World
ബലാത്സംഗക്കുറ്റവും കൊലപാതകക്കുറ്റവും ചുമത്തി നിരപരാധിയെ ജയിലിലടച്ചത് 21 വര്‍ഷം; ഒടുവില്‍ മോചനം
World

ബലാത്സംഗക്കുറ്റവും കൊലപാതകക്കുറ്റവും ചുമത്തി നിരപരാധിയെ ജയിലിലടച്ചത് 21 വര്‍ഷം; ഒടുവില്‍ മോചനം

Web Desk
|
22 Oct 2022 4:18 AM GMT

തെളിവുകളുടെ പുനഃപരിശോധനയെത്തുടര്‍ന്നാണ് നോര്‍വീജിയന്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയത്

ഓസ്‍ലോ: നോര്‍വെയില്‍ ബലാത്സംഗക്കുറ്റവും കൊലപാതകക്കുറ്റവും ചുമത്തി നിരപരാധിയെ ജയിലിലടച്ചത് 21 വര്‍ഷം. വര്‍ഷങ്ങളുടെ ജയില്‍വാസത്തിനു ശേഷം ഇയാളെ പിന്നീട് കുറ്റവിമുക്തനാക്കി. തെളിവുകളുടെ പുനഃപരിശോധനയെത്തുടര്‍ന്നാണ് നോര്‍വീജിയന്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയത്.

എട്ടു വയസുകാരിയായ സ്റ്റൈൻ സോഫി സോർസ്ട്രോണനെയും 10 കാരിയായ ലെന സ്ലോഗെഡൽ പോൾസെനെയും കൊലപ്പെടുത്തിയതിനാണ് ഇപ്പോൾ 43 വയസുള്ള വിഗ്ഗോ ക്രിസ്റ്റ്യൻസനെ ശിക്ഷിച്ചത്. നിരപരാധിയാണെന്ന് വാദിച്ചിരുന്ന വിഗ്ഗോ ക്രിസ്റ്റ്യന്‍സനെ 2001ലും 2002ലും രണ്ട് കോടതികളാണ് അക്കാലത്ത് സാധ്യമായ ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷയായ 21 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2000 മെയ് 19ന് നോര്‍വെയില്‍ തെക്ക് ഭാഗത്തുള്ള വനമേഖലയിലെ തടാകത്തില്‍ നീന്താന്‍ പോയ രണ്ട് പെണ്‍കുട്ടികളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സുഹൃത്ത് ക്രിസ്റ്റ്യന്‍സനെ മനഃപൂര്‍വം പ്രതിയാക്കിയതാണെന്ന സഹപ്രതി ജാന്‍ ഹെല്‍ജ് ആന്‍ഡേഴ്‌സന്‍റെ സാക്ഷി മൊഴിയെ തുടര്‍ന്നാണ് കേസിന്‍റെ പുനഃപരിശോന നടന്നത്. നിരവധി കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാദത്തെ ഡിഎന്‍എ തെളിവുകള്‍ പിന്തുണയ്ക്കുന്നില്ലെന്നും കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് ക്രിസ്റ്റ്യന്‍സന്‍റെ ഫോണ്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് വളരെ അകലെയാണെന്നും തെളിഞ്ഞു. ക്രിസ്റ്റ്യന്‍സന്‍ 20 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയും അങ്ങനെ ജീവിതത്തിന്‍റെ വലിയൊരു ഭാഗം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്ന് അറ്റോര്‍ണി ജനറല്‍ ജോണ്‍ സിഗുര്‍ഡ് മൗറുദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അനീതിക്ക് പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക നോര്‍വീജിയന്‍ ചരിത്രത്തിലെ 'നീതിയുടെ ഏറ്റവും ഗുരുതരമായ പിഴവുകളിലൊന്ന്' എന്നാണ് നോര്‍വീജിയന്‍ മാധ്യമങ്ങള്‍ ഈ കേസിനെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ 43 വയസ്സുള്ള ക്രിസ്റ്റ്യന്‍സന് 30 ദശലക്ഷത്തിലധികം നോര്‍വീജിയന്‍ ക്രോണര്‍ (2.8 മില്യണ്‍ ഡോളര്‍) നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ട്. 19 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച സഹപ്രതി ആന്‍ഡേഴ്‌സനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Related Tags :
Similar Posts