അമേരിക്കൻ പ്രസിഡന്റാവാനൊരുങ്ങി 'വേറെ ആരെങ്കിലും'; ട്രംപിനും ബൈഡനും ഭീഷണിയാവാൻ യുവ നേതാവ്
|ട്രംപിനെയും ബൈഡനെയും മടുത്താണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നതെന്ന് 'വേറെ ആരെങ്കിലും'
ടെക്‌സാസ്/ അമേരിക്ക: 2024ലെ അമേരിക്കൻ പ്രസിഡെൻഷ്യൽ തെരഞ്ഞെടുപ്പടുക്കുകയാണ്. ഡോണാൾഡ് ട്രംപും ജോ ബൈഡനും തന്നെയാണ് ഇപ്രാവശ്യത്തെയും പ്രധാന മത്സരാർഥികൾ. എന്നാൽ ഇത്തവണ 'വേറെ ആരെങ്കിലു'മിന് വോട്ട് ചെയ്യാനുള്ള അവസരവുമുണ്ട് അമേരിക്കക്കാർക്ക്. മുതിർന്ന രണ്ട് നേതാക്കൾക്കെതിരെയും മത്സരിക്കാൻ ശ്രമിക്കുന്ന മൂന്നാമനാണ് വേറെ ആരെങ്കിലും (Literally Anybody Else) എന്ന് പേരുള്ള യുവാവ്.
ടെക്‌സാസിലെ ഡസ്റ്റിൻ ഈബേയ് എന്ന 35കാരനായ അധ്യാപകനാണ് വേറെ ആരെങ്കിലും എന്നർഥം വരുന്ന (Literally Anybody Else) എന്ന് പേര് മാറ്റി അമേരിക്കൻ പ്രസിഡെൻഷ്യൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയിരിക്കുന്നത്. അമേരിക്കൻ സൈന്യത്തിനായി സേവനമനുഷ്ടിച്ച ഒരു വിമുക്ത ഭടനുമാണ് ഇയാൾ. പ്രായമായ ട്രംപിനെക്കൊണ്ടും ബൈഡനേക്കൊണ്ടും രാജ്യത്തിന് ഉപകാരമൊന്നുമില്ലെന്ന മടുപ്പുകൊണ്ടാണ് താൻ പേരുമാറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതെന്നാണ് വേറെ ആരെങ്കിലുമിന്റെ വാദം.
തുടക്കത്തിൽ തമാശരൂപേണയായിരുന്നു ഇയാളുടെ സ്ഥാനാർഥിത്വത്തെ കണ്ടിരുന്നത് എങ്കിലും പിന്നീട് മികച്ച ജനപിന്തുണയോടെ മുതിർന്ന രണ്ട് മത്സരാർഥികൾക്കുമൊപ്പം ഉയർന്നുകൊണ്ടിരിക്കുകയാണ് വേറെ ആരെങ്കിലും.
താൻ ഒരധ്യാപകനായിരുന്നിട്ട് പോലും തനിക്ക് അമേരിക്കയിൽ ഒരു വീട് പോലും വാങ്ങാനാകുന്നില്ലെന്ന് വേറെ ആരെങ്കിലും പറയുന്നു.
'തന്റെ തലമുറ ബുദ്ധിമുട്ടുകയാണ്, 20-30 വർഷങ്ങൾക്ക് മുമ്പ് അനായാസമായി നേടാനാവുമായിരുന്ന കാര്യങ്ങൾ ഇന്ന് സാധാരണക്കാർക്ക് താങ്ങാവുന്നതിലധികവും വിലയായി'- എന്ന് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേറെ ആരെങ്കിലും പറയുന്നു
തെരഞ്ഞെടുപ്പ് തന്നെ ഒരാളെമാത്രം ബാധിക്കുന്ന വിഷയമല്ല, അമേരിക്കയെ മൊത്തമായി ബാധിക്കുന്ന പ്രശ്‌നമാണെന്നും, അദേഹം കൂട്ടിച്ചേർത്തു.
ബാലറ്റിൽ പേര് ചേർക്കാൻ സാധിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളു. പേര് ചേർക്കുന്നതിനായി മെയ് മാസത്തോടെ സംസ്ഥാനത്തെ നോൺ പ്രൈമറി വോട്ടർമാരിൽ നിന്നും 1,13,000 ഒപ്പുകൾ ശേഖരിക്കേണ്ടതായിട്ടുണ്ട്. തന്നെക്കൊണ്ട് ഇത് സാധ്യമല്ല എന്ന് വ്യക്തമായതിനാൽ തന്റെ പേര് ബാലറ്റിൽ എഴുതിയിടാൻ ആളുകളോട് നിർദേശിക്കുകയാണ് വേറെ ആരെങ്കിലും
വിദ്യഭ്യാസം, കുറ്റകൃത്യങ്ങൾ, ആരോഗ്യം, നികുതി എന്നീ വിഷയങ്ങളിൽ വേറെ ആർക്കെങ്കിലുമിന് വ്യക്തമായ നയങ്ങളുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഈ കണക്ക് അധ്യാപകൻ പറയുന്നുണ്ട്.
തന്റെ പേര് മാറ്റിയതിനേക്കുറിച്ചുള്ള രേഖകളുമായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് നിലവിൽ വേറെ ആരെങ്കിലും നടത്തിവരുന്നത്. ഡല്ലാസിലെ ഒരു പാർക്കിൽ തന്റെ പേര് എഴുതിയ ടീഷർട്ടും ഇട്ടുനിന്ന വേറെ ആരെങ്കിലുമിനെ ആരാധകരും പിന്തുണക്കാരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
നിലവിലെ സ്ഥാനാർഥികളെക്കൊണ്ട് ഒന്നും നടക്കില്ല എന്ന് തന്നെയാണ് വേറെ ആരെങ്കിലുമിന്റെ പിന്തുണക്കാരുടെ വാദം.
മാധ്യമശ്രദ്ധ കൂടി ലഭിച്ചുതുടങ്ങിയതോടെ വേറെ ആരെങ്കിലും അമേരിക്കൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായേക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.
തന്റെ പേര് ഒരു വ്യക്തിയെ അഭിസംബോധന ചെയ്യാനായിട്ടുള്ളതല്ല മറിച്ച് പോരാട്ടത്തിനായുള്ള മുദ്രാവാക്യമാണെന്നും വേറെ ആരെങ്കിലും പറയുന്നു.