അയൽവാസിയുടെ 1100 കോഴികളെ 'പേടിപ്പിച്ചു' കൊന്നു; യുവാവിന് ആറ് മാസം തടവ്
|കോഴിഫാമിൽ ഒളിച്ചുകയറുകയും രണ്ടുതവണയായി 1,100 കോഴികളെ ഫ്ളാഷ് ലൈറ്റടിച്ച് കൊല്ലുകയുമായിരുന്നെന്നാണ് പരാതി
ബീജിങ്: അയൽവാസിയുടെ 1,100 കോഴികളെ പേടിപ്പിച്ചു കൊന്ന സംഭവത്തിൽ യുവാവിന് ആറ് മാസം തടവ് ശിക്ഷ.ചൈനയിലാണ് വിചിത്രമായ സംഭവം നടന്നത്.അയൽക്കാരനോടുള്ള പകയുടെ ഭാഗമായാണ് കോഴികളെ പേടിപ്പിച്ചു കൊന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഗൂ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. അയൽക്കാരനായ സോംഗ് അനുവാദമില്ലാതെ തന്റെ മരങ്ങൾ മുറിച്ചുമാറ്റിയതാണ് ഈ പകയുടെ തുടക്കം. തുടർന്ന് ഗൂ സോംഗിന്റെ കോഴിഫാമിൽ ഒളിച്ചുകയറുകയും രണ്ടുതവണയായി 1,100 കോഴികളെ കൊല്ലുകയുമായിരുന്നെന്നാണ് പരാതി. കോഴിഫാമിൽ കയറി കോഴികൾക്ക് നേരെ ഫ്‌ളാഷ് ലൈറ്റടിച്ചു. ഇതിന്‍റെ വെളിച്ചം കണ്ടതോടെ കോഴികൾ പരിഭ്രാന്തരായി. കോഴികളെല്ലാം ഒരുമൂലയിലേക്ക് ഓടിപ്പോകുകയും അവിടെ വെച്ച് പരസ്പരം കൊത്തിച്ചാകുകയും ചെയ്തു.
ആദ്യമായല്ല ഗൂ ഇത്തരത്തിൽ കോഴികളെ കൊല്ലുന്നത്. മുമ്പ് 460 കോഴികൾ ഇത്തരത്തിൽ ചത്തിരുന്നു. തുടർന്ന് ഗു പൊലീസ് പിടിയിലാവുകയും ചെയ്തു. തുടർന്ന് സോംഗിന് 3,000 യുവാൻ ( ഏകദേശം 35,734 രൂപ) നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ സോംഗിനോടുള്ള പക കൂടി. ഇതിന് പിന്നാലെയാണ് രണ്ടാമതും കോഴിഫാമിൽ പോയി 640 കോഴികളെ അതേ രീതിയിൽ കൊന്നത്. ചത്ത 1100 കോഴികൾക്ക് ഏകദേശം 13,840 യുവാൻ (1,64,855 രൂപ) വിലയുണ്ടെന്ന് അധികൃതരെ ഉന്നയിച്ച് ചൈനീസ് ഡെയ്‍ലി റിപ്പോര്‍ട്ട് ചെയ്തു.