World
McDonalds lost 700 crores for supporting Israel
World

ഇസ്രായേലിനെ പിന്തുണച്ചു; നഷ്ടമുണ്ടായെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം മക്‌ഡൊണാൾഡ്‌സിന് 700 കോടിയുടെ നഷ്ടം

Web Desk
|
16 March 2024 10:26 AM GMT

ബഹിഷ്‌കരണ കാമ്പയിൻ വിനയായെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ വെളിപ്പെടുത്തിയതിനെ തുടർന്ന് മണിക്കൂറുകൾക്കകമാണ് നഷ്ടം വീണ്ടും വർധിച്ചത്

ഇസ്രയേലിനെ പിന്തുണക്കുന്നതിനെ തുടർന്ന് ബഹിഷ്‌കരണം നേരിടുന്ന മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ (700 കോടി) നഷ്ടം. അറബ് മേഖലയിലും ഇസ്ലാമിക ലോകത്തും ബഹിഷ്‌കരണ കാമ്പയിൻ വിനയായെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഇയാൻ ബോർഡൻ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് മണിക്കൂറുകൾക്കകമാണ് നഷ്ടം വീണ്ടും വർധിച്ചത്. ബുധനാഴ്ചത്തെ ട്രേഡിങ്ങിൽ മക്ഡൊണാൾഡിന്റെ ഓഹരികൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. അഞ്ച് ആഴ്ചയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് കമ്പനി നേരിടുന്നതെന്ന് ജോർദാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെ സ്റ്റോക്ക് 3.37 ശതമാനം അല്ലെങ്കിൽ 9.93 ഡോളർ ഇടിഞ്ഞ് 284.36 ഡോളറിലെത്തിയെന്നും ഇതോടെ കമ്പനിക്ക് 6.87 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറഞ്ഞു.

മിഡിൽ ഈസ്റ്റിലെ സംഘർഷവും ചൈനയിൽ ഡിമാൻഡ് കുറഞ്ഞതും മൂലം നിലവിലെ പാദത്തിൽ അന്താരാഷ്ട്ര വിൽപ്പന ക്രമേണ കുറയുമെന്ന് ബോർഡൻ സമ്മതിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര വിപണികളിലെ ആദ്യ പാദത്തിലെ വിൽപ്പന അൽപം കുറവായിരിക്കുമെന്നാണ് ഗ്ലോബൽ കൺസ്യൂമർ ആൻഡ് റീട്ടെയിൽ കോൺഫറൻസിൽ ബോർഡൻ പറഞ്ഞത്.

ബഹിഷ്‌കരണ പ്രചാരണങ്ങളാണ് ആഗോളതലത്തിൽ വൻ ശൃംഖലയുള്ള കമ്പനിക്ക് തുടർച്ചയായ നഷ്ടത്തിന് വഴിയൊരുക്കുന്നത്. ഇസ്രായേൽ അധിനിവേശ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലിലെ മക്‌ഡൊണാൾഡ് പ്രഖ്യാപിച്ചത് അറബ്, ഇസ്‌ലാമിക ലോകങ്ങളിലെ ഉപഭോക്താക്കളെ രോഷാകുലരാക്കിയിരുന്നു. ഈ ദേഷ്യം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അറബ് മേഖലയിലെ ചില മക്‌ഡൊണാൾഡ് ശാഖകൾ ഗസ്സ ദുരിതാശ്വാസത്തിനായി സംഭാവനകൾ പ്രഖ്യാപിച്ചു. എന്നാൽ ഇതൊന്നും ബഹിഷ്‌കരണം ഇല്ലാതാക്കാൻ മതിയാകില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

മിഡിൽ ഈസ്റ്റിലും മറ്റ് സ്ഥലങ്ങളിലും പ്രചരിക്കുന്ന 'തെറ്റായ വിവരങ്ങൾ' വിൽപ്പനയെ ദോഷകരമായി ബാധിക്കുമെന്ന് കഴിഞ്ഞ മാസം മക്ഡൊണാൾഡിന്റെ പ്രസിഡന്റും സിഇഒയുമായ ക്രിസ് കെംപ്സിൻസ്‌കി പറഞ്ഞിരുന്നു.

അഞ്ച് മാസത്തിലേറെയായി ഗസ്സയ്ക്കെതിരെ നടക്കുന്ന ഇസ്രായേൽ ആക്രമണത്തെ അനുകൂലിക്കുന്ന നിരവധി പാശ്ചാത്യ ബ്രാൻഡുകൾക്കെതിരെ പ്രതിഷേധങ്ങളും ബഹിഷ്‌കരണവും സജീവമായി നടക്കുന്നുണ്ട്. ബർഗർ കിംഗ്, കെഎഫ്സി, പിസ്സ ഹട്ട്, കൊക്കകോള, പെപ്സി, പ്യൂമ, സ്റ്റാർബക്‌സ്, സാറ തുടങ്ങിയ ബ്രാൻഡുകളും ഈ പട്ടികയിലുണ്ട്. ഈ കമ്പനികൾ ഒന്നുകിൽ ഇസ്രായേലിന് തുറന്ന പിന്തുണ പ്രകടിപ്പിക്കുകയോ ഇസ്രായേലുമായി സാമ്പത്തിക ബന്ധം പുലർത്തുകയോ ചെയ്യുന്നവയാണ്.

