ജനങ്ങൾക്ക് ഭാഗ്യം വരാൻ മെക്‌സിക്കൻ മേയർ മുതലയെ വിവാഹം കഴിച്ചു
|സാൻ പെഡ്രോ ഹുവാമേലൂല മേയർ വിക്ടർ ഹ്യൂഗോ സോസയാണ് അലിസിയ അഡ്രിയാന എന്ന് പേരുള്ള പെൺ മുതലയെ വിവാഹം ചെയ്തത്
മെക്‌സിക്കോ സിറ്റി: പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി മെക്‌സിക്കൻ മേയർ തന്റെ ജനങ്ങൾക്ക് ഭാഗ്യം വരാൻ മുതലയെ വിവാഹം കഴിച്ചു. മെക്‌സിക്കോയിലെ സാൻ പെഡ്രോ ഹുവാമേലൂലയിലെ മേയർ വിക്ടർ ഹ്യൂഗോ സോസയാണ് അലിസിയ അഡ്രിയാന എന്ന് പേരുള്ള പെൺ മുതലയെ വിവാഹം ചെയ്തത്.
മത്സ്യബന്ധനം പ്രധാന തൊഴിലായ ഇവിടുത്തുകാർ ഇങ്ങനെ വിവാഹം ചെയ്താൽ കടലിൽ ചാകരയുണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്. വെളളിയാഴ്ച ഒസാക്കയിലെ വടക്കൻ പ്രദേശത്തെ ടൗൺഹാളിലാണ് വിവാഹം നടന്നത്.മുതലയെ മാമോദീസ മുക്കിയതിന് ശേഷമായിരുന്നു വിവാഹം.
വെള്ള വിവാഹ വസ്ത്രത്തിന് മുകളിൽ വിവിധ വർണങ്ങളുള്ള വസ്ത്രം ധരിപ്പിച്ച് വളരെ ആഘോഷപൂർവം സംഗീതത്തിന്റെ അകമ്പടിയോടെയാണ് മുതലയെ ജനങ്ങൾ വിവാഹത്തിനെത്തിച്ചത്. മുതലയെ വായും കൈയും റിബൺ കൊണ്ട് കെട്ടിയാണ് കൊണ്ട് വന്നത്. മുതല വധുവിനെ 'രാജകുമാരി' എന്നാണ് ഇവിടുത്തുകാർ വിളിക്കുന്നത്. ഓരോ വർഷവും ഇവിടത്തെ മേയർ ഓരോ പുതിയ മുതലയെ വിവാഹം കഴിക്കണമെന്നതാണ് ഇവിടത്തെ ആചാരം.