റോഡിലെ കുഴികളിൽ ന്യൂഡിൽസ് പാകം ചെയ്ത് പ്രതിഷേധം; വേറിട്ട സമരമാർഗവുമായി യു.കെ സ്വദേശി
|കഴിഞ്ഞ 10 വർഷമായി ഇത്തരത്തിലുള്ള സമരവുമായി രംഗത്തുണ്ടെന്ന് മാർക്ക് മോറൽ പറയുന്നു
കേംബ്രിഡ്ജ്: കേരളത്തിൽ റോഡിൽ കുണ്ടും കുഴിയുമെല്ലാം സാധാരണ സംഭവമാണ്. പരാതി പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയല്ലെങ്കിൽ കുഴിയിൽ വാഴ നട്ടും, കുഴിയിലെ ചളിവെള്ളത്തിൽ കുളിച്ചും നീന്തിയുമെല്ലാം പ്രതിഷേധിക്കും. എന്നാൽ വിദേശ രാജ്യത്തെ റോഡുകളിലും കുഴികളുണ്ട്. അവിടെയും അധികാരികളുടെ ശ്രദ്ധപിടിച്ചുപറ്റാൻ പ്രതിഷേധവും നടക്കുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ പോലെ വാഴയും മരങ്ങളും നട്ടല്ലെന്ന് മാത്രാം. റോഡിലെ കുഴികളടക്കാൻ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.കെ സ്വദേശിയായ മാർക്ക് മോറെൽ.
ന്യൂഡിൽസ് കൊണ്ടാണ് മാർക്ക് റോഡിലെ കുഴിയടക്കുന്നത്. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായാണ് കുഴികളിൽ ന്യൂഡിൽസ് പാകം ചെയ്യുന്നത്. തകർന്ന റോഡുകൾ നന്നാക്കാനും ഇതിനെതിരെ നടപടിയെടുക്കാനും മാർക്ക് മോറെൽ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഏതായാലും മാർക്കിന്റെ വേറിട്ട പ്രതിഷേധം ലോകമാധ്യമങ്ങളിൽ വാർത്തയായി. 'മിസ്റ്റർ പോത്തോൾ' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ന്യൂഡിൽസ് കമ്പനിയുമായി ചേർന്നാണ് തന്റെ പ്രതിഷേധം നടത്തുന്നത്. 10 വർഷമായി ഇത്തരത്തിൽ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും അദ്ദേഹം പറയുന്നു.യുകെയിലുടനീളമുള്ള കുഴി ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. ആദ്യമൊക്കെ വെള്ളം നിറഞ്ഞ കുഴികളിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് താറാവുകൾ, ജന്മദിന കേക്കുകൾ തുടങ്ങിയവയിട്ട് പ്രതിഷേധിച്ചിരുന്നു.എന്നാൽ അന്നൊന്നും കിട്ടാത്ത ശ്രദ്ധയാണ് ന്യൂഡിൽസു കൊണ്ടുള്ള പ്രതിഷേധത്തിന് ലഭിക്കുന്നത്.
റോഡിലെ കുഴികളിൽ വീണ് നിരവധി പേരാണ് മരിച്ചത്. റോഡപകടങ്ങളിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ സൈക്ലിസ്റ്റുകളുടെ കുടുംബങ്ങളെയും കണ്ടുമുട്ടിയിട്ടുണ്ട്. ബ്രിട്ടനിലെ റോഡുകളിലെ കുഴികൾ കാരണം ഓരോ ആഴ്ചയും ഒരു സൈക്ലിസ്റ്റെങ്കിലും മരിക്കുന്നു, ഈ മരണങ്ങൾ അധികൃതർ ഒഴിവാക്കാനാകുമെന്നും മോറെൽ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.