കള്ളനാണെന്ന തോന്നലുണ്ടാക്കി എന്നെ തളർത്തുക എന്നതാണോ അവരുടെ ഉദ്ദേശ്യമെന്ന് എനിക്ക് തോന്നി.

കുറച്ചകലെ നിന്നിരുന്ന നിഷയും, കുക്കുവും ഇത് കണ്ട് പേടിച്ചിരിക്കണം. എന്നെ എവിടേക്കാണോ കൊണ്ടുപോകുന്നത് എന്ന് വിചാരിച്ച് നിഷ ഓടി പോലീസുകാരുടെ അടുത്തേക്ക് വന്നിട്ടുണ്ടാകണം.

'നതിങ് റ്റു വറി. ഞങ്ങൾ പ്രസന്നനെ ചോദ്യം ചെയ്യാൻ കൊണ്ട് പോകുകയാണ്' പോലീസുകാരൻ പറയുന്നത് വാനിന്റെ പിന്നിലിരുന്ന് ഞാൻ കേട്ടു.

സ്റ്റേഷന്റെ മുൻവാതിലിലൂടെ കയറി ചോദ്യം ചെയ്യൽ റൂമിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്റ്റേഷന്റെ പിൻവശത്തെ ഗേറ്റിലേക്ക് എത്തുന്ന റോഡിലൂടെയാണ് വാനിലിരുത്തി അവർ എന്നെ കൊണ്ട് പോയത്. ദേഹപരിശോധന മുതലായ ഡെക്കറേഷൻ കൂടെ കഴിഞ്ഞാണ് കനത്ത ഇന്റെർറോഗേഷൻ മുറി എനിക്ക് മുന്നിൽ തുറന്നത്.

ലൈവ് വീഡിയോ റെക്കോർഡിങ് ഉണ്ടെന്നുള്ള മുന്നറിയിപ്പ് വന്നു. ഇനിയും തെളിയാത്ത ഒരു ഇന്റർനാഷണൽ മൾട്ടിഡോളർ റോബറിയുടെ സൂത്രധാരനാണോ ഞാനെന്ന തോന്നലിൽ ഞാൻ തളരേണ്ടതായിരുന്നു. ഒരു ഭാവഭേദവും മുഖത്ത് വരാതെ ഞാൻ പരമാവധി നോക്കി. രണ്ട് പോലീസ് ഓഫീസേർസ് മുന്നിലിരുന്നു. ഞാനും ലോയരും വിശാലമായ മേശയുടെ ഇപ്പുറവും. മുകളിൽ ക്യാമറകളും.

പോലീസ് എനിക്ക് മുന്നിലേക്ക് വെച്ച CCTV സ്റ്റിൽ ഫോട്ടോസ് കണ്ടപ്പോഴാണ് ഉണ്ടായ സംഭവമെന്തെന്ന് ഞാൻ ഊഹിച്ചത്.

04/04/2020: അന്ന് ബോട്ടിലും വാങ്ങി കാശും കൊടുത്ത് പുറത്ത് വന്ന് കാറിൽ കയറിയപ്പോൾ എനിക്കൊരു സംശയം, ബില്ലിൽ കാശ് കൂടുതാലാണോയെന്ന്. നിഷ പറഞ്ഞു, 'ചോദിച്ചിട്ട് പോകാം' അവൾ കാർ തിരിച്ചു.

കൗണ്ടറിന് മുന്നിലെ ലൈനിൽ നിന്ന് എന്റെ ടേൺ ആയപ്പോൾ കുപ്പി ക്യാഷിൽ നിൽക്കുന്ന സ്റ്റാഫിന് കൊടുത്ത്, 'ഇത് ഞാനിപ്പം മേടിച്ചതാണ്, വില കൺഫേം ചെയ്യണം' എന്ന് പറഞ്ഞു. അയാൾ ചെക്ക് ചെയ്ത് വില പറഞ്ഞു. ശരിയാണ്, ബില്ലിലെ വില തന്നെയാണ്.

അവൻ കൗണ്ടറിന്റെ സൈഡിലേക്ക് വെച്ച ബോട്ടിലെടുത്ത് ഞാൻ പോന്നു. ആ സമയത്തെ CCTV ദൃശ്യങ്ങളെടുത്താണ് ഞാൻ പേയ്‌മെന്റ്‌റ് ചെയ്യാതെ ബോട്ടിലുമെടുത്ത് പോന്നുവെന്ന നിഗമനത്തിൽ ഡാൻ മർഫിക്കാർ പോലീസിൽ കപ്ലയ്ന്റ് ചെയ്തിരിക്കുന്നത്. അത് കണ്ട മാത്രയിൽ കളവ് നടന്നിട്ടുണ്ടെന്ന് പോലീസ് അനുമാനിച്ചു.

