കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: മൂന്ന് വർഷങ്ങൾക്ക് ശേഷം മാസ്‌ക് മാറ്റി ജപ്പാൻ
|കോവിഡ് നിയന്ത്രണങ്ങൾ ഏറ്റവുമവസാനം ഒഴിവാക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ
ടോക്കിയോ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ജപ്പാൻ. മൂന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായി മാസ്‌ക് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇന്നലെ മുതലാണ് പൊതുയിടങ്ങളിൽ ഇനി മുതൽ മാസ്‌ക് നിർബന്ധമല്ലെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
എന്നാൽ നീണ്ട കാലമായി മാസ്‌ക് ജപ്പാനിലെ ജനതയുടെ ജീവിതചര്യയുടെ ഭാഗമായതിനാൽ ഉത്തരവ് എത്രകണ്ട് പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പില്ല.
കോവിഡിന് മുമ്പും മാസ്‌ക് ധരിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഉത്തരവ് എല്ലാവരും പാലിക്കണമെന്നില്ലെന്നും ടൊഹുകോയിലെ യൂണിവേഴ്‌സിറ്റി പ്രഫസറായ ഹിതോഷി ഒഷിടാനി പ്രതികരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഏറ്റവുമവസാനം ഒഴിവാക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പൊതുവാഹനങ്ങളിൽ മാസ്‌ക് വേണ്ടെന്ന് സിംഗപ്പൂർ ഉത്തരവിറക്കിയത് ഫെബ്രുവരിയിലാണ്. ദക്ഷിണ കൊറിയയാകട്ടെ പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് ജനുവരിയിൽ നിർബന്ധമാക്കി. യുഎസും ഇംഗ്ലണ്ടുമെല്ലാം കഴിഞ്ഞ വർഷം തന്നെ പൊതുയിടങ്ങളിൽ മാസ്‌ക് ഒഴിവാക്കിയിരുന്നു.
ടോക്കിയോയിലെ ഡിസ്‌നി പാർക്ക്, ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ടോഹോ കോ എന്ന സിനിമാ ഓപ്പറേറ്റിങ് കമ്പനി എന്നിവരെല്ലാം ജീവനക്കാരെ മാസ്‌കില്ലാതെ തന്നെ ജോലിക്ക് പ്രവേശിപ്പിച്ചു. ക്യാബിനറ്റ് മീറ്റിംഗുകളിൽ മാസ്‌ക് അധികം വൈകാതെ തന്നെ ഒഴിവാക്കുമെന്ന് സർക്കാർ വക്താവ് ഹിറോകാസു മട്‌സുനോ കഴിഞ്ഞയാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.