പാന്റ്സിനുള്ളിൽ ഒളിപ്പിച്ച് പെരുമ്പാമ്പുകളെ കടത്താൻ ശ്രമം: അമേരിക്കൻ സ്വദേശി കാനഡയിൽ പിടിയിൽ
|ആക്രമണസ്വഭാവമുള്ള ജീവികളുടെ ഇനത്തിലാണ് ബർമീസ് പെരുമ്പാമ്പുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്
ടൊറന്റോ: പാന്റ്സിനുള്ളിൽ ഒളിപ്പിച്ച് പെരുമ്പാമ്പുകളെ കടത്താൻ ശ്രമിച്ച കേസിൽ അമേരിക്കൻ സ്വദേശി കാനഡയിൽ പിടിയിലായി. കാൽവിൻ ബോസ്റ്റിയ(32) എന്നയാളാണ് പിടിയിലായത്. മൂന്ന് പെരുമ്പാമ്പുകളെ യുഎസ്-കാനഡ അതിർത്തി കടത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്.
2018ൽ ജൂലൈയിൽ നടന്ന സംഭവത്തിലാണ് കാൽവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാന്റ്സിനുള്ളിൽ ഒളിപ്പിച്ച് ബസിൽ ന്യൂയോർക്കിലേക്ക് പാമ്പുകളെ കടത്തുകയായിരുന്നു കാൽവിൻ. കള്ളക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഈയാഴ്ച ആദ്യമാണ് ആൽബനിയിൽ വച്ച് കാൽവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് വിചാരണയ്ക്കായി വിട്ടയച്ചു. കുറഞ്ഞത് 20 വർഷമെങ്കിലും തടവു ലഭിക്കാവുന്ന കുറ്റമാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ പാമ്പുകളിലൊന്നാണ് ബർമീസ് പെരുമ്പാമ്പുകൾ. ആക്രമണസ്വഭാവമുള്ള ജീവികളുടെ ഇനത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. തെക്കൻ ഏഷ്യയിൽ കൂടുതലായും കാണപ്പെടുന്ന ഇവയ്ക്ക് 3 മുതൽ 5 മീറ്റർ വരെ നീളം വയ്ക്കും. 90 കിലോയിലധികമാണ് ഭാരം. മനുഷ്യർക്ക് ഹാനികരമായതിനാൽ ബർമീസ് പെരുമ്പാമ്പുകളുടെ ഇറക്കുമതി നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.