World
യുക്രയിനിലെ കൂട്ടക്കുഴിമാടങ്ങൾ; ജോസഫ് സ്റ്റാലിൻ വീണ്ടും ചർച്ചയാകുമ്പോൾ
World

യുക്രയിനിലെ കൂട്ടക്കുഴിമാടങ്ങൾ; ജോസഫ് സ്റ്റാലിൻ വീണ്ടും ചർച്ചയാകുമ്പോൾ

Web Desk
|
29 Aug 2021 9:49 AM GMT

സ്റ്റാലിന്റെ കാലയളവിൽ നടന്ന കൂട്ടക്കൊലകളുടെ ചരിത്രമിങ്ങനെ

യുക്രയിനിലെ ഒഡേസ നഗരത്തിൽ 1937-39 കാലത്ത് കൊല്ലപ്പെട്ടെന്നു കരുതുന്ന എണ്ണായിരത്തോളം പേരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തിരിക്കുകയാണ്. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്താണ് ഇവരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് എന്ന് കരുതപ്പെടുന്നു. രാജ്യത്ത് ഇതുവരെ കണ്ടെടുക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ കൂട്ടശ്മശാനമാണിത്.

സോവിയേറ്റ് യൂണിയന്റെ രഹസ്യപൊലീസ് വിഭാഗമായ എൻകെവിഡിയാണ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് എന്ന് കരുതുന്നതായി യുക്രയ്ൻ നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ട് റീജ്യണൽ മേധാവി സെർഗി ഗുട്സാല്യുക് പറയുന്നു.

സ്റ്റാലിന്റെ നേതൃത്വത്തിൽ വ്യവസ്ഥാപിതമായി നടന്ന കൂട്ടക്കൊലകളിൽ ഒന്നു മാത്രമാണ് യുക്രയിനിലേത്. ഇരുപത് ലക്ഷത്തിലേറെ പേർ സ്റ്റാലിൻ യുഎസ്എസ്ആർ ഭരിച്ച കാലയളവിൽ കൊല്ലപ്പെട്ടു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. സ്റ്റാലിന്റെ കാലയളവിൽ നടന്ന കൂട്ടക്കൊലകളുടെ ചരിത്രമിങ്ങനെ;

1930-53 കാലയളവിൽ സ്റ്റാലിൻ 20 ലക്ഷത്തിലേറെ വകവരുത്തി എന്നാണ് ആർക്കൈവ്‌സ് രേഖകളെ ഉദ്ധരിച്ച് വിവിധ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. പട്ടിണി മൂലം മരിച്ചവരും രാഷ്ട്രീയമായി വകവരുത്തിയവരും ഇവരിലുണ്ട്.


സ്റ്റാലിന്റെ തലതിരിഞ്ഞ കാർഷിക നയങ്ങളാണ് ആദ്യം ക്ഷാമത്തിലേക്കും പിന്നീട് പലായനങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും നയിച്ചത്. 1928-40 കാലയളവിലാണ് യുഎസ്എസ്ആറിൽ വലിയ ഭക്ഷ്യക്ഷാമമുണ്ടായത്. സ്റ്റാലിൻ അധികാരമേറ്റമെടുത്തപ്പോൾ കൊണ്ടുവന്ന കാർഷിക നയമാണ് ക്ഷാമത്തിന് വഴിവച്ചത്. കാർഷിക മേഖല നവീകരിക്കുന്നു എന്നവകാശപ്പെട്ട് കൊണ്ടുവന്ന കളക്ടിവൈസേഷൻ (ഭരണകൂട ഉടമസ്ഥതയിൽ കൂട്ടമായി കൃഷി ചെയ്യൽ) നയം അമ്പേ പരാജയമായി. സാധാരണ കർഷകരുടെയും ഭൂവുടമകളുടെയും എതിർപ്പുകൾ വകവയ്ക്കാതെയാണ് സ്റ്റാലിൻ നയം നടപ്പാക്കിയത്. ഇതേത്തുടർന്നുണ്ടായ ഭക്ഷ്യക്ഷാമത്തിൽ അഞ്ചു ദശലക്ഷം പേർ മരിച്ചു എന്നാണ് കണക്ക്. ഈ ഭക്ഷ്യക്ഷാമം ഗ്രേറ്റ് ഫമിൻ എന്നറിയപ്പെടുന്നു. ദുരന്തങ്ങളുണ്ടായിട്ടും കളക്ടിവൈസേഷനെ സ്റ്റാലിൻ ന്യായീകരിച്ചിരുന്നു എന്നതാണ് കൗതുകകരം.

പുതിയ കാർഷിക നയപ്രകാരം ഭരണകൂടം ജനങ്ങളുടെ ഭൂമികൾ പിടിച്ചെടുത്തു. എന്നാൽ പല മേഖലകളിലും കർഷക പ്രതിഷേധങ്ങളുണ്ടായി. തടസ്സം നിന്നവരെ വകവരുത്തിയാണ് നയം നടപ്പാക്കിയത്. സമ്പന്ന കർഷകരായ കുലാകുകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത്. ലക്ഷക്കണക്കിന് പേരെ ഗുലാഗിലെ ലേബർ ക്യാമ്പിലേക്കും സൈബീരിയയിലേക്കും അയച്ചു. 1929-53നിടയിൽ 14 ദശലക്ഷം പേരെ ഗുലാഗിലെ ലേബർ ക്യാമ്പിൽ തടവിലാക്കി എന്നാണ് കണക്ക്.


