World
ഇസ്രായേലിനെ പിന്തുണച്ചത് തിരിച്ചടിയായെന്ന് മക്ഡൊണാൾഡ്സ് സി.ഇ.ഒ
World

ഇസ്രായേലിനെ പിന്തുണച്ചത് തിരിച്ചടിയായെന്ന് മക്ഡൊണാൾഡ്സ് സി.ഇ.ഒ

Web Desk
|
5 Jan 2024 5:27 AM GMT

ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിലുണ്ടായ ബഹിഷ്കരണം കമ്പനിക്ക് വൻ നഷ്ടമുണ്ടാക്കിയെന്ന് കമ്പനി അധികൃതർ

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണങ്ങളെ പിന്തുണച്ചത് തിരിച്ചടിയായെന്ന് മക്‌ഡൊണാൾഡ് സിഇഒ ക്രിസ് കെംപ്‌സിൻസ്‌കി.ഇസ്രായേൽ അനുകൂല നിലപാട് പരസ്യമായി സ്വീകരിച്ചതിന്റെ പേരിലുണ്ടായ ബഹിഷ്കരണം കമ്പനിക്ക് വൻ നഷ്ടമുണ്ടാക്കിയെന്നും ക്രിസ്. ഇതാദ്യമായാണ് ​മക്ഡൊണാൾഡ്സ് അധികൃതർ ബഹിഷ്കരണം കമ്പനിയെ ബാധിച്ചുവെന്ന് തുറന്ന് പറയുന്നത്.

ഗസ്സയിൽ ബോംബാക്രമണം നടത്തുന്ന ഇസ്രായേൽ സേനക്ക് മക്ഡൊണാൾഡ്സ് സൗജന്യമായി ഭക്ഷണം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഗോളതലത്തിൽ ബഹിഷ്‍കരണ കാമ്പയിൻ തുടങ്ങിയത്. ഇതിനെ തുടർന്ന് മിഡിൽ ഈസ്റ്റിലെയും പുറത്തെയും വിപണികളിൽ വൻനഷ്ടമുണ്ടായി ക്രിസ് പറയുന്നു.

മക്‌ഡൊണാൾഡ്‌സും സ്റ്റാർബക്‌സും ഉൾപ്പെടെയുള്ള പാശ്ചാത്യ ഫാസ്റ്റ്‌ഫുഡ് ശൃംഖലകൾ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ഇസ്രായേലിന് സാമ്പത്തിക പിന്തുണ നൽകുന്നുവെന്നും ക്യാമ്പയിനുകൾ നടന്നു. അതെ സമയം ചിലർ വ്യാജവിവരങ്ങളും കമ്പനിക്കെതിരെയുള്ള ക്യാമ്പയിന് ആയുധമാക്കിയെന്നും ക്രിസ് പറയുന്നു.

അറബ് രാജ്യങ്ങളിൽ ഉൾപ്പടെ എല്ലാ രാജ്യങ്ങളിലും പ്രാദേശിക ഓപ്പറേറ്റർമാരുടെ പിന്തുണ​യോടെയാണ് മക്ഡോണാൾഡ്സ് പ്രവർത്തിക്കുന്നത്.ഇവി​ടങ്ങളിലെല്ലാം ആയിരക്കണക്കിന് പേർക്ക് തൊഴിൽ കൊടുക്കുന്നുണ്ടെന്നും ക്രിസ് പറയുന്നു.എന്നാൽ ഇസ്രായേൽ സേനക്ക് പിന്തുണ നൽകുന്നുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും ​​ഫ്രാഞ്ചൈസികൾ നിരസിച്ചു.

ഈജിപ്തിലും ജോർദാനിലുമുണ്ടായ ബഹിഷ്‌കരണത്തിന്റെ ആഘാതം പല പാശ്ചാത്യ ബ്രാൻഡുകളും അനുഭവിക്കുന്നുണ്ട്. എന്നാൽ ആ ബഹിഷ്കരണം ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണെന്നും അതിനുദാഹരണമാണ് മലേഷ്യയിൽ കമ്പനിക്ക് ഉണ്ടായ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ഗസ്സയിൽ ആരംഭിച്ച ബോംബാക്രമണത്തിൽ കുട്ടികളടക്കം 22,438 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊന്നുകളഞ്ഞത്.

Similar Posts