World
നിരന്തര ഭരണകൂടവേട്ട, പ്രതികാരനടപടികൾ, ജയിൽ; എന്നിട്ടും മുട്ടുമടക്കാതെ റസ്സ
World

നിരന്തര ഭരണകൂടവേട്ട, പ്രതികാരനടപടികൾ, ജയിൽ; എന്നിട്ടും മുട്ടുമടക്കാതെ റസ്സ

Shaheer
|
8 Oct 2021 12:23 PM GMT

ഏകാധിപത്യ, ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ വാൾമുനയിൽ നിന്ന് മരിയ റസ്സയും ദിമിത്രി മുറാട്ടോവും നടത്തിയ നിർഭയമാധ്യമ പ്രവർത്തനത്തെ ഒടുവിൽ ലോകം സമാധാന നൊബേൽ നൽകി അംഗീകരിച്ചിരിക്കുകയാണ്

നിരവധി തവണ കള്ളക്കേസുകളിൽ കുടുക്കി ജയിലടക്കാൻ നോക്കി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്നു. സ്വന്തമായി തുടങ്ങിയ മാധ്യമസ്ഥാപനം പലതവണ അടച്ചുപൂട്ടാൻ ഭരണകൂടത്തിന്റെ നീക്കമുണ്ടായി. അപ്പോഴെല്ലാം ഒരടി പിന്നോട്ടില്ലെന്ന ഉറച്ച നിശ്ചയദാർഢ്യത്തിൽ മാധ്യമപ്രവർത്തനത്തിന്റെ ധീരമുഖമായി നിലയുറപ്പിക്കുകയായിരുന്നു മരിയ റസ്സ. റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറാട്ടോവിന്റെ കഥയും വ്യത്യസ്തമല്ല. ഏകാധിപത്യ, ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ വാൾമുനയിൽ ഇരുവരും നടത്തിയ നിർഭയമാധ്യമ പ്രവർത്തനത്തെ ഒടുവിൽ സമാധാന നൊബേൽ നൽകി ലോകം അംഗീകരിച്ചിരിക്കുകയാണ്.

അപകീർത്തിക്കേസുകളും ജയിൽജീവിതവും

തെക്കുകിഴക്കനേഷ്യൻ മേഖലയിലെ ഭീകരവാദ ശൃംഖലകളെക്കുറിച്ചുള്ള റിപ്പോർട്ടുകളിലൂടെയാണ് മരിയ റസ്സ മാധ്യമലോകത്ത് ശ്രദ്ധനേടുന്നത്. സിഎഎന്നിൻരെ ഏഷ്യയിലെ മുഖ്യ അന്വേഷണാത്മക റിപ്പോർട്ടറായിരുന്നു അവർ. ആഗോളഭീകരസംഘങ്ങളുടെ ഉള്ളറകൾ പുറംലോകത്തിനു കാണിച്ച നിരവധി റിപ്പോർട്ടുകൾ അവരുടേതായിട്ടുണ്ട്. എന്നാൽ, 2016ൽ ഫിലിപ്പൈൻസിൽ റോഡ്രിഗോ ഡ്യുറ്റെർറ്റെ അധികാരമേറ്റതോടെ അവരുടെ മാധ്യമപ്രവർത്ത ജീവിതം മറ്റൊരു തലത്തിലേക്കു മാറി.

ഡ്യുറ്റെർറ്റെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ് എന്നും മരിയ റസ്സ. സർക്കാരിന് തലവേദന സൃഷ്ടിച്ച റിപ്പോർട്ടുകളുടെ പേരിൽ ഒന്നും രണ്ടും വട്ടമല്ല ഒട്ടനവധി തവണ അവർക്ക് ജയിലിൽ പോകേണ്ടിവന്നിട്ടുണ്ട്. മയക്കുമരുന്നിനെതിരായ യുദ്ധം എന്ന പേരിൽ ഡ്യുറ്റെർറ്റെ ഭരണകൂടം നടത്തുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു പ്രധാനമായും റസ്സയുടെ റിപ്പോർട്ടുകളിൽ നിറഞ്ഞുനിന്നത്. ആയിരക്കണക്കിനു നിരപരാധികളെ കൊലപ്പെടുത്തിയ ഭരണകൂടവേട്ടയ്‌ക്കെതിരെ അവർ നിരന്തരം എഴുതിക്കൊണ്ടിരുന്നു.


