സ്‌നേഹപ്രകടനം കടുത്തു : സഹപ്രവര്‍ത്തകന്റെ ആലിംഗനത്തില്‍ വാരിയെല്ലൊടിഞ്ഞ് യുവതി
|യുവതിക്ക് സഹപ്രവര്‍ത്തകന്‍ 10000 യുവാന്‍ (ഏകദേശം 1.17 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
സ്‌നേഹം പ്രകടിപ്പിക്കാനുള്ള പല വഴികളില്‍ ഒന്നാണ് ആലിംഗനം. ഇഷ്ടമുള്ളവരെ ഏറെ നാള്‍ കാണാതിരുന്ന് കാണുമ്പോള്‍ നാം ഓടിച്ചെന്ന് കെട്ടിപ്പിടിക്കാറുണ്ട്. എന്നാല്‍ അങ്ങനെ കെട്ടിപ്പിടിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കണം എന്നാണ് ചൈനയില്‍ നിന്നുള്ള ഒരു സംഭവം സൂചിപ്പിക്കുന്നത്.
സഹപ്രവര്‍ത്തകന്റെ ആലിംഗനത്തില്‍ ഇവിടെ ഒരു യുവതിയുടെ വാരിയെല്ലൊടിഞ്ഞു. യൂയാങ് നഗരത്തിലുള്ള ജോലിസ്ഥലത്ത് വെച്ച് കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു സംഭവം. ഓഫീസില്‍ വെച്ച് മറ്റൊരു സഹപ്രവര്‍ത്തകനുമായി സംസാരിച്ചു കൊണ്ടിരിക്കേ യുവാവെത്തി കെട്ടിപ്പിടിയ്ക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. കെട്ടിപ്പിടുത്തതില്‍ തനിയ്ക്ക് അപ്പോള്‍ തന്നെ നെഞ്ചിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ടെന്നും കുറച്ച് നേരം വേദന നീണ്ടു നിന്നതിനാല്‍ പിന്നീട് വീട്ടില്‍ ചെന്ന് മരുന്ന് വെച്ചുവെന്നും യുവതി പറയുന്നു. എന്നാല്‍ വേദന കുറയാതെ വന്നതോടെ ആശുപത്രിയിലെത്തിയപ്പോഴാണ് എക്‌സ്‌റേയില്‍ വാരിയെല്ലൊടിഞ്ഞതായി കണ്ടെത്തിയത്.
വലതുവശത്തെ രണ്ടും ഇടതു വശത്തെ ഒരു വാരിയെല്ലും ഒടിഞ്ഞു. ചികിത്സയ്ക്കും മരുന്നിനുമായി കുറേ പൈസയും ചിലവായി. വാരിയെല്ലൊടിഞ്ഞത് കെട്ടിപ്പിടുത്തത്തിലൂടെയാണെന്ന് യുവാവ് സമ്മതിയ്ക്കാതെ വന്നതോടെ യുവതി കോടതിയെ സമീപിയ്ക്കുകയായിരുന്നു. അമിതമായി സ്‌നേഹം പ്രകടിപ്പിച്ച് എല്ലൊടിച്ചതിന് യുവതിക്ക് സഹപ്രവര്‍ത്തകന്‍ 10000 യുവാന്‍ (ഏകദേശം 1.17 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.