World
Michael Jackson,മൈക്കിൾ ജാക്‌സണ്‍,എം.ജെ,പോപ് സംഗീത രാജാവ്,
World

മരിക്കുമ്പോൾ മൈക്കിൾ ജാക്‌സന്റെ കടം 500 മില്യൺ ഡോളർ; വെളിപ്പെടുത്തൽ

Web Desk
|
30 Jun 2024 8:26 AM GMT

എസ്‌റ്റേറ്റ് നടത്തിപ്പുകാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോപ് സംഗീത രാജാവിന്‍റെ വൻ ബാധ്യതയെക്കുറിച്ച് പറയുന്നത്

ന്യൂയോർക്ക്: പോപ് സംഗീത രാജാവ് മൈക്കിൾ ജാക്‌സൻ മരിക്കുന്ന സമയത്ത് വൻ കടക്കെണിയിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ. 2009 ൽ മരിക്കുന്ന സമയത്ത് ഏകദേശം 500 മില്യൻ ഡോളറിലധികം കടമുണ്ടായിരുന്നുവെന്നാണ് മൈക്കിൾ ജാക്‌സന്റെ എസ്‌റ്റേറ്റ് നടത്തിപ്പുകാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 21നാണ് ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ മൈക്കിൾ ജാക്‌സന്റെ വൻ ബാധ്യതയെക്കുറിച്ച് പറയുന്നത്. കടങ്ങളിൽ പലതും ഉയർന്ന പലിശക്ക് പണം വാങ്ങിയതായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

2009 ജൂൺ 25-ന് 50-ാം വയസിലാണ് പോപ്പ് രാജാവായ മൈക്കിൾ ജാക്‌സൺ അന്തരിക്കുന്നത്. ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, മുംബൈ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്ന 'ദിസ് ഈസ് ഇറ്റ്' എന്ന പേരിൽ വലിയൊരു സംഗീത പരിപാടി നടത്താൻ മൈക്കിൾ ജാക്‌സൺ തീരുമാനിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തെ വിയോഗം.

ജാക്‌സന്റെ മരണത്തിന് കാരണമായത് ഉയർന്ന അളവിലുള്ള അനസ്‌തേഷ്യയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പേഴ്‌സണൽ ഫിസിഷ്യൻ കോൺറാഡ് മുറെയെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു. ജാക്സന്റെ മരണം 'ദിസ് ഈസ് ഇറ്റ്' പ്രമോട്ടർമാരായ എ.ഇ.ജിക്ക് 40 മില്യൻ ഡോളറിന്റെ ബാധ്യതയാണ് വരുത്തിവെച്ചത്. കൂടാതെ മരണസമയത്ത് ജാക്സണെതിരെ വിദേശത്തും കാലിഫോർണിയ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ സാമ്പത്തികമായി ബന്ധപ്പെട്ട പല കേസുകളും നടക്കുന്നുണ്ടായിരുന്നു. മൈക്കിൾ ജാക്‌സനെതിരെ 65 ലധികം പരാതികളാണ് കടക്കാർ സമർപ്പിച്ചിരുന്നത്. എന്നാൽ ഇവയിൽ മിക്ക പരാതികളും മറ്റ് നിയമ നടപടികളും പരിഹരിച്ചതായാണ് നടത്തിപ്പുകാർ പറയുന്നത്. 2013-ൽ എ.ഇ.ജി കോടതിയിൽ സമർപ്പിച്ച രേഖകളിൽ മൈക്കിൾ ജാക്‌സൺ ആഭരണങ്ങൾ, ആർട്, ഫർണിച്ചർ, സമ്മാനങ്ങൾ, യാത്രകൾ, ചാരിറ്റി സംഭാവനകൾ എന്നിവയ്ക്കായി അമിതമായ ചെലവഴിച്ചിരുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ജാക്‌സന്റെ സ്വത്തിന്റെ അവകാശികളായ അമ്മ കാതറിൻ,മക്കളായ പ്രിൻസ് (27