സഞ്ചരിക്കുന്ന വിമാനത്തിൽനിന്ന് പുറത്തേക്കു ചാടി യാത്രക്കാരൻ!
|ലോസ് ആഞ്ചെലസ് രാജ്യാന്തര വിമാനത്താവളത്തിലാണ് റൺവേയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടെ വിമാനത്തിൽനിന്ന് യാത്രക്കാരൻ പുറത്തേക്കു ചാടിയത്
പറന്നുയരാനിരുന്ന വിമാനത്തിൽനിന്ന് പുറത്തേക്കു ചാടി യാത്രക്കാരൻ. ലോസ് ആഞ്ചെലസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. രണ്ടു ദിവസത്തിനിടെ ഇതു രണ്ടാമത്തെ അതിക്രമ സംഭവമാണ് ലോസ് ആഞ്ചെലസ് വിമാനത്താവളത്തിൽ നടക്കുന്നത്.
സ്‌കൈവെസ്റ്റ് എയർലൈൻസിന്റെ യുനൈറ്റഡ് എക്‌സ്പ്രസ് വിമാനത്തിലാണ് അസാധാരണ സംഭവം നടന്നത്. ലോസ് ആഞ്ചെലസിൽനിന്ന് സാൽട്ട് ലേക്ക് സിറ്റിയിലേക്ക് പറക്കാനായി വിമാനം ഗേറ്റ് വിട്ട് റൺവേയിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ഒരു യാത്രക്കാരൻ പുറത്തുചാടാൻ ശ്രമിച്ചു. പൈലറ്റ് ഇരിക്കുന്ന കോക്പിറ്റിലേക്ക് അതിക്രമിച്ചുകടയ്ക്കാനാണ് ഇയാൾ ആദ്യം നോക്കിയത്. ഇതു നടക്കാതിരുന്നതോടെ എമർജൻസി കവാടം വഴി പുറത്തുകടക്കുകയായിരുന്നു.
ഉടൻ തന്നെ വിമാനത്താവള അധികൃതരെത്തി ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തെതുടർന്ന് പറക്കാനുള്ള നീക്കം ഉപേക്ഷിച്ച് വിമാനം ഗേറ്റിലേക്കു തന്നെ തിരിച്ചു. തുടർന്ന് മണിക്കൂറുകൾക്കുശേഷമാണ് യാത്ര തുടർന്നത്. വിമാനത്തിലെ മറ്റു യാത്രക്കാർക്കൊന്നും പരിക്കില്ലെന്ന് ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കും.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ ഒരു യാത്രക്കാരന്‍ അതിക്രമിച്ചുകടന്നിരുന്നു. വിമാനത്താവളത്തിന്‍റെ പുറത്തുനിന്ന് റൺവേയിലേക്കുള്ള വേലി തകർക്കുകയായിരുന്നു കാറുമായെത്തിയ ഒരാൾ. തുടർന്ന് കാറിൽ റൺവേ മുറിച്ചുകടയ്ക്കുകയും ചെയ്തു ഇയാള്‍. ഉടൻ തന്നെ പൊലീസെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. രണ്ട് റൺവേകൾ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്തിരുന്നു.