മനുഷ്യ രൂപത്തിൽ ഒരു ഗ്രാമം! ഇറ്റലിയിൽ നിന്ന് ഡ്രോൺ പകർത്തിയ നിഗൂഢ ചിത്രം
|രാത്രിയിലെ ഫോട്ടോയിൽ ശ്രദ്ധിച്ചു നോക്കിയാൽ നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ഈ നഗരത്തിലെ കോട്ടയുടെ നീളത്തിലുള്ള ഭിത്തിയും ചിത്രത്തിൽ കാണാനാകും
ഇറ്റലിയിലെ സിസിലി ദ്വീപിലെ ചെറു ഗ്രാമമാണ് സെൻടുരിപെ. മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ ആകാശ ദൃശ്യം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കാരണം മറ്റൊന്നുമല്ല. കൂറ്റൻ മനുഷ്യന്റെ രൂപത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിലെ തന്നെ താമസക്കാരനായ 32 കാരൻ പയോ ആൻഡ്രിയ പെറി സമീപകാലത്താണ് ചിത്രം പകർത്തിയത്.
ഒറ്റ ചിത്രത്തിൽ ഗ്രാമത്തിന്റെ പൂർണ ദൃശ്യം ലഭ്യമാകില്ലെന്നതിനാൽ പല ഭാഗങ്ങളായി തിരിച്ചാണ് ഈ ചിത്രമെടുക്കൽ പൂർത്തിയായത്. അഞ്ച് ഭാഗങ്ങളായി ഫോട്ടോകൾ ചേർത്ത് വച്ചപ്പോഴാണ് പയോ ആ കൗതുകകരമായ കാര്യം കണ്ടെത്തിയത്. ഇതുവരെ താൻ ജീവിച്ച ഗ്രാമത്തിന്റെ ആകാശ ദൃശ്യത്തിലെ രൂപം ഒരു മനുഷ്യന്റേതു പോലെയായിരുന്നു. സംയോജിപ്പിച്ച ഈ ചിത്രം ഇൻറർനെറ്റിലെത്തിയപ്പോഴും പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഇതുവരെ തങ്ങൾ ജീവിച്ച ഗ്രാമത്തിന് ഇങ്ങനെയൊരു രൂപമുണ്ടെന്നു കണ്ട് അദ്ഭുതപ്പെടുകയാണ് പ്രദേശവാസികൾ.
ഗൂഗിൾ എർത്തിൽ തന്റെ നഗരത്തിന്റെ കാഴ്ച കണ്ടപ്പോൾ തോന്നിയ കൗതുകമാണ് ഈ ചിത്രമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പയോ പറയുന്നു. സെൻടുരിപെയിൽ നിന്ന് 40 മൈലോളം ദൂരേക്ക് പോയ ശേഷം ഡ്രോണുകൾ ഉയരത്തിൽ പറത്തിയപ്പോഴാണ് ഗ്രാമത്തിന്റെ ദൃശ്യം ഈ രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചതെന്ന് പയോ വിശദീകരിക്കുന്നു. ഇവിടെ നിന്ന് ദൃശ്യം പൂർണമായി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് സാധിച്ചില്ല. ഇതോടെയാണ് പല ഭാഗങ്ങളായുള്ള ചിത്രമെടുക്കാൻ തീരുമാനിച്ചത്. ഡ്രോണിന് സുരക്ഷിതമായി പറക്കാൻ കഴിയുന്ന പരമാവധി ഉയരത്തിൽ എത്തിച്ച ശേഷമാണ് ഈ ചിത്രങ്ങൾ ലഭിച്ചത്.ഗ്രാമത്തിന്റെ പകലും രാത്രിയിലുമുള്ള ചിത്രങ്ങൾ പയോ പകർത്തിയിരുന്നു. രാത്രിയിലെ ചിത്രത്തിൽ വെളിച്ചം കൂടിയാകുമ്പോൾ ഈ രൂപത്തിന് കൂടുതൽ വ്യക്തത വരുന്നതും കാണാം.
ഇറ്റലിയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രങ്ങളിൽ ഒന്നാണ് സെൻടുരിപെ. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ചെറു നഗരത്തിലേക്ക് സെൻടുരിപെ മാറിയിട്ട് അധികം കാലമായിട്ടില്ല. രാത്രിയിലെ ഫോട്ടോയിൽ ശ്രദ്ധിച്ചു നോക്കിയാൽ നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ഈ നഗരത്തിലെ കോട്ടയുടെ നീളത്തിലുള്ള ഭിത്തിയും ചിത്രത്തിൽ കാണാനാകും. നഗരത്തിന് മനുഷ്യന്റെ രൂപമാണെങ്കിൽ ഈ മതിൽ മനുഷ്യന്റെ വായ കുടലുമായി ബന്ധിപ്പിക്കുന്ന അന്നനാളമാണെന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്