അല്പം വൈകിയിരുന്നേല് ഐസായേനേ; തണുത്തുറഞ്ഞ തടാകത്തില്‍ നീന്തി യുവാവ്
|ബോറിസ് ഒറവെക് എന്ന 31 കാരന്റെ വ്യത്യസ്തമായ സാഹസികതയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്
സാഹസികത ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചിലത് അപകടം വരുത്തി വെയ്ക്കാന്‍ സാധ്യതയുണ്ട്. സ്ലോവാക്കിയയിലെ ബോറിസ് ഒറവെക് എന്ന 31 കാരന്റെ വ്യത്യസ്തമായ സാഹസികതയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഐസ് മൂടിയ വെള്ളത്തില്‍ ഒരു ദ്വാരമുണ്ടാക്കിയാണ് യുവാവ് നീന്താന്‍ തുടങ്ങുന്നത്. ക്യാമറയുമായി സുഹൃത്തുക്കളും കൂടെയുണ്ട്. എന്നാല്‍ കുറച്ച് ദൂരം നീന്തിയപ്പോള്‍ വഴിതെറ്റുന്നത് വീഡിയോയില്‍ കാണാം. ഇത് മനസിലായ സുഹൃത്തുക്കള്‍ ഐസ് പാളിക്ക് മുകളില്‍ ചവിട്ടി ബോറിസിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിക്കുന്നു. ഈ സമയം ബോറിസ് പരിഭാന്തനാവുന്നത് വിഡിയോയിയില്‍ കാണുന്നുണ്ട്. ശ്വാസം പിടിച്ചു നിര്‍ത്താന്‍ പാടുപെടുന്ന ബോറിസിനെ നമുക്ക് കാണാന്‍ സാധിക്കും.
പ്രശ്നം വഷളാവുന്നു എന്ന് മനസ്സിലാക്കി സുഹൃത്തുക്കള്‍ ഐസ് പാളി തകര്‍ക്കാനും അദ്ദേഹത്തെ പുറത്തേക്കെത്തിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷെ ശ്രമങ്ങളെല്ലാം പാളി. തന്റെ ശരീരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന കയറിന്റെ അറ്റം ശ്രദ്ധയില്‍ പെട്ട ബോറിസ് വെള്ളത്തിലേക്കിറങ്ങിയ അതേ ദ്വാരത്തിലൂടെ മുകളിലേക്ക് കയറുന്നു. വലിയൊരപകടത്തില്‍ നിന്നാണ് ബോറിസ് രക്ഷപ്പെട്ടത്.
ഇന്‍സ്റ്റാഗ്രാമില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ബോള്‍ ഹോക്കിയില്‍ നാല് തവണ ലോക ചാമ്പ്യനും, റെഡ് ബുള്‍ ഐസ് ക്രോസ് അത്ലറ്റും, ക്രോസ് ഫിറ്റ് അത്ലറ്റുമാണ് ബോറിസ് ഒറവെക്.