യൂട്യൂബ് താരം ചമഞ്ഞ് കുട്ടികളെ ലൈംഗിക ചൂഷണം ചെയ്ത യുവാവിന് 17 വർഷം തടവ്
|യു.കെ, യു.എസ്.എ, ജപ്പാൻ, ഫ്രാൻസ് തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ള 286 പേരുമായി ബന്ധപ്പെട്ട 119 കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്.
പെർത്ത്: 15-കാരനായ പ്രസിദ്ധ അമേരിക്കൻ യൂട്യൂബ് താരം എന്ന വ്യാജേന ഇന്റർനെറ്റ് വഴി കുട്ടികളടക്കം നിരവധി പേരെ ലൈംഗിക ചൂഷണം നടത്തിയ 29-കാരന് ഓസ്ട്രേലിയയിൽ 17 വർഷം തടവ്. ഓസ്ട്രേലിയൻ പൗരനായ മുഹമ്മദ് സൈനുൽ ആബിദീൻ റഷീദ് എന്നയാളെയാണ് ഇന്റർപോളിന്റെ സഹായത്തോടെ പെർത്ത് പൊലീസ് പിടികൂടിയത്. യു.കെ, യു.എസ്.എ, ജപ്പാൻ, ഫ്രാൻസ് തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ള 286 പേരുമായി ബന്ധപ്പെട്ട 119 കുറ്റങ്ങൾ ഇയാൾ സമ്മതിച്ചു. തങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഓൺലൈൻ ലൈംഗിക ചൂഷണ കേസുകളിലൊന്നാണിതെന്ന് ഓസ്ട്രേലിയൻ അധികൃതർ അറിയിച്ചു.
പ്രശസ്ത അമേരിക്കൻ യുടൂബ് താരമാണെന്ന് പരിചയപ്പെടുത്തി കുട്ടികളടക്കമുള്ളവരുമായി ആശയവിനിമയം നടത്തുകയും പിന്നീട് ലൈംഗിക ചർച്ചകളിലേക്ക് അവരെ ഉൾപ്പെടുത്തുകയാണ് റഷീദ് ചെയ്തിരുന്നത്. ഇയാളുടെ ഇരകളിൽ 60 ശതമാനത്തിലേറെ പേരും 16 വയസ്സിനു താഴെ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
താൻ ആവശ്യപ്പെടുന്ന വിധമുള്ള ലൈംഗിക ചേഷ്ടകൾക്ക് ഓൺലൈൻ വഴി തയാറായില്ലെങ്കിൽ ചാറ്റുകൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു. ഇരയാക്കപ്പെട്ട കുട്ടികളിൽ പലരും ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞിട്ടും സ്വയം മുറിവേൽപ്പിക്കുന്ന ചിത്രങ്ങൾ അയച്ചുകൊടുത്തിട്ടും ഇയാൾ തന്റെ പ്രവർത്തികൾ തുടർന്നുകൊണ്ടിരുന്നു.
പെർത്തിലെ പാർക്കിൽ കാറിൽ വെച്ച് 14 കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഇയാൾ 5 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഇന്റർപോളും യു.എസ് അന്വേഷകരും ബന്ധപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ലൈംഗിക കുറ്റവാളികൾക്ക് നൽകുന്ന ദുർഗുണ പരിഹാര ചികിത്സ നൽകിയിരുന്നെങ്കിലും വീണ്ടും കുറ്റം ചെയ്യാനുളള പ്രവണത ഇയാളിൽ കൂടുതലാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഓസ്ട്രേലിയയിൽ, ഈ സംഭവത്തോട് താരതമ്യപ്പെടുത്താവുന്ന ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജഡ്ജ് അമൻഡ ബറോസ് പറഞ്ഞു. 2033 ഓഗസ്റ്റിൽ മാത്രമേ റഷീദിന് പരോളിന് അപേക്ഷിക്കാൻ കഴിയൂ.