ഇത്തവണയും ഇന്ത്യയിലേക്കില്ല: മാലദ്വീപ് പ്രസിഡന്‍റിന്‍റെ ചൈനാ സന്ദർശനം ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ
|മാലദ്വീപ് പ്രസിഡന്റ് സന്ദർശിക്കുന്ന ആദ്യരാജ്യം ഇന്ത്യയാവണമെന്ന കീഴ്വഴക്കം തെറ്റിച്ചാണ് മുയിസു തുർക്കി സന്ദർശിച്ചത്
മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ചൈനാ സന്ദർശനം ഇന്ന് ആരംഭിക്കും. പ്രസിഡന്റുമാരുടെ ആദ്യ സന്ദർശനം ഇന്ത്യയിലേക്കെന്ന കീഴ്വഴക്കം തെറ്റിച്ചാണ് ഇത്തവണത്തെ യാത്ര. ചൈനയുമായുള്ള മാലദ്വീപ് ബന്ധം ജാഗ്രതയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്ത് മാലദ്വീപിലെ ഇന്ത്യൻ സൈനികരെ തിരികെവിളിക്കുമെന്ന വാഗ്ദാനത്തോടെയാണ് മുയിസു തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ഇതോടെയാണ് ഇന്ത്യയുടെ ഉറ്റതോഴനായ മാലിദ്വീപിനെ ചൈന വിഴുങ്ങുന്നെന്ന തിരിച്ചറിവ് ഉണ്ടാവുന്നത്.
കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകാരനായ മുയിസു അധികാരമേറ്റത് നവംബർ 17നാണ്. മാലദ്വീപ് പ്രസിഡന്റ് സന്ദർശിക്കുന്ന ആദ്യരാജ്യം ഇന്ത്യയാവണമെന്ന കീഴ്വഴക്കം തെറ്റിച്ചാണ് മുയിസു തുർക്കി സന്ദർശിച്ചത്. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യുഎഇ സന്ദർശനമാണ് രണ്ടാമത്. മൂന്നാമതും ഇന്ത്യയില്ല, പകരം ചൈന.യുഎഇയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടത്തിയെങ്കിലും മാലദ്വീപിലെ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. ഇതോടെയാണ് കടുത്ത ഇന്ത്യാ വിരോധിയും ചൈനീസ് പക്ഷക്കാരനുമായ അബ്ദുല്ല യമീനെക്കാളും ഇന്ത്യാവിരോധമാണ് മുയിസുവിനെന്നാണ് വിലയിരുത്തലുണ്ടായത്. രണ്ടാഴ്ച മുന്‍പ് മൗറീഷ്യസിൽ നടന്ന സമുദ്രസുരക്ഷാ സമ്മേളനത്തിൽ മാലദ്വീപ് പങ്കെടുത്തില്ല.
അഞ്ചുവർഷം മുന്‍പ് ഒപ്പിട്ട ഇന്ത്യയുമായുള്ള സമുദ്രപര്യവേക്ഷണ കരാർ മാലിദ്വീപ് അവസാനിപ്പിച്ചക്കാനും സാധ്യതയുണ്ട്.രാജ്യാന്തര നാണയ നിധിയുടെറിപ്പോർട്ട് പ്രകാരം 1.3 ബില്യൺ ഡോളറാണ് ചൈന മാലദ്വീപിന് കടമായി നൽകിയിട്ടുള്ളത്. അതേസമയം, മാലദ്വീപിന്റെ ചൈനീസ് ബന്ധത്തെ കനത്ത ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. മാലദ്വീപും വരുതിയിലാക്കിയാൽ മൂന്നുഭാഗവും ചൈനയാൽ ചുറ്റപ്പെട്ട അവസ്ഥയാകും ഇന്ത്യക്ക്. അതേസമയം, നിലപാട് മാലദ്വീപ് തീരുമാനിക്കട്ടെ എന്നാണ് ഇന്ത്യയുടെ നിലപാട്.