World
കോവിഡ് തീര്‍ത്ത അകലങ്ങള്‍ക്കിടയിലും പെരുന്നാള്‍  ആഘോഷിച്ച് കാനഡയിലെ മലയാളി സമൂഹം
World

കോവിഡ് തീര്‍ത്ത അകലങ്ങള്‍ക്കിടയിലും പെരുന്നാള്‍ ആഘോഷിച്ച് കാനഡയിലെ മലയാളി സമൂഹം

Web Desk
|
24 July 2021 11:40 AM GMT

കോവിഡ് മാനദണ്ഡം പാലിച്ച് കാറുകൾക്കിടയിൽ നിശ്ചിത അകലം പാലിച്ചായിരുന്നു ഈദ് പ്രാർഥന നടന്നത്. കനേഡിയന്‍ പാർലമെന്റ് അംഗം റൂഡി കുസറ്റോ മുഖ്യക്ഷണിതാവായിരുന്നു

മഹാമാരി തീര്‍ത്ത അകല്‍ച്ചയുടെ നീണ്ടനാളുകള്‍ക്കൊടുവില്‍ അവര്‍ ഒരിക്കല്‍കൂടി ഒന്നിച്ചിരുന്നു.. സൗഹൃദവും സ്നേഹവും പങ്കിട്ടു. കളിക്കൂട്ടുകാരെ കണ്ടപ്പോള്‍ ദീര്‍ഘനാളായി പറയാന്‍ വെമ്പിനിന്ന കഥകളുടെ കെട്ടഴിച്ചു കുഞ്ഞുങ്ങള്‍. ബലിപെരുന്നാളിനോടനുബന്ധിച്ച് കാനഡയിലെ മലയാളി മുസ്‍ലിം സമൂഹം സംഘടിപ്പിച്ച ഈദ് ആഘോഷമാണ് കോവിഡ്കാലത്തെ ആശ്വാസവേദിയായത്.

മലയാളി മുസ്‍ലിം അസോസിയേഷൻ ഓഫ് കാനഡ(എം-മാക്)യാണ് ബലിപെരുന്നാള്‍ ദിനത്തില്‍ 'ഡ്രൈവ് ത്രൂ ഈദ് ഗാഹും' പഴയകാല പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്. എല്ലാവരും സ്വന്തം വീടുകളിൽ ഒതുങ്ങിക്കഴിയാൻ നിർബന്ധിതരായ മഹാമാരിക്കാലത്തിനിടെ അകലം പാലിച്ചെങ്കിലും ഒത്തുകൂടാൻ കഴിഞ്ഞതിന്റെ ആഹ്ലാദവും സന്തോഷവും എല്ലാവരുടെ മുഖങ്ങളിലും പ്രകടമായിരുന്നു.


ഈദ് പ്രാർഥനയ്ക്കും ഖുതുബയ്ക്കും ഇമാം സുലൈമാൻ ദാവൂദ് നേതൃത്വം നൽകി. കോവിഡ് മാനദണ്ഡം പാലിച്ച് കാറുകൾക്കിടയിൽ നിശ്ചിത അകലം പാലിച്ചായിരുന്നു ഈദ് പ്രാർഥന. പാർലമെന്റ് അംഗം റൂഡി കുസറ്റോ പരിപാടിയിൽ മുഖ്യക്ഷണിതാവായിരുന്നു.


കാനഡയിലെ വിവിധ മലയാളി മുസ്‌ലിം സംഘടനകളുടെ മുൻകാല പ്രവർത്തകർക്ക് റൂഡി കുസറ്റോ മൊമെന്റോ വിതരണം ചെയ്തു. സെന്റ് ജോർജിയസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിലെ ഫാദർ ബ്ലെസ്സൻ വർഗീസ് ഈദാശംസകൾ നേർന്നു.


എം-മാക് പ്രസിഡന്റ് ഫാത്തിമ ഫെബി റൂഡി കുസീറ്റോ എംപിയ്ക്ക് മൊമെന്റോ കൈമാറി. എം-മാക് എജ്യുക്കേഷൻ ആൻഡ് കരിയർ ഗൈഡൻസ് വൈസ് പ്രസിഡന്റ് ആദിൽ സൽമാൻ സംസാരിച്ചു.

Similar Posts