ബഹിഷ്‌കരണം, വിഭജനം, ഉപരോധം മൂവ്മെന്റാ(ബിഡിഎസ്)ണ് ബഹിഷ്‌കരണത്തിന് നേതൃത്വം നൽകുന്നത്. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയിലും വർണവിവേചനത്തിലും കമ്പനികൾ പങ്കാളിത്തം വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം.

ഈത്തപ്പഴ കയറ്റുമതിയിലും ഇസ്രായേലിന് തിരിച്ചടി

റമദാൻ കാലത്ത് സജീവമാകുന്ന ഈത്തപ്പഴ കയറ്റുമതിയിലും ഇസ്രായേൽ തിരിച്ചടി നേരിടുകയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങളിലുടനീളം ഇസ്രായേലിൽ നിന്നുള്ള ഈത്തപ്പഴം ജനങ്ങൾ ബഹിഷ്‌കരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പരമോന്നത മുസ്‌ലിം സംഘം ഇസ്രായേലി ഈത്തപ്പഴ ഇറക്കുമതി തടയാൻ പൊതുജനങ്ങളെ ഓർമിപ്പിച്ചിരുന്നു. ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ഉലമയും നദ്‌വതുൽ ഉലമയുമാണ് ആഹ്വാനം നടത്തിയത്. ഇസ്രായേലിൽനിന്നുള്ള ഈത്തപ്പഴം നിഷിദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രാദേശിക വിൽപ്പനയ്ക്കായി ഈത്തപ്പഴ പാക്കറ്റിൽ തെറ്റായി ലേബൽ ചെയ്തുവെന്നാരോപിച്ച് ഒരാളെ മലേഷ്യൻ കസ്റ്റംസ് അറസ്റ്റു ചെയ്യുകയും ചെയ്തു. മലേഷ്യ സെലാംഗറിലെ ക്ലാങ് പോർട്ടിലെ വെയർഹൗസിലാണ് റെയ്ഡ് നടന്നത്. അവിടെ ഇസ്രായേലിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന 73 പായ്ക്കറ്റ് മെഡ്ജൂൾ ഈത്തപ്പഴം അധികൃതർ കണ്ടുകെട്ടി.

ലോകത്തിൽ ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ, പ്രത്യേകിച്ചും ജനപ്രിയമായ മെഡ്ജൂൾ ഈത്തപ്പഴം. ഇസ്രായേലിൽനിന്നുള്ള വാർഷിക ഈത്തപ്പഴ കയറ്റുമതിയുടെ മൂന്നിലൊന്നും റമദാൻ മാസത്തിലാണ് നടക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത സെറ്റിൽമെന്റുകളിൽ ഇസ്രായേലി കുടിയേറ്റക്കാരാണ് ഇസ്രായേലി മെഡ്ജൂൾ ഈത്തപ്പഴങ്ങളിൽ ഭൂരിഭാഗവും കൃഷി ചെയ്യുന്നതെന്നാണ് ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ പറയുന്നത്.

ഈത്തപ്പഴം വാങ്ങുന്നതിന് മുമ്പ് ലേബലുകൾ പരിശോധിക്കണമെന്ന് ഇസ്രായേലി അധിനിവേശ വിരുദ്ധ കാമ്പയിനർമാർ ആളുകൾക്ക് പതിവായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം ബഹിഷ്‌കരണം ഇസ്രയേലിന് നൽകുന്ന സാമ്പത്തിക ആഘാതം വളരെ വലുതായിരിക്കും. കാരണം മെഡ്ജൂൾ ഈത്തപ്പഴ വിപണിയിൽ 50 ശതമാനവും നൽകുന്നത് ഇസ്രായേലാണ്. 2022ൽ മാത്രം ഇസ്രായേലിൽ നിന്ന് 338 മില്യൺ ഡോളറിന്റെ ഈത്തപ്പഴ കയറ്റുമതിയാണ് നടത്തിയതെന്നാണ് ഇസ്രായേലി കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതേ വർഷം മറ്റെല്ലാ പഴങ്ങളുമായി 432 മില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നതെന്നും അധികൃതർ പറയുന്നു.

ഗസ്സയ്ക്കെതിരെ ആക്രമണം നടത്തി ഇസ്രായേൽ സേന 31,000 ഫലസ്തീനികളെയാണ് കൊന്നൊടുക്കിയത്. കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരും കുട്ടികളുമാണ്. ഗസ്സയിലെ ജനസംഖ്യയുടെ 80% പേരെയും നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കാനും യുദ്ധം കാരണമായി. നിലവിൽ ഇസ്രയേൽ ഉപരോധം നടത്തി ഫലസ്തീൻ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. ഇതോടെ ഗസ്സയിൽ ഡസൻ കണക്കിന് കുട്ടികൾ പട്ടിണി മൂലം മരിച്ചതായി യുഎൻ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Similar Posts