World
മരിയുപോളിലെ രണ്ടാമത്തെ വെടിനിര്‍ത്തലും പാളി; ജനങ്ങളെ ഒഴിപ്പിക്കാനായില്ലെന്ന് യുക്രൈന്‍
World

മരിയുപോളിലെ രണ്ടാമത്തെ വെടിനിര്‍ത്തലും പാളി; ജനങ്ങളെ ഒഴിപ്പിക്കാനായില്ലെന്ന് യുക്രൈന്‍

Web Desk
|
7 March 2022 1:06 AM GMT

റഷ്യ വെടിനിർത്തൽ പാലിക്കാതെ ഷെല്ലിങ് തുടർന്നെന്ന് യുക്രൈന്‍

റഷ്യയുടെ കനത്ത ആക്രമണം നേരിടുന്ന മരിയുപോൾ നഗരത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ രണ്ടാമത് പ്രഖ്യാപിച്ച വെടിനിർത്തലും പാളി. റഷ്യ വെടിനിർത്തൽ പാലിക്കാതെ ഷെല്ലിങ് തുടർന്നതിനാൽ സുരക്ഷിതമെന്നു കരുതിയിരുന്ന മേഖലകളിൽ പോലും ഷെല്ലാക്രമണം രൂക്ഷമായതോടെ ഒഴിപ്പിക്കൽ മാറ്റിവെച്ചതായി യുക്രൈൻ അറിയിച്ചു.

മരിയുപോളിൽ നിന്നു 2 ലക്ഷം പേരെ ഒഴിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ചുരുക്കം പേർക്കു മാത്രമാണു പുറത്തെത്താനായത്. ഇവിടെ വെള്ളവും വൈദ്യുതിയും നിലച്ചിരിക്കുകയാണ്. കിയവിൽ നിന്ന് 250 കിലോമീറ്റർ അകലെ പടിഞ്ഞാറൻ യുക്രൈനിലെ സ്റ്ററോ കോസ്റ്റ്യാന്‍റിനിവ് വ്യോമതാവളം ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചു തകർത്തെന്നു റഷ്യ അറിയിച്ചു. യുക്രൈന്‍റെ എസ് 300 മിസൈൽ സംവിധാനവും 10 പോർവിമാനങ്ങളും തകർത്തെന്ന് റഷ്യയും പറഞ്ഞു.

യുക്രൈൻ പോരാട്ടം അവസാനിപ്പിച്ചാൽ മാത്രം സൈനിക നടപടി നിർത്താമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമര്‍ പുടിൻ തുർക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായി ഫോണിൽ നടത്തിയ ചർച്ചയിൽ അറിയിച്ചു. അതേസമയം ഇതുവരെ 11,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു.

ആക്രമണം പന്ത്രണ്ടാം ദിവസത്തില്‍

റഷ്യ-യുക്രൈൻ യുദ്ധം പന്ത്രണ്ടാം ദിനത്തില്‍. തുടക്കം മുതൽ ചെറുത്തുനിൽക്കുന്ന ഖാർകീവ്, തെക്കൻ നഗരമായ മരിയുപോൾ, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യൻ സേന ഷെല്ലാക്രമണവും വ്യോമാക്രമണവും നിർത്താതെ തുടരുകയാണ്. അതിനിടെ റഷ്യ - യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ച ഇന്ന് നടക്കും.

ഇർപിൻ പട്ടണത്തിലും റഷ്യ ബോംബിങ് ശക്തമാക്കി. തന്ത്രപ്രധാനമായ ഹോസ്റ്റോമെൽ വിമാനത്താവളത്തിന് സമീപമാണ് പട്ടണം. കിയവിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന റഷ്യയുടെ സൈനിക വാഹനവ്യൂഹവും ഇതിനടുത്താണുള്ളത്. റഷ്യൻ മുന്നേറ്റം തടയുന്നതിനായി ഇർപിനിലെ പാലങ്ങൾ യുക്രൈൻ സൈന്യം തകർത്തു.

കിയവിൽ യുക്രൈന്‍ സൈനികർ കിടങ്ങുകൾ നിർമിച്ചും റോഡുകൾ അടച്ചും പ്രതിരോധം ശക്തമാക്കി. സമീപ പ്രദേശങ്ങളിൽ ഷെല്ലാക്രമണം രൂക്ഷമാണ്. പ്രധാന പാതയിൽ മണൽചാക്കുകളും കോൺക്രീറ്റ് സ്ലാബുകളും നിരത്തി. തെക്കൻ നഗരമായ നോവ കഖോവ്‍ക്കയിൽ പ്രവേശിച്ച റഷ്യൻ സേനയ്ക്കെതിരെ പ്രതിഷേധവുമായി രണ്ടായിരത്തിലേറെപ്പേർ ദേശീയ പതാകയുമായി തെരുവിലിറങ്ങി.


Similar Posts