ഷോപ്പിലുള്ള ഐറ്റംസ് ചെക്ക് ചെയ്യാതെ, അന്നത്തെ വരുമാനവുമായി ഒത്ത് നോക്കാതെയാണ് ഡാൻ മർഫി മാനേജർ പൊലീസിലേക്ക് കളവ് റിപ്പോർട്ട് ചെയ്തത്.

പോലീസ് ആണെങ്കിൽ ഒരു തുടർ അന്വേഷണത്തിനും മുതിരാതെ എന്നെ കള്ളനായി മുദ്ര കുത്തി.

പോലീസ് കാണിച്ച ഫോട്ടോസിൽ പലതിലും എന്റെ കൈയിൽ റസീപ്റ്റ് ഇരിക്കുന്നതായി കാണാമായിരുന്നു. എന്നിട്ട് പോലും റസീപ്റ്റ് കാണിക്കാൻ അവർ ആവശ്യപ്പെട്ടതേയില്ല.

ഏതാണ്ട് ഒരു മണിക്കൂർ നേരമായിരുന്നു ഗ്രില്ലിങ്ങ്, ചോദ്യം ചെയ്യലിന് വീരപരാക്രമചക്രം ബഹുമതി ഉണ്ടായിരുന്നെങ്കിൽ അത് ആ ഓഫീസർമാർക്ക് കിട്ടുമായിരുന്നു. ഫിംഗർപ്രിന്റ്, വിവിധ പോസിലുള്ള ഫോട്ടോ ഇത്യാദി കാര്യക്രമങ്ങൾ അന്താരാഷ്ട്ര ഗൗരവത്തിൽ തന്നെ പൂർത്തിയാക്കി.

'ഇനിയുമുള്ള തെളിവ് ശേഖരണത്തിന് ശേഷം FIR ഇടണോന്ന് തീരുമാനിക്കും, അതിനാൽ പ്രസന്നൻ തൽക്കാലം സ്വതന്ത്രനാണ്' എന്ന അനൗൺസ്മെന്റുമായി മുഖ്യപോലീസ്‌കാരൻ വന്നു.

ജൂനിയർ ലോയറിനെ കൊണ്ട് എനിക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല.

അപമാനിക്കപ്പെട്ടു എന്ന വേദന മനസ്സിൽ കിടന്ന് എരിയുമ്പോഴും കൂളായി, ജീവിതം സാധാരണ പോലെത്തന്നെ മുന്നോട്ട് പോയി.

പിന്നീടുള്ള ഒരാഴ്ച നീണ്ട ലോയറുടെ ഇമെയിൽ കമ്മ്യൂണിക്കേഷന് ഒടുവിൽ, പോലീസ് ഏറ്റവും ആദ്യം ചെയ്യേണ്ടിയിരുന്ന നടപടിയിലേക്കെത്തി.

'Please email the copy of the receipt of purchase'

ലോയർ റസീപ്റ്റ് അയച്ചു കൊടുത്തു.

അത് കഴിഞ്ഞ് ഒരാഴ്ച്ചയെടുത്തു.

'Your client Prasannan is exonerated , ഇനി പ്രസന്നനെതിരെ ഒരു നടപടിയും ഉണ്ടാവില്ല' എന്റെ ലോയർക്ക് പോലീസിന്റെ ഇമെയിൽ.

ഇല്ലാത്ത കുറ്റം ആരോപിച്ച്, അപമാനിക്കാവുന്നതിന്റെ, മാനസികമായി പീഡിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ചിട്ട് അവരെന്നെ കുറ്റവിമുക്തനാക്കിയിരിക്കുന്നു.

ഞാൻ തീരുമാനിച്ചു, ഇത് ഇങ്ങിനെ വിട്ടാൽ പറ്റില്ല.

'ഇത്രയും ആയ നിലക്ക് ഇനി പോലീസിനെതിരെ പോകണോ?' ലോയർ ചോദിച്ചു.

ഞാൻ ഫീസ് കൊടുത്ത് ലോയറോട് ഗുഡ് ബൈ പറഞ്ഞു.

പിന്നെ ആയിരുന്നു എന്റെ റിയൽ ഹാർഡ് വർക്ക്.

വിവരാവകാശ കമ്മീഷൻ വഴി പോലീസ് നടപടികളുടെ മുഴുവൻ രേഖകളും സ്റ്റേഷനിൽ നിന്ന് ശേഖരിച്ചു. ഷോപ്പിലെ CCTV യിൽ നിന്ന് എന്റെ കാറിന്റെ നമ്പർ കിട്ടിയിട്ടും ഉടമസ്ഥൻ ആരെന്ന് തിരയാതെയാണ് എന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടതെന്നുള്ളതിനുള്ള തെളിവും അതിലുണ്ടായിരുന്നു.

