World
പ്രായം വെറും 23; ലോകത്തിനി കാണാന്‍ നാടില്ല! ഇത് ഉലകം ചുറ്റും ലെക്‌സി
World

പ്രായം വെറും 23; ലോകത്തിനി കാണാന്‍ നാടില്ല! ഇത് ഉലകം ചുറ്റും ലെക്‌സി

Web Desk
|
21 Sep 2021 4:53 PM GMT

18 വയസിനുള്ളില്‍ 70 രാജ്യങ്ങളിലേക്ക് ലെക്‌സി യാത്ര പോയിട്ടിട്ടുണ്ട്

യാത്ര ചെയ്യാനായി ആഗ്രഹമില്ലാത്തവരായി ആരാണുള്ളത്! പക്ഷേ എല്ലാവര്‍ക്കും അതിനുള്ള സാഹചര്യം ഉണ്ടാകണമെന്നില്ല. എന്നാല്‍, 23 വയസിനുള്ളില്‍ ലോകം മുഴുവന്‍ ചുറ്റിയ ഒരു പെണ്‍കുട്ടിയുണ്ട്. യുഎസിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍നിന്നുള്ള ലെക്സി അല്‍ഫോഡ് ലോകം മുഴുവന്‍ ചുറ്റിക്കണ്ട് പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. ലോകത്തെ മുഴുവന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് ലെക്‌സി


ലെക്സിയുടെ അമ്മയ്ക്ക് സ്വന്തമായി ട്രാവല്‍ ഏജന്‍സിയുണ്ടായിരുന്നു. അവിടെനിന്നാണ് ഉലകയാത്രയുടെ തുടക്കം. 18 വയസിനുള്ളില്‍ തന്നെ 70 രാജ്യങ്ങളിലെത്തി. ലോകം ചുറ്റണമെന്ന് സ്വപ്നം കണ്ടുതുടങ്ങുന്നത് 12 വയസുമുതലാണ്. ജോലിയും സ്‌കൂളുമൊന്നുമില്ലാതെ ഒരു വര്‍ഷം പൂര്‍ണമായും യാത്രയ്ക്കായി മാറ്റിവയ്ക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി ചെറുപ്പംതൊട്ടേ കഠിനമായി അധ്വാനിക്കും ചെയ്തിരുന്നുവെന്ന് ലെക്സി പറയുന്നു. 18 വയസില്‍ തന്നെ അസോസിയേറ്റ് ബിരുദം നേടിയ മിടുക്കിയാണ് ലെക്സി.


ഒറ്റയ്ക്കുള്ള യാത്രകള്‍ ഓരോ അനുഭവങ്ങളാണ്. പുതിയ സ്ഥലം, സംസ്‌കാരം, ഭാഷ... അങ്ങനെ എല്ലാം ഓരോ പാഠങ്ങളാണ്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ യാത്രകളില്‍ എല്ലാവരും നേരിടുന്ന പ്രശ്നങ്ങള്‍ ഒരുപോലെയാണ്. 50 രാജ്യങ്ങളില്‍ ഒറ്റയ്ക്കാണ് കറങ്ങിയത്. ഏകദേശം എട്ട് മാസം അതിനുവേണ്ടി വന്നു. ഈ ദിവസങ്ങളില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ നേരിട്ടു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ ആദ്യം തന്നെ പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് പോകരുതെന്നാണ് ലെക്‌സിക്ക് നല്‍കാനുള്ള ഉപദേശം. പകരം അടുത്തുള്ള സ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും യാത്രചെയ്ത് അനുഭവസമ്പത്ത് നേടുകയാണ് വെണ്ടതെന്നും ഈ മിടുക്കി പറയുന്നു.

യാത്ര പോയ നാടുകളില്‍ ഏറ്റവും ഇഷ്ടമുള്ള രാജ്യം തിരഞ്ഞെടുക്കാന്‍ പറയുന്നത് സ്വന്തം കുട്ടികളോട് കാണിക്കുന്ന വേര്‍തിരിവ് പോലെയാണെന്നാണ് ലെക്‌സി പറയുന്നത്. ഓരോ സ്ഥലവും ഇഷ്ടപ്പെടാന്‍ ഓരോ കാരണങ്ങളുണ്ട്. യാത്രയില്‍ കാമറയും കൂടെക്കരുതാറുണ്ട്. യാത്രാനുഭവങ്ങള്‍ വ്ളോഗായും ബ്ലോഗായും പുറത്തെത്തിക്കുന്നു. ഇതിലൂടെ യാത്രയ്ക്കാവശ്യമായ വരുമാനവും നേടുന്നുണ്ട് ഈ പെണ്‍കുട്ടി.

Similar Posts