കഴിഞ്ഞ വർഷം അപകീർത്തിക്കേസ് ചുമത്തിയായിരുന്നു റസ്സയെ ഭരണകൂടം ജയിലിലടച്ചത്. ആറു വർഷത്തോളം ജയിൽശിക്ഷയ്ക്ക് അർഹമായ കേസിൽ പക്ഷെ മനില കോടതി റസ്സയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പത്തോളം കേസുകൾ വേറെയും ഇപ്പോഴും അവർക്കെതിരെ നിലനിൽക്കുന്നുണ്ട്. റസ്സയെ ഇങ്ങനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്രതലത്തൽ കടുത്ത സമ്മർദമുണ്ടായിട്ടും ഡ്യുറ്റെർറ്റെ അനങ്ങിയില്ല. അവർക്കെതിരായ വേട്ട തുടർന്നുകൊണ്ടിരുന്നു.

ഭരണകൂടവേട്ടയ്ക്കു പുറമെ നിരന്തരമായ സൈബറാക്രമണത്തിനും ലൈംഗികാധിക്ഷേപങ്ങൾക്കും ഇരയായി റസ്സ. ഒരു സമയത്ത് ഫേസ്ബുക്കിൽ മണിക്കൂറിൽ 90ലേറെ വിദ്വേഷ സന്ദേശങ്ങളാണ് റസ്സയ്ക്ക് ലഭിച്ചിരുന്നതെന്നാണ് ഒരു യുനെസ്‌കോ റിപ്പോർട്ടിൽ പറയുന്നത്.

വഴിത്തിരിവായി റാപ്‌ലർ

അന്താരാഷ്ട്രതലത്തിലെ പ്രമുഖ ചാനലുകൾക്കുവേണ്ടി നടത്തിയ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിൻരെ പരിചയവും അനുഭവവും എന്നും റസ്സയ്‌ക്കൊപ്പമുണ്ടായിരുന്നു. ആ അനുഭവത്തിന്റെ പിൻബലത്തിലാണ് 2011ൽ മനില ആസ്ഥാനമായി സ്വന്തമായൊരു മാധ്യമസ്ഥാപനം റാപ്‌ലർ എന്ന പേരിൽ അവർ തുടങ്ങുന്നത്. സമാനമനസ്‌കരായ മാധ്യമസംരംഭകരെ കൂട്ടുപിടിച്ചായിരുന്നു റാപ്‌ലർ എന്നൊരു പരീക്ഷണത്തിനു തുടക്കമിട്ടത്. ആദ്യം MovePH എന്ന പേരിൽ ഫേസ്ബുക്ക് പേജായി തുടങ്ങി പിന്നീട് സമ്പൂർണ വാർത്താപോർട്ടലാക്കി മാറ്റുകയായിരുന്നു റസ്സയും സംഘവും.

ഫിലിപ്പൈൻസിലെ മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങളും ഭരണകൂട ഭീകരതയും നിരന്തരം റിപ്പോർട്ട് ചെയ്തായിരുന്നു റാപ്‌ലർ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടുന്നത്. ഏകാധിപത്യ, ഫാസിസ്റ്റ് സ്വഭാവമുള്ള ഏതു ഭരണകൂടങ്ങളെയും പോലെ ഫിലിപ്പൈൻസ് സർക്കാരും റാപ്‌ലറിന്റെയും റസ്സയുടെയും പിന്നാലെയുണ്ടായിരുന്നു.

പലതവണ പലപേരുകളിൽ സ്ഥാപനം പൂട്ടാൻ നോക്കി. 2018ലാണ് ആദ്യമായി സ്ഥാപനത്തിൻരെ ലൈസൻസ് റദ്ദാക്കാൻ ഭരണകൂടം നീക്കമാരംഭിച്ചത്. ഏറ്റവുമൊടുവിൽ വ്യാജവാർത്താ സ്ഥാപനമെന്ന് ആരോപിച്ച് ഏതാനും മാസങ്ങൾക്കുമുൻപും ഡ്യുറ്റെർറ്റെ ഭരണകൂടം നടപടിക്കൊരുങ്ങി. റാപ്‌ലറിന്റെ ഓഫീസിലും റസ്സയുടെ വസതിയിലുമടക്കം നികുതി വെട്ടിപ്പ് ആരോപിച്ച് നിരവധി തവണ ആദായനികുതി വകുപ്പിന്റെ അന്വേഷണങ്ങൾ നടന്നു.


ടൈം പേഴ്‌സൻ ഓഫ് ദ ഇയർ

മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്താരാഷ്ട്രതലത്തിലെ നിരവധി സംരംഭങ്ങളിൽ പങ്കാളിയായിരുന്നു റസ്സ. 2018ൽ ടൈം മാഗസിന്റെ പേഴ്‌സൻ ഓഫ് ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ ബിബിസിയുടെ '100 വുമൺ' പട്ടികയിലും ഇടംപിടിച്ചു. ഇതേവർഷം തന്നെ കൊളംബിയ സർവകലാശാലയുടെ കൊളംബിയ ജേണലിസം അവാർഡ്, കനേഡിയൻ ജേണലിസം ഫൗണ്ടേഷൻരെ പുരസ്‌കാരം എന്നിവയും ലഭിച്ചു.