കുലാകുകളെ 'ഒരു വർഗം എന്ന നിലയിൽ ഇല്ലായ്മ ചെയ്യാനാണ്' സ്റ്റാലിൻ ഉത്തരവിട്ടത് എന്നാണ് രേഖകള്‍ പറയുന്നത്. 1930-31ൽ മാത്രം 1,803,392 പേരെ ലേബർ കോളനികളിലേക്ക് അയച്ചതായി 1990ൽ സോവിയേറ്റ് ആർക്കൈവ്‌സ് രേഖകളിൽ പറയുന്നു. ഇതിൽ 1,317,022 പേരാണ് ക്യാമ്പുകളിലെത്തിയത്. 486,370 പേരെ കുറിച്ച് വിരവങ്ങളില്ല. ഇത്രയും പേരെ ഭരണകൂടം വധിച്ചു എന്നാണ് ദ വിസ്പറേഴ്‌സ് എന്ന പുസ്‌കത്തിൽ ബ്രിട്ടീഷ് ചരിത്രകാരൻ ഒർലാൻഡോ ഫിഗെസ് പറയുന്നത്. നാലു ലക്ഷത്തോളം പേർ ക്യാമ്പുകളിൽ മരിച്ചു.

സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായ ശേഷം ലഭ്യമായ ആർക്കൈവ്‌സ് രേഖകൾ പ്രകാരം രാഷ്ട്രീയത്തടവുകാർ ഉൾപ്പെടെ എട്ട് ലക്ഷം ജയിൽപ്പുള്ളികളെ സ്റ്റാലിൻ വധിച്ചു എന്നാണ് കണക്ക്. ഗുലാഗിലെ നിർബന്ധിത ലേബർ ക്യാമ്പിൽ 1.7 ദശലക്ഷം പേരാണ് കൊല്ലപ്പെട്ടത്. 1934-53 കാലയളവിൽ ഗുലാഗിൽ 1,053,829 പേർ കൊല്ലപ്പെട്ടു എന്നാണ് ആർക്കൈവ്‌സ് വിവരങ്ങൾ ഉപയോഗിച്ചു നടത്തിയ പഠനത്തിൽ യുഎസ് ചരിത്രകാരൻ ജെ ആർച്ച് ഗെറ്റി ചൂണ്ടിക്കാട്ടുന്നത്.


രാഷ്ട്രീയ എതിരാളികളെ വിവേചന രഹിതമായി സ്റ്റാലിൻ വകവരുത്തിയിരുന്നു എന്നാണ് ചരിത്രം. സ്റ്റാലിൻ അധികാരത്തിലിരുന്ന കാലത്ത് 139 സെൻട്രൽ കമ്മിറ്റികളിലെ 90 പേരെയും 103 ജനറൽമാരിലെ 83 പേരെയും അദ്ദേഹം വധശിക്ഷയ്ക്ക് വിധിച്ചു. ഗ്രേറ്റ് പർജ് (മഹാശുദ്ധീകരണം) എന്നാണ് ഇതറിയപ്പെട്ടത്. രഹസ്യപൊലീസ് വിഭാഗമായ എൻകെവിഡിയാണ് ഇതിന് ചുക്കാൻ പിടിച്ചത്.

1879 ഡിസംബർ 18ന് ഗോറിയിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച സ്റ്റാലിൻ ചെറുപ്പത്തിൽ തന്നെ വിപ്ലവ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. സാറിസ്റ്റ് രഹസ്യാന്വേഷണ പൊലീസിന്റെ നിരീക്ഷണപ്പട്ടികയിലും അദ്ദേഹമുണ്ടായിരുന്നു. പിന്നീട് ബോൾഷെവിക് പാർട്ടിയിൽ ചേരുകയും ഭരണകൂടത്തിന് എതിരെയുള്ള ഗറില്ലാ യുദ്ധങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. 1910ൽ ഭരണകൂടം സൈബീരിയയിലേക്ക് നാടു കടത്തി.

നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച് വ്‌ളാദിമിർ ലെനിൻ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലെത്തിയതോടെ സ്റ്റാലിൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1924ൽ ലെനിന്റെ മരണശേഷം സ്റ്റാലിൻ രാഷ്ട്രീയാധികാരം കൈയടക്കി. വിപ്ലവ നേതാവായ ലിയോ ട്രോട്‌സ്‌കിയെ മറികടന്നാണ് സ്റ്റാലിൻ അധികാരമേറ്റെടുത്തത്. പാർട്ടി അംഗത്വത്തിൽ നിന്നു തന്നെ പുറത്താക്കപ്പെട്ട ട്രോട്‌സ്‌കി മെക്‌സിക്കോയിൽ അഭയം തേടി. എന്നാൽ 1940ൽ സ്റ്റാലിന്റെ ഉത്തരവു പ്രകാരം സ്‌പെയിൻ പൗരനായ സോവിയറ്റ് ഏജന്റ് റാമോൻ മെർക്കദെർ ഹിമക്കോടാലി കൊണ്ട് ട്രോട്ക്‌സിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related Tags :
Similar Posts