ഇനി ജീവകാരുണ്യ പ്രവർത്തനവും സ്ത്രീ ശാക്തീകരണവും; മെറ്റ സി.ഒ.ഒ പദവിയൊഴിഞ്ഞ് ഷെറിൽ സാൻഡ്‌ബെർഗ്
|ഫേസ്ബുക്കിന്റെ വളർച്ചയിലും മെറ്റയുടെ രൂപീകരണത്തിലുമെല്ലാം ഏറ്റവും നിർണായകമായ പങ്കുവഹിച്ച വ്യക്തിയാണ് ഷെറിൽ
സാൻ ഫ്രാൻസിസ്‌കോ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ചീഫ് ഓപറേറ്റിങ് ഓഫിസർ(സി.ഒ.ഒ) പദവി രാജിവച്ച് ഷെറിൽ സാൻഡ്‌ബെർഗ്. 14 വർഷത്തോളം കമ്പനിയുടെ സുപ്രധാന പദവികളിലിരുന്ന ശേഷമാണ് രാജി. ജീവകാരുണ്യ, സ്ത്രീ ശാക്തീകരണ പ്രവർത്തനരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് വിവരം.
ഫേസ്ബുക്കിനു പുറമെ സിലിക്കൺവാലിയിലെ തന്നെ ഏറ്റവും കരുത്തയായ വനിതയാണ് ഷെറിൽ സാൻഡ്‌ബെർഗ്. ഫേസ്ബുക്കിന്റെ വളർച്ചയിലും മെറ്റയുടെ രൂപീകരണത്തിലുമെല്ലാം ഏറ്റവും നിർണായകമായ പങ്കുവഹിച്ച വ്യക്തിയാണ് അവർ. ദീർഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജിവിവരം പുറത്തുവിട്ടത്. മെറ്റയിൽ മാർക്ക് സക്കർബർഗിനു ശേഷം ഏറ്റവും സുപ്രധാന പദവിയിലുള്ള വ്യക്തിയാണ് ഷെറിൽ. സി.ഒ.ഒ പദവി ഒഴിഞ്ഞെങ്കിലും കമ്പനിയുടെ ബോർഡിൽ തുടരുമെന്നാണ് അവർ അറിയിച്ചത്.
ജീവിതത്തിൽ പുതിയൊരു അധ്യായം രചിക്കാനാണ് താൻ താഴെയിറങ്ങുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഷെറിൽ പറഞ്ഞു. കൂടിയാൽ ഒരു അഞ്ചു വർഷം ജോലി ചെയ്യാമെന്ന നിശ്ചയത്തിലായിരുന്നു 2008ൽ മെറ്റയുടെ പഴയ കമ്പനിയായ ഫേസ്ബുക്കിൽ ഷെറിൽ ചേരുന്നത്. അന്ന് ഒരു സ്റ്റാർട്ട്അപ്പ് മാത്രമായിരുന്നു ഫേസ്ബുക്ക്. എന്നാൽ, അന്നു തുടങ്ങിയ യാത്ര 14 വർഷം പിന്നിട്ടെന്ന് കുറിപ്പിൽ അവർ ഓർത്തെടുക്കുന്നു. തൊഴിൽമേഖലയിലും നേതൃരംഗത്തുമടക്കം സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച 'ലീൻ ഇൻ' ഫൗണ്ടേഷനിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമാകാനും പദ്ധതിയുണ്ട്.
കുറിപ്പിൽ മാർക്ക് സക്കർബർഗിനെ വാനോളം വാഴ്ത്തുകയും ചെയ്യുന്നുണ്ട് ഷെറിൽ. സക്കർബർഗിനെ ആദ്യമായി കണ്ടത് വിവരിക്കുന്നുണ്ട് അവർ. ഒരു അവധിക്കാല പാർട്ടിയിൽ അവിചാരിതമായായിരുന്നു ആ കൂടിക്കാഴ്ച. രാത്രി മുഴുവൻ ഫേസ്ബുക്കിനെക്കുറിച്ചുള്ള ആലോചനകളും ചർച്ചകളുമായി ആ കൂടിക്കാഴ്ച നീണ്ടു. പിന്നീടും പലതവണ ഇരുവരും കണ്ടുമുട്ടി. ഒടുവിലാണ് സക്കർബർഗ് ഫേസ്ബുക്കിൽ ജോലി വാഗ്ദാനം ചെയ്യുന്നത്. ഒരു യുഗത്തിന്റെ അന്ത്യമെന്നാണ് ഷെറിലിന്റെ രാജിയെക്കുറിച്ച് സക്കർബർഗ് പ്രതികരിച്ചത്.
ഹവിയർ ഒളിവനാണ് ഷെറിലിന് പകരക്കാരനായി എത്തുന്നത്.
Summary: Sheryl Sandberg, COO at Meta Platforms, announced stepping down from her position after 14 years