'ഒരു ജോലിയും ചെയ്യിക്കുന്നില്ല, ശമ്പളം 1.03 കോടി'; തൊഴിലുടമയെ കോടതി കയറ്റി ജീവനക്കാരൻ
|രാവിലെ 10 മണിക്ക് ഓഫീസിലെത്തിയാൽ പത്രം വായിക്കുക, സാൻവിച്ച് കഴിക്കുക, മെയിലുകൾ നോക്കുക.ഇതാണ് വര്‍ഷങ്ങളായി ചെയ്യുന്ന ജോലി
ഡബ്ലിൻ: നല്ല ശമ്പളത്തിൽ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കിട്ടുക എന്നതാണ് എല്ലാവരുടെയും സ്വപ്‌നം. ജോലി കിട്ടിയാലോ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് ശമ്പളം ലഭിക്കുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാൽ ഒരു ജോലിയും ചെയ്യിപ്പിക്കാതെ തനിക്ക് വെറുതെ ശമ്പളം നൽകുന്നെന്ന് ആരോപിച്ച് ആരെങ്കിലും പരാതി പറയുന്നത് കേട്ടിട്ടുണ്ടോ..എന്നാൽ തൊഴിലുടമക്കെതിരെ അത്തരത്തിലൊരു പരാതിയുമായി എത്തിയിരിക്കുകയാണ് ഐറിഷുകാരനായ ജീവനക്കാരൻ. ഐറിഷ് റെയിൽ കമ്പനിയെയാണ് ജീവനക്കാരൻ കോടതി കയറ്റിയത്.
തനിക്ക് 'അർഥവത്തായ ജോലി' നൽകുന്നില്ലെന്നാണ് ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്ന ഡെർമോട്ട് അലസ്റ്റർ മിൽസിന്റെ പരാതി. പ്രതിവർഷം 121,000 യൂറോ അഥവാ 1.03 കോടി രൂപയാണ് ഡെർമോട്ട് അലസ്റ്ററിന് ശമ്പളമായി നൽകുന്നത്. രാവിലെ 10 മണിക്ക് ഓഫീസിലെത്തിയാൽ പത്രം വായിക്കുക,സാൻവിച്ച് കഴിക്കുക, മെയിലുകൾ നോക്കുക.ഇതാണത്രേ വർഷങ്ങളായി ഡെർമോട്ട് അലസ്റ്റർ മിൽസിന്റെ 'ജോലി'. സാൻവിച്ച് കഴിച്ച് കുറച്ച് സമയം നടക്കും. അപ്പോഴേക്കും സമയം 10.30 ആയിരിക്കും. എന്തെങ്കിലും ഇ- മെയിൽ വന്നിട്ടുണ്ടെങ്കിൽ അതിന് മറുപടി അയക്കും. നൽകും. അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലിയുണ്ടെങ്കിൽ, അതു പൂർത്തിയാക്കും'. ജീവനക്കാരൻ കോടതിയിൽ പറയുന്നു. ഒമ്പതു വർഷം മുമ്പ് കമ്പനിയിലെ ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മിൽസ് വിസിൽ ബ്ലോവറായിരുന്നു. കമ്പനി അക്കൗണ്ടുകളിൽ നടക്കുന്ന തിരിമറികളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.ഇതിനുള്ള കമ്പനിയുടെ പ്രതികാര നടപടിയാണ് ഈ അവഗണനയെന്നും മിൽസ് ആരോപിച്ചു.
പരിശീലനപരിപാടികളിൽ നിന്നും കമ്പനി മീറ്റിംഗുകളിൽ നിന്നും അദ്ദേഹത്തെ തടഞ്ഞിരിക്കുകയാണെന്ന് ഫിനാൻസ് മാനേജർ കൂട്ടിച്ചേർത്തു. 2000 മുതൽ 2006- 07 സാമ്പത്തിക മാന്ദ്യം വരെ 250 മില്യൺ യൂറോയുടെ മൂലധന ഒഴുക്ക് കമ്പനിയിൽ കണ്ടെത്തുകയും ഇത് ഐറിഷ് റെയിൽ ബോർഡിന് റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. സബ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്ത അദ്ദേഹത്തിന് 2010 ൽ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇതിന് ശേഷം 2013 ഓടെ ഒറ്റപ്പെടുത്താൻ തുടങ്ങിയെന്നും ഡെർമോട്ട് അലസ്റ്റർ മിൽസ് ആരോപിക്കുന്നുണ്ട്.
എന്നാൽ ഡെർമോട്ട് അലസ്റ്റർ മിൽസ് ഒരിക്കൽ കമ്പനിയിൽ നടന്ന ക്രമേക്കേട് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഐറിഷ് റെയിൽ കോടതിയിൽ സമ്മതിച്ചു. എന്നാൽ അയാൾക്കെതിരെ പ്രതികാരനടപടികൾ ചെയ്യുകയാണെന്ന വാദം കമ്പനി നിഷേധിച്ചു.