World
ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി
World

ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

Web Desk
|
15 Nov 2024 1:55 PM GMT

ഭാവിയിൽ നടക്കുന്ന ആഘോഷങ്ങളിൽ ശ്രദ്ധിക്കാമെന്ന് പ്രസ്താവന

ലണ്ടൻ: ദീപാവലി ചടങ്ങിന് മാംസാഹാരവും മദ്യവും വിളമ്പിയതിന് പിന്നാലെ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ. ഡൗണിങ് സ്ട്രീറ്റിൽ നടന്ന ചടങ്ങിൽ മാംസവും മദ്യവും ഉൾപ്പെടുത്തിയതിന് ബ്രിട്ടീഷ് ഹിന്ദു പൗരന്മാരിൽ നിന്നും രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രിക്ക് നേരെ ഉയർന്നുവന്നത്.

ചടങ്ങിലെ ഭക്ഷണത്തിന്റെ മെനു പുറത്തുവിട്ടിരുന്നില്ലെങ്കിലും തങ്ങൾക്ക് തെറ്റുപറ്റിയെന്നും ഹിന്ദു സമൂഹത്തിൻ്റെ ആശങ്ക മനസിലാക്കുന്നുവെന്നും സ്റ്റാമറുടെ വക്താവ് പ്രതികരിച്ചു. ഭാവിയിൽ നടക്കുന്ന ആഘോഷങ്ങളിൽ ശ്രദ്ധിക്കാമെന്നും വക്താവ് കൂട്ടിച്ചേർത്തു.

ചടങ്ങിന് പിന്നാലെ ബ്രിട്ടീഷ് ഇന്ത്യൻ കൺസർവേറ്റീവ് എംപി ശിവാനി രാജ സ്റ്റാമറിന് വിഷയത്തെക്കുറിച്ച് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

പ്രസ്താവനയിൽ ഹിന്ദു പാരമ്പര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയിൽ ചടങ്ങിന്റെ സംഘാടകരെ വിമർശിക്കുകയും ചടങ്ങിന്റെ മേൽനോട്ടത്തിൽ പിശക് വരുത്തിയതിന് നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഒക്ടോബർ 29നായിരുന്നു പുതിയ ലേബർ ഗവൺമെന്റ് ദീപാവലി ആഘോഷം സംഘടിപ്പിച്ചത്.

സംഭവം വിവാദമായതോടെ ഇൻസൈറ്റ് യുകെ പോലുള്ള നിരവധി ഗ്രൂപ്പുകളാണ് പ്രധാനമന്ത്രിയോട് വിമർശനം രേഖപ്പെടുത്തിയത്. മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ മതവിഭാഗത്തിലെ ആളുകളോട് ചടങ്ങിന്റെ രീതി ചോദിക്കുന്നത് നന്നായിരിക്കുമെന്നാണ് ഒരു വിമർശനം.

Similar Posts