തിയറ്ററിന്റെ ചുവരുകള്‍ക്കുള്ളില്‍ യുവാവ് കുടുങ്ങി; രണ്ട് ദിവസത്തിന് ശേഷം രക്ഷപ്പെടല്‍
|ഇയാള്‍ നഗ്നനായിരുന്നുവെന്നും രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു
ന്യൂയോര്‍ക്ക് സിറാക്കൂസില്‍ തിയറ്ററിന്റെ ചുവരുകള്‍ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ഇയാള്‍ നഗ്നനായിരുന്നുവെന്നും രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് ലാന്‍ഡ്മാര്‍ക്ക് തിയറ്ററില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പറഞ്ഞ് തിയറ്ററിലെ ജീവനക്കാരന് അഗ്നിമശമന സേനാ വിഭാഗത്തിലേക്ക് വിളിച്ചതെന്ന് സിറാക്കൂസ് ഫയര്‍ ഡെപ്യൂട്ടി ചീഫ് ജോണ്‍ കോനെ പറഞ്ഞു. ആരോ മതിലില്‍ ഇടിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന ശബ്ദം കേട്ടാണ് ജീവനക്കാരനെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുന്നത്. 39കാരനായ ഇയാള്‍ ചൊവ്വാഴ്ചയാണ് തിയറ്ററില്‍ കയറുന്നത്. പുരുഷന്മാരുടെ ബാത്റൂമിന്റെ സമീപത്തുള്ള ഇടുങ്ങിയ ഭാഗത്ത് ഇയാള്‍ രണ്ടു ദിവസം തങ്ങിയതായും കോനെ വ്യക്തമാക്കി. വെള്ളിയാഴ്ച അഗ്നിശമന സേനാംഗങ്ങൾ ഭിത്തിയിൽ ദ്വാരമുണ്ടാക്കുകയും ഫൈബർ-ഒപ്റ്റിക് ക്യാമറ ഉപയോഗിച്ച് ഇയാളുടെ സ്ഥാനം കണ്ടെത്തുകയും ചെയ്തു. യുവാവിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പുറമെ പരിക്കുകളൊന്നുമില്ലെങ്കിലും നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോനെ പറഞ്ഞു.
ഇടുങ്ങിയ സ്ഥലത്തേക്ക് ഇയാള്‍ എങ്ങനെയാണ് കയറിപ്പറ്റിയതെന്ന് വ്യക്തമല്ലെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. കുറച്ചുദിവസമായി ഇയാള്‍ ഇവിടെ ചുറ്റിത്തിരിയുന്നത് കണ്ടതായി തിയറ്റര്‍ ജീവനക്കാര്‍ പറഞ്ഞു.