റസ്സയുടെ മാധ്യമപോരാട്ടത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് 'എ തൗസൻഡ് കട്‌സ്'. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഫിലിപ്പൈൻ-അമേരിക്കൻ ചലച്ചിത്രകാരനായ റമോണ ഡിയസ് ആണ്. 2020ലാണ് ഡോക്യുമെന്ററി പുറത്തുവരുന്നത്. റാപ്്‌ലറിന്റെ നിർഭയ മാധ്യമപ്രവർത്തനത്തെയും അന്വേഷണാത്മക റിപ്പോർട്ടുകളെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടിത്.

Seeds of Terror: An Eyewitness Account of Al-Qaeda's Newest Center (2003), From Bin Laden to Facebook: 10 Days of Abduction, 10 Years of Terrorism തുടങ്ങിയവ മരിയ റസ്സയുടെ പുസ്തകങ്ങളാണ്.

റഷ്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പത്രാധിപർ

സോവിയറ്റ് യൂനിയന്റെ തകർച്ചയ്ക്കുശേഷം റഷ്യ കടന്നുപോയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ നേർസാക്ഷിയാണ് ദിമിത്രി മുറാട്ടോവ്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ തന്നെയായിരുന്നു റഷ്യയുടെ രാഷ്ട്രീയദിശാമാറ്റങ്ങൾക്കെല്ലാം അദ്ദേഹം സാക്ഷിയായത്. റഷ്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഒരുപാട് വിവാദങ്ങൾ പുറത്തുവിട്ട 'നൊവായ ഗസെറ്റ'യുടെ ദീർഘകാല പത്രാധിപരാണ് അദ്ദേഹം.

അന്വേഷണാത്മക പത്രപ്രവർത്തനത്തിനും സാമൂഹിക ഇടപെടലുകൾക്കും പേരുകേട്ട നൊവായ ഗസെറ്റയ്ക്ക് റഷ്യൻ നേതാവ് മിഖായേൽ ഗോർബച്ചേവ് 28 വർഷങ്ങൾക്കുമുൻപാണ് തുടക്കമിടുന്നത്. രണ്ടുവർഷങ്ങൾക്കുശേഷം പത്രത്തിൻരെ എഡിറ്റർ ഇൻ ചാർജായി മുറാട്ടോവ് സ്ഥാനമേറ്റു. മോസ്‌ക്കോ കേന്ദ്രമായി ആരംഭിച്ച പത്രം റഷ്യയിലെ ഏറ്റവും ജനപ്രിയ പത്രമായി മാറുകയായിരുന്നു പിന്നീട്. റഷ്യൻ രാഷ്ട്രീയ, സാമൂഹികരംഗങ്ങളെ പിടിച്ചുകുലുക്കിയ നിരവധി റിപ്പോർട്ടുകൾ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാരിലെ അഴിമതിയും ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളും ഒന്നുവിടാതെ വാർത്തയാക്കി മുറാട്ടോവിന്റെ നേതൃത്വത്തിൽ നൊവായ. ഇതിന്റെ പേരിൽ അഞ്ചു മാധ്യമപ്രവർത്തകരുടെ ജീവനും പത്രത്തിനു നഷ്ടമായിട്ടുണ്ട്.


അന്വേഷണാത്മക റിപ്പോർട്ടുകളുടെ പേരിൽ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാണ് എന്നും ദിമിത്രി മുറാട്ടോവ്. വിവിധ കേസുകളിൽപെടുത്തി ഭരണകൂടം നിരന്തരം വേട്ടയാടി. അപ്പോഴും ഒരു ഇളക്കവുമില്ലാതെ മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം അദ്ദേഹം തുടർന്നു.

കമ്മിറ്റി ടു പ്രോടക്ട് ജേണലിസ്റ്റ്‌സിന്റെ 2007ലെ ഇന്റർനാഷനൽ ഫ്രീഡം അവാർഡ് ലഭിച്ചത് മുറാട്ടോവിനായിരുന്നു. 2016ൽ വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ആൻഡ് ന്യൂസ് പബ്ലിഷേഴ്‌സിന്റെ ഗോൾഡൻ പെൻ ഓഫ് ഫ്രീഡം അവാർഡും ലഭിച്ചിട്ടുണ്ട്.

Similar Posts