'എന്തായാലും മെക്‌സിക്കോ അമേരിക്കയേക്കാൾ സുരക്ഷിതമാണ്': വിമർശനങ്ങൾക്ക് മറുപടിയുമായി മെക്‌സിക്കൻ പ്രസിഡന്റ്
|2020ലെ ലോകബാങ്കിന്റെ റിപ്പോർട്ടുകളനുസരിച്ച് അമേരിക്കയേക്കാൾ നാലു മടങ്ങ് കൂടുതലാണ് മെക്‌സിക്കോയിലെ കൊലപാതക നിരക്ക്
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ അമേരിക്കയേക്കാൾ സുരക്ഷിതമാണെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ. ഈ മാസമാദ്യം മെക്‌സിക്കോയിൽ നാല് അമേരിക്കൻ പൗരന്മാരെ അജ്ഞാതർ തട്ടിയെടുത്തിരുന്നു. ഇതിനെത്തുടർന്ന് മെക്‌സിക്കോയുടെ സുരക്ഷയെ ചൊല്ലി വിമർശനങ്ങളുയരുന്നതിനിടെയാണ് പ്രസിഡന്റിന്റെ പ്രതികരണം.
മാർച്ച് മൂന്നിനാണ് യുവാക്കളെ മെക്‌സിക്കൻ നഗരമായ മട്ടാമൊറോസിൽ വെച്ച് അജ്ഞാതർ തട്ടിയെടുക്കുന്നത്. അധികൃതർ കണ്ടെത്തുമ്പോഴേക്കും ഇവരിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മെക്‌സിക്കൻ ലഹരിമാഫിയയിൽ പെട്ട അഞ്ചോളം പേരെ അറസ്റ്റ് ചെയ്‌തെങ്കിലും വലിയ വിമർശനമാണ് ആഗോളതലത്തിൽ മെക്‌സിക്കോ നേരിട്ടത്. മെക്‌സിക്കോ ജനജീവിതം തീരെ സുരക്ഷിതമല്ലെന്ന യുഎസ് അധികൃതരുടെ വാദങ്ങൾ തള്ളിയ പ്രസിഡന്റ് രാജ്യത്തെ മെക്‌സിക്കൻ-അമേരിക്കൻ പൗരന്മാരോട് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
യുഎസിന്റെ മുന്നറിയിപ്പുകൾക്ക് തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മാനുവൽ മറുപടി പറഞ്ഞത്. മെക്‌സിക്കോയിലൂടെ യാത്ര ചെയ്യുന്നതിന് ഒരു കുഴപ്പവുമില്ലെന്നും ഏതായാലും യുഎസിനേക്കാൾ സുരക്ഷിതമാണ് മെക്‌സിക്കോ എന്നുമായിരുന്നു പ്രസിഡന്റിന്റെ മറുപടി. മെക്‌സിക്കോയിലേക്ക് കുടിയേറുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നതും യുഎസ് വിനോദസഞ്ചാരികൾ മെക്‌സിക്കോയിലേക്ക് ഒഴുകിയെത്തുന്നതും വെറുതേയല്ലെന്നും മാനുവൽ കൂട്ടിച്ചേർത്തു.
2020ലെ ലോകബാങ്കിന്റെ റിപ്പോർട്ടുകളനുസരിച്ച് അമേരിക്കയേക്കാൾ നാലു മടങ്ങ് കൂടുതലാണ് മെക്‌സിക്കോയിലെ കൊലപാതക നിരക്ക്.