റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു; പുടിൻ മോസ്കോ വിട്ടെന്ന് റിപ്പോർട്ട്
|വാഗ്നർ സംഘത്തിന്റെ അട്ടിമറി നീക്കത്തെ തുടർന്നാണ് പ്രസിഡന്റ് പുടിൻ പട്ടാളനിയമം പ്രഖ്യാപിച്ചത്.
മോസ്കോ: വാഗ്നർ സംഘത്തിന്റെ അട്ടിമറി നീക്കത്തെ തുടർന്ന് റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ഉത്തരവിൽ പ്രസിഡന്റ് പുടിൻ ഒപ്പുവെച്ചു. പുടിന്റെ കൂലിപ്പട്ടാളമായി അറിയപ്പെടുന്ന വാഗ്നർ ഗ്രൂപ്പ് തിരിഞ്ഞുകുത്തിയതോടെയാണ് അട്ടിമറി ഭീഷണിയുയർന്നത്. വാഗ്നർ സംഘം തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ട് നീങ്ങിയതോടെ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനങ്ങളിലൊന്ന് മോസ്കോയിൽനിന്ന് പറന്നുയർന്നു. പുടിൻ മോസ്കോ വിട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അദ്ദേഹം മോസ്കോയിൽതന്നെയുണ്ടെന്നാണ് ക്രെംലിൻ കൊട്ടാരം അവകാശപ്പെടുന്നത്.
BREAKING: One of Russia's presidential planes has left Moscow, as Kremlin says Putin is still working in the capital.
— The Spectator Index (@spectatorindex) June 24, 2023
പുടിന്റെ അടുത്ത അനുയായിയായിരുന്ന യെവ്ഗിനി പ്രിഗോഷ് ആണ് വാഗ്നർ സംഘത്തിന്റെ തലവൻ. റഷ്യയിലെ മൂന്നു നഗരങ്ങൾ വാഗ്നർ സംഘം പിടിച്ചെടുത്തതായാണ് വിവരം. പല സ്ഥലത്തും വിമതർ പ്രധാന റോഡുകൾ അടച്ച് കുഴിബോംബുകൾ സ്ഥാപിച്ചു. മോസ്കോ നഗരത്തെ വിമതരിൽനിന്ന് രക്ഷിക്കാൻ റഷ്യൻ സൈന്യം രംഗത്തെത്തിയിട്ടുണ്ട്.
വാഗ്നർ സംഘത്തിനെതിരെ കടുത്ത നടപടികളുണ്ടാവുമെന്ന സൂചനയുമായി പുടിൻ രംഗത്തെത്തിയിരുന്നു. അതിമോഹംകൊണ്ട് ചിലർ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും കലാപനീക്കം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിൻ പറഞ്ഞു.