ഇന്ത്യ നൽകിയ ഹെലികോപ്റ്ററിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് മാലദ്വീപ്
|ഹെലികോപ്റ്ററിൻ്റെ പ്രവർത്തിപ്പിക്കൽ ഇന്ത്യൻ സിവിലിയൻ വൈമാനികർ തന്നെ നിർവഹിക്കും
മാലദ്വീപ്: മാലദ്വീപിൽ നിന്നും ഇന്ത്യൻസേനയെ പുറത്താക്കാനുള്ള നടപടിക്ക് പിന്നാലെ ഇന്ത്യ നൽകിയ ഹെലികോപ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ദ്വീപ് ഭരണകൂടം. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിൽ നിന്നുള്ള സൈനികേതര സിവിലിയൻ വൈമാനികർ ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കാനായി മാലദ്വീപിൽ എത്തിയത്. ഹെലികോപ്റ്റർ മാലദ്വീപിന്റെ കീഴിലാണെങ്കിലും പ്രവർത്തിപ്പിക്കുക ഇന്ത്യൻ വൈമാനികർ തന്നെയായിരിക്കും.
മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പൂർണമായും പിൻവലിക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സിന്റെ (എംഎൻഡിഎഫ്) പ്ലാൻസ്, പോളിസി, റിസോഴ്സ് മാനേജ്മെന്റ് പ്രിൻസിപ്പൽ ഡയറക്ടർ കേണൽ അഹമ്മദ് മുജുതബ മുഹമ്മദ് പറഞ്ഞു
മെയ് 10 ന് ശേഷം ഒരു വിദേശ സൈനികരെയും മാലദ്വീപിൽ നിലയുറപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം വിശദീകരിച്ചു.
2023ൽ മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെ കനത്ത ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്. ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മുയിസു. ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെയാണ് ചൈന മാലദ്വീപുമായി കരാറുകളുണ്ടാക്കിയത്. അടിയന്തര ചികിത്സാ സാഹചര്യങ്ങളിൽ സഹായത്തിന് ശ്രീലങ്കയുമായി മാലദ്വീപ് ബന്ധമുണ്ടാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.