മരണം 1977 ൽ; 50 വർഷങ്ങൾക്കൊടുവിൽ ആ ദുരൂഹതയുടെ ചുരുളഴിച്ച് അന്വേഷണ സംഘം
|അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് പെന്‍സില്‍വാനിയയിലെ ഗുഹയില്‍ നിന്നും ‘പിനാക്കിള്‍മാന്‍’ എന്നറിയപ്പെടുന്ന മൃതദേഹം ലഭിക്കുന്നത്
വാഷിങ്ടണ്‍: അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് പെന്‍സില്‍വാനിയയിലെ ഗുഹയില്‍ നിന്നും ലഭിച്ച പിനാക്കിള്‍മാന്‍ എന്ന അജ്ഞാത യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് അധികൃതര്‍. 1977 ല്‍ മഞ്ഞില്‍ മരവിച്ചനിലയില്‍ കണ്ടെത്തിയ മൃതദേഹം 27 കാരനായ നിക്കോളസ് പോള്‍ ഗ്രബിന്റേതാണെന്ന് സ്ഥിരീകരിച്ചു. ലോകം അഞ്ച് പതിറ്റാണ്ടായി അന്വേഷിച്ചുകൊണ്ടിരുന്ന ചോദ്യത്തിനാണ് വിരാമമായിരിക്കുന്നത്.
പെന്‍സില്‍വാനിയയിൽ നിന്ന് ഡോക്ടര്‍മാരും പൊലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 2019 ല്‍ ഡിഎന്‍എ പരിശോധനകള്‍ക്കായി മൃതദേഹം പുറത്തെടുത്തെങ്കിലും ഫലം കണ്ടിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അമിത അളവില്‍ മയക്കുമരുന്ന് ഉള്ളിലെത്തിയതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞു.
മൃതദേഹം ലഭിച്ചതിനെ തുടര്‍ന്ന് വിരലടയാളവും ഡെന്റല്‍ റെക്കോര്‍ഡുകളും എടുത്തിരുന്നെങ്കിലും ഈ വര്‍ഷം ആഗസ്റ്റ് വരെ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. കിട്ടിയ വിരലടയാളം രാജ്യത്ത് നിന്നും ഇതുവരെ കാണാതായവരുടെ രേഖകളുമായി ഒത്തുനോക്കിയതിനെത്തുടര്‍ന്നാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നിക്കോളസിലെ തിരിച്ചറിഞ്ഞത്.
നിക്കി എന്ന് വിളിക്കുന്ന നിക്കോളസ് പെന്‍സില്‍വാനിയ ആര്‍മിയിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനായിരുന്നു. നിക്കോളസിനെ കണ്ടെത്താന്‍ സഹായിച്ച സംഘത്തിന്റെ പരിശ്രമങ്ങളെ കുടുംബം അഭിനന്ദിച്ചു. മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിനായി അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. പെന്‍സില്‍വാനിയയിലെ ആല്‍ബനി പട്ടണത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വടക്കുപടിഞ്ഞാറന്‍ ഫിലാഡല്‍ഫിയയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ഇവിടം കാല്‍നടയാത്രകള്‍ക്ക് പ്രസിദ്ധമാണ്.