World
France
World

തീവ്രവലതുപക്ഷ പാർട്ടിയുടെ മുന്നേറ്റം: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പെ ഫ്രാൻസിൽ പ്രതിഷേധ റാലി

Web Desk
|
16 Jun 2024 3:50 AM GMT

കുടിയേറ്റ വിരുദ്ധ-വിഭജന ആശയങ്ങൾ പേറുന്ന ആർ.എൻ പാർട്ടി രാജ്യം ഭരിച്ചാലുള്ള ഭവിഷ്യത്ത് മുന്നിൽകണ്ടാണ് ആളുകൾ തെരുവിലിറങ്ങുന്നത്

പാരിസ്: തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലി(ആർ.എൻ)യുടെ മുന്നേറ്റം പ്രകടമായതിന് പിന്നാലെ ഫ്രാൻസിലുടനീളം പടുകൂറ്റൻ പ്രതിഷേധ റാലികൾ.

യൂറോപ്യൻ പാർലമന്റ് തെരഞ്ഞെടുപ്പില്‍ ആർ.എൻ പാർട്ടി നേട്ടമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ പാർലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോൺ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലും ആർ.എൻ പാർട്ടി നേട്ടമുണ്ടാക്കുമെന്ന് ഭയന്നാണ് പാരീസിലും ഫ്രാൻസിന്റെ വിവിധ നഗരങ്ങളിലും പ്രതിഷേധ മാർച്ച് നടക്കുന്നത്.

പാരീസിൽ ശനിയാഴ്ച നടന്ന റാലിയില്‍ 75,000 ആളുകളാണ് ഭാഗമായത്. ഏഴുപേരെ അറസ്റ്റ് ചെയ്തു. ഫ്രാൻസിൽ ഉടനീളം 217,000 പേരെങ്കിലും റാലിയുടെ ഭാഗമായെന്നാണ് പൊലീസ് പറയുന്നത്.

കുടിയേറ്റ വിരുദ്ധ-വിഭജന ആശയങ്ങൾ പേറുന്ന ആർ.എൻ പാർട്ടി രാജ്യം ഭരിച്ചാലുള്ള ഭവിഷ്യത്ത് മുന്നിൽകണ്ടാണ് ആളുകൾ തെരുവിലിറങ്ങുന്നത്. ഏകദേശം മൂന്ന് ലക്ഷത്തിലേറെ വരുന്ന ആളുകള്‍ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ 21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. തൊഴിലാളി യൂണിയനുകൾ, വിദ്യാർഥി സംഘടനകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരാണ് റാലികൾക്ക് നേതൃത്വം കൊടുക്കുന്നത്.

അതേസമയം മാർസെയിൽ, ടുലൂസ്, ലിയോൺ, ലില്ലെ തുടങ്ങിയ നഗരങ്ങളിൽ കുറഞ്ഞത് 150 ലേറെ പ്രതിഷേധ റാലികളാണ് വരുംദിവസങ്ങളില്‍ നടക്കുക.

''ജോർദാൻ ബാർഡെല്ല(ആര്‍.എന്‍ പാര്‍ട്ടിയുടെ തലവന്‍) അടുത്ത പ്രധാനമന്ത്രിയാകുമോ എന്ന ഭയം കൊണ്ടാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. അങ്ങനെയൊരു ദുരന്തം തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു''- ഇടതുപക്ഷ തൊഴിലാളി യൂണിയൻ നേതാവ് സോഫി ബിനറ്റ് പറഞ്ഞു.

''കടുത്ത വംശീയത പറയുന്ന ഈ പാർട്ടിയുടെ നുണകൾ ആളുകൾ വിശ്വസിക്കുന്നതില്‍ ആശങ്കയുണ്ടെന്നായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായ 22കാരിയായ വിദ്യാര്‍ഥി കരോൾ-ആൻ ജസ്റ്റെ പറഞ്ഞത്. ആദ്യമായാണ് ഒരു പ്രതിഷേധത്തിൽ കരോൾ പങ്കെടുക്കുന്നത്. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സഹിഷ്ണുതയുമുള്ള ഈ രാജ്യത്തെ സംരക്ഷിക്കാനും അതിനായി പോരാടാന്‍ ആഗ്രഹിക്കുന്നുവെന്നും കരോൾ പറഞ്ഞു.

യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുമായ മറൈൻ ലെ പെന്നിന്റെ നാഷണല്‍ റാലി വന്‍ മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോണ്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ ആര്‍.എന്‍ പാര്‍ട്ടി വിജയിക്കുമെന്നും അടുത്ത സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന അഭിപ്രായ സർവേകളും പുറത്തുവരുന്നുണ്ട്.



Similar Posts