World
മെഹുൽ ചോക്‌സി ബാധ്യതയായിരിക്കുന്നു; ഇന്ത്യക്ക് കൈമാറുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി
World

മെഹുൽ ചോക്‌സി ബാധ്യതയായിരിക്കുന്നു; ഇന്ത്യക്ക് കൈമാറുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി

Web Desk
|
26 May 2021 9:37 AM GMT

"ക്യൂബയിലേക്ക് മുങ്ങിയതിനെക്കുറിച്ച് വിശ്വസ്തമായ വിവരം ലഭിച്ചിട്ടില്ല''

പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പിൽ ഇന്ത്യയിൽനിന്ന് രക്ഷപ്പെട്ട് ആന്റിഗ്വയില്‍ പൗരത്വമെടുത്ത വജ്രവ്യാപാരി മെഹുൽ ചോക്‌സി ദ്വീപിൽനിന്നും മുങ്ങിയതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. സംഭവത്തിൽ പ്രതികരണവുമായി ആന്റിഗ്വ ആൻഡ് ബർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ രംഗത്തെത്തിയിരിക്കുകയാണ്. ചോക്‌സി തങ്ങൾക്കു തലവേദനയായിത്തീർന്നിരിക്കുകയാണെന്നും ഇയാളെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കുമെന്നും ഗാസ്റ്റൺ വ്യക്തമാക്കി.

ദേശീയ മാധ്യമമായ 'ഇന്ത്യ ടുഡേ'ക്ക് നൽകിയ അഭിമുഖത്തിലാണ് ആന്റിഗ്വ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മെഹുൽ ചോക്‌സി തങ്ങളുടെ രാജ്യത്തിന് മാനഹാനിയുണ്ടാക്കുന്ന തരത്തിൽ ബാധ്യതയായിരിക്കുകയാണെന്ന് അഭിമുഖത്തിൽ ഗാസ്റ്റൺ പറഞ്ഞു.

എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണുള്ളത്. അയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. ഇനിയും അയാൾ ഇവിടെ തുടരാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നില്ല. രാജ്യത്തിന് അയാളെക്കൊണ്ട് ഒരു ഗുണവും കിട്ടിയിട്ടില്ല. പകരം ബാധ്യതയായിത്തീർന്നിരിക്കുകയാണ്. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് അയാള്‍ കോട്ടമുണ്ടാക്കിയിരിക്കുകയാണ്. ഇതുകൊണ്ടൊക്കെയാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറാൻ ഞങ്ങൾ ഏറെ ധൃതിപ്പെടുന്നത്-അഭിമുഖത്തിൽ ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി.

ചോക്‌സി ആന്റിഗയിൽനിന്ന് ക്യൂബയിലേക്ക് കടന്നതായുള്ള വാർത്തകളെക്കുറിച്ചും ഗാസ്റ്റൺ ബ്രൗൺ പ്രതികരിച്ചു. ഇക്കാര്യത്തെക്കുറിച്ച് വിശ്വസ്തമായ വിവരം ലഭിച്ചിട്ടില്ലെന്നും ക്യൂബയിലേക്ക് കടന്നതായുള്ള അഭ്യൂഹങ്ങളുണ്ടെന്നും ഗാസ്റ്റൺ പറഞ്ഞു. അത് ശരിയല്ലെന്നും അത്തരത്തിലൊരു വിമാനം രാജ്യത്ത് എത്തുകയോ പോകുകയോ ചെയ്തിട്ടില്ലെന്നും എന്നാൽ, മുങ്ങിയിട്ടുണ്ടെങ്കിൽ അത് ബോട്ടുവഴി ജലമാർഗമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചോക്‌സിയുടെ കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരുമായി ചർച്ച ചെയ്തുവരുന്നുണ്ടെന്നും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഗാസ്റ്റൺ ബ്രൗൺ അറിയിച്ചു. ആന്റിഗ ആൻഡ് ബർബുഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹം ബോധവാനാണെന്നും ഗാസ്റ്റൺ കൂട്ടിച്ചേർത്തു.

2017ൽ 13,000 കോടി രൂപയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പിൽ പ്രതിയായ മെഹുൽ ചോക്‌സി ഇന്ത്യയിൽനിന്ന് ആന്റിഗ്വയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ദ്വീപരാജ്യത്ത് പൗരത്വമെടുക്കുകയും ചെയ്തു. എന്നാൽ, ചോക്‌സിയെ ആന്റിഗ്വ ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇദ്ദേഹം ദ്വീപിൽനിന്നും മുങ്ങിയിതായി വാർത്ത വരുന്നത്. ക്യൂബയിലേക്കാണ് കടന്നതെന്നാണ് കരുതുന്നത്. സംഭവത്തിൽ ആന്റിഗ്വ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts