വീടലങ്കരിക്കാൻ തലയോട്ടികളും എല്ലും; 40കാരൻ പിടിയിൽ
|വീട്ടിൽ മറ്റാരൊക്കെയാണ് താമസം എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് "ഞാനും എന്റെ മരിച്ചു പോയ കൂട്ടുകാരും മാത്രം" എന്നായിരുന്നു ജെയിംസിന്റെ ഉത്തരം
തലയോട്ടികളും മൃതദേഹാവശിഷ്ടങ്ങളും വീട്ടിൽ സൂക്ഷിച്ച 40കാരൻ പിടിയിൽ. യുഎസിലെ കെന്റക്കി സ്വദേശിയായ ജെയിംസ് വില്യം നോട്ട് ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് നാല്പ്പതിലധികം തലയോട്ടികളും എല്ലുകളും കണ്ടെടുത്തിട്ടുണ്ട്.
തലയോട്ടിയിൽ ഇയാൾ അലങ്കാരപ്പണികൾ നടത്തിയതാണ് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. തലയോട്ടികൾ ഇയാൾ സ്കാർഫ് ഉപയോഗിച്ച് കെട്ടിയിരുന്നു. ഇടുപ്പെല്ല്, വാരിയെല്ല്, നട്ടെല്ല് തുടങ്ങിവയൊക്കെയും നന്നായി അലങ്കരിച്ച് ഒരുക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ. കിടക്കയുടെ വശങ്ങളിലും കസേരക്കയ്യിലുമൊക്കെയുള്ള അലങ്കാര വസ്തുക്കളായിരുന്നു ജെയിംസിന് തലയോട്ടികളും എല്ലുകളും. വീട്ടിൽ മറ്റാരൊക്കെയാണ് താമസം എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഞാനും എന്റെ മരിച്ച കൂട്ടുകാരും മാത്രം എന്നായിരുന്നു ജെയിംസിന്റെ ഉത്തരം.
വില്യം ബർക്ക് എന്ന വ്യാജപ്പേരിൽ ഫേസ്ബുക്കിലൂടെ ഇയാൾ തലയോട്ടികളുടെയും മറ്റ് മൃതദേഹാവശിഷ്ടങ്ങളുടെയും വിൽപനയും നടത്തിയിരുന്നു.
മനുഷ്യാവശിഷ്ട കടത്തുമായി ജെയിംസിന് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ മാസം പിടികൂടിയ മനുഷ്യാവശിഷ്ടക്കടത്തിലെ അംഗങ്ങളുമായി ജെയിംസിന് ബന്ധമുണ്ടെന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ നിഗമനം. ഇയാളുടെ വീട്ടിൽ ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ലോഗോ പതിച്ച ഒരു കവർ കണ്ടെടുത്തതും സംശയം വർധിപ്പിക്കുന്നുണ്ട്. ഇവിടെ നിന്ന് എകെ-47നുൾപ്പടെയുള്ള തോക്കുകളും കണ്ടെടുത്തതായാണ് വിവരം.