ഒപ്പം വെസ്റ്റേൺ വേൾഡിൽ എവിടെയെങ്കിലും ഇത്തരം പോലീസ് സംഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് ഞാൻ ഇന്റർനെറ്റിൽ അടിമുടി തിരഞ്ഞു. സൈബർലോകത്ത് കിട്ടാവുന്ന ഓസ്ട്രേലിയയിലെ ഡിഫമേഷൻ ലോയേഴ്സിന്റെ പ്രൊഫൈലുകൾ മുഴുവൻ ഇൻ ഡെപ്ത്ത് ഞാൻ വായിച്ചു .

അതിതീവ്രമായ സൈബർ പര്യവേക്ഷണത്തിനെടുവിൽ Stewart O'Connell സീനിലേക്ക് വന്നു..

17 ജൂലൈ 2020.

എനിക്ക് വെകുന്നേരം സ്റ്റീവാർട്ടിന്റെ ഇമെയിൽ വന്നു.

'പ്രസന്നൻ അയച്ച വിവരങ്ങൾ ഞങ്ങൾ വിശദമായി തന്നെ പഠിച്ചു. ഇതൊരു genuine case ആണ്. ഞങ്ങളേറ്റ് എടുക്കുന്നു with no upfront fee'

പിന്നെയൊരു രണ്ട് വർഷക്കാലം,

സ്റ്റീവാർട്ടും ടീമും എനിക്ക് വേണ്ടി നടത്തിയ നിയമപോരാട്ടമായിരുന്നു. മാധ്യമങ്ങളിൽ വിശദമായ റിപ്പോർട്ടുകൾ വന്നു.

'ഇല്ലാത്ത കളവിന്റെ പേരിൽ അപമാനിക്കപ്പെട്ട ഡോക്ടർ പ്രസന്നൻ പൊങ്ങണംപറമ്പിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുന്നു' ഓസ്ട്രേലിയൻ മീഡിയ അറിഞ്ഞോ അറിയാതെയോ കൂടെ നിന്നു.

കിട്ടാവുന്നതിൽ വെച്ച് ഒരു നല്ല സെറ്റിൽമെന്റിന് ഞാൻ സമ്മതിച്ചു. ഇവിടെ ചെയ്യാവുന്നത് പോലീസ് തന്ന letter of apology പ്രസിദ്ധീകരിക്കുക എന്നതാണ്.

എന്താവുമെന്ന് ഒരു രൂപവുമില്ലാതെ, എന്നാൽ എന്തെങ്കിലുമാക്കിയിട്ടേ അടങ്ങൂ എന്ന് തീരുമാനിച്ചിറങ്ങിയ എനിക്ക് നിയമത്തിന്റേതായ പോംവഴി കാണിച്ചു തന്ന സ്റ്റീവാർട്ടിനും, O'Brien Criminal & Civil Solicitors നും നന്ദി പറയുന്നു.

എനിക്ക് വേണ്ടി ഏറ്റവും ശക്തമായ ഭാഷയിൽ പോലീസ് മിനിസ്റ്ററോടും പോലീസ് ചീഫിനോടും പ്രതിഷേധം അറിയിച്ച മെമ്പർ ഓഫ് പാര്‌ലമെന്റ് ആയിരുന്ന Mr Edward John O'Donohue ഈ യാത്രയിൽ എനിക്ക് പകർന്ന കരുത്ത് പറഞ്ഞറിയിക്കാനാവാത്തതാണ്.

ഒപ്പം കൂടെ തന്ന എല്ലാ സുഹൃത്തുക്കളോടും, വാർത്ത കണ്ട് എന്നെ തേടിപ്പിടിച്ച് പിന്തുണ അറിയിച്ച അജ്ഞാതരോടും, പിന്നെ കട്ടക്ക് നിന്ന എന്റെ കൂട്ടുകാരി നിഷയോടും, മകൾ കുക്കുവിനോടുമുള്ള എന്റെ കടപ്പാട് ഓർമ്മിക്കുകയും ചെയ്യുന്നു.

ചെയ്ത തെറ്റ് സമ്മതിക്കുകയും, താമസിച്ചിട്ടാണെങ്കിലും അത് ഒരാളുടെ ജീവിതത്തിലുണ്ടാക്കിയ മുറിവ് തിരിച്ചറിയുകയും, തിരുത്തൽ നടപടികളെടുക്കുകയും ചെയ്ത വിക്ടോറിയ പോലീസ് ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗരൂകരാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എനിക്ക് കിട്ടിയ നീതി ലോകത്ത് ഒരു പാട് പേർക്ക് കിട്ടാതെ പോയിട്ടുണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്. അവർക്ക് വേണ്ടി ഞാനിത് സമർപ്പിക്കുന്നു.

Cheers!

Summary: Malayali doctor, Dr. Prasannan Ponganamparambile, won a legal battle against the Victoria Police in Australia

Similar Posts