മെക്സിക്കോയിൽ മേയർ അടക്കം 18 പേരെ വെടിവച്ച് കൊന്നു
|ആക്രമണത്തിന്റെ ഉത്തരവാദിത്തം ക്രിമിനൽ സംഘമായ 'ലോസ് ടെക്വിലറോസ്' ഏറ്റെടുത്തു.
തെക്ക്- പടിഞ്ഞാറൻ മെക്സിക്കോയിലെ സാൻ മിഗുവൽ ടോട്ടോലപാൻ നഗരത്തിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ മേയർ അടക്കം 18 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. മെക്സിക്കൻ മേയർ കോൺറാഡോ മെൻഡോസ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
ഗുറേറോ സംസ്ഥാനത്തെ സാൻ മിഗുവൽ ടോട്ടോലപാനിലെ ഒരു സിറ്റി ഹാളിനും സമീപത്തെ വീടിനും നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ മേയറുടെ പിതാവും മുൻ മേയറുമായ ജുവാൻ മെൻഡോസയും പൊലീസ് ഉദ്യോഗസ്ഥരും കൗൺസിൽ പ്രവർത്തകരും ഉൾപ്പെടുന്നു.
കെട്ടിടത്തിന്റെ പുറംഭിത്തികൾ നിരവധി ബുള്ളറ്റ് ദ്വാരങ്ങളാൽ നിറഞ്ഞിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ക്രിമിനൽ സംഘമായ 'ലോസ് ടെക്വിലറോസ്' ഏറ്റെടുത്തു.
എന്നാൽ ഇക്കാര്യം പ്രാദേശിക ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടത്തിന് മുന്നിൽ രക്തം പുരണ്ട ശരീരങ്ങൾ നിലത്ത് കിടക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.