World
മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ കഴിച്ച് പ്രതികാരം; പിതാവ് ആശുപത്രിയിൽ
World

മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ കഴിച്ച് പ്രതികാരം; പിതാവ് ആശുപത്രിയിൽ

Web Desk
|
28 Oct 2022 2:32 PM GMT

കഠിനമായ നടുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ബെയ്ജിങ്: മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ കഴിച്ച് പ്രതികാരം വീട്ടിയ പിതാവ് ആശുപത്രിയിൽ. കിഴക്കൻ ചൈനയിലാണ് സംഭവം. സെജിയാംഗിൽ നിന്നുള്ള 39 കാരനായ 'ലു'വാണ് മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ കഴിച്ചത്. എന്നാൽ രണ്ടു മാസത്തിന് ശേഷം ലുവിന് കഠിനമായ നടുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലുവിനെ പരിശോധിച്ച ഡോക്ടർമാരാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ നെഞ്ച്, വയറ്, കരൾ, ദഹനവ്യവസ്ഥ എന്നിവയില്‍ പ്രശ്നമുള്ളതായി ഡോക്ടർമാർ കണ്ടെത്തി. എങ്കിലും രോഗത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. അലർജിയുള്ള വല്ലതും കഴിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തീറ്റമത്സരത്തിനെങ്ങാനം പങ്കെടുത്തോ എന്നും ഡോക്ടർമാർ ചോദിച്ചു. അപ്പോഴും 'ഇല്ല' എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. അപ്പോഴാണ് ലൂ ഞണ്ടിനെ ജീവനോടെ കഴിച്ച കാര്യം അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.

തുടർന്ന് ഇക്കാര്യത്തെ കുറിച്ച് ലൂവിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം സംഭവം ഓർത്തെടുക്കുന്നത്. തന്റെ മകളെ കടിച്ചതിന് പ്രതികാര നടപടിയായി താൻ ഒരു ഞണ്ടിനെ ജീവനോടെ കഴിച്ചെന്നായിരുന്നു ലൂവിന്റെ മറുപടി. തുടർന്ന് രക്തം പരിശോധിച്ചപ്പോഴാണ് ലൂവിന് അണുബാധയേറ്റതായി കണ്ടെത്തിയത്. രോഗം ഭേതമായതിനെ തുടർന്ന് ലൂവിനെ തിങ്കളാഴ്ച ഡിസ്റ്റാർജ് ചെയ്തു. എങ്കിലും ഇടക്കിടെ ചെക്കപ്പിനായി ആശുപത്രിയിൽ എത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

ചൈനയിൽ ഞണ്ടിനെ കഴിക്കുന്നത് സാധാരണ സംഭവമാണ്. കൂടുതൽ പ്രദേശങ്ങളിലും വേവിച്ചാണ് കഴിക്കാറ്. എന്നാൽ കിഴക്കൻ ചൈന പോലുള്ള ചില സ്ഥലങ്ങളിൽ പച്ചക്കും കഴിക്കാറുണ്ട്. സമാനമായ സംഭവങ്ങൾ ചൈനയിൽ മുൻപും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Tags :
Similar Posts