സ്‌കൂൾ ബസ് കാത്തു നിന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: 30കാരനെ തുരത്തിയോടിച്ച് കുട്ടിപ്പട്ടാളം
|മേരിലാൻഡിലെ ഗെയ്‌തേഴ്‌സ്ബര്ഗിൽ തിങ്കളാഴ്ച പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്
ന്യൂയോർക്ക് സിറ്റി: സ്‌കൂൾ ബസ് കാത്തു നിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 30കാരനെ തുരത്തിയോടിച്ച് കുട്ടിപ്പട്ടാളം. യുഎസ് സംസ്ഥാനമായ മേരിലാൻഡിലാണ് സംഭവം. സംഭവത്തിൽ ജമാൽ ജർമനി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മേരിലാൻഡിലെ ഗെയ്‌തേഴ്‌സ്ബര്ഗിൽ തിങ്കളാഴ്ച പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ടൗൺ ക്രസ്റ്റിലുള്ള ബസ് സ്റ്റോപ്പിൽ സ്‌കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് ജമാലെത്തുകയും കുട്ടിയെ ബലമായി വലിക്കുകയും ചെയ്തു. സമീപത്തെ അപാർട്ട്‌മെന്റിലേക്ക് കുട്ടിയെ കടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇതു കണ്ട് സമീപത്ത് നിന്ന കുട്ടികളുടെ സംഘം പാഞ്ഞെത്തുകയും പ്രതിയിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു.
അക്രമിയെ വളഞ്ഞ സംഘം കുട്ടിയുടെ കൈ ഇയാൾ വിടുവിക്കുന്നത് വരെ ചെറുത്തു നിന്നു. തുടർന്ന് സ്‌കൂൾ ബസ് എത്തുകയും കുട്ടികൾ ഇതിൽക്കയറി സ്‌കൂളിലെത്തുകയും സ്‌കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഇയാളെ പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് മോണ്ട്‌ഗോമറി കൗണ്ടി പൊലീസ് ഡിപാർട്ട്‌മെന്റ് അറിയിച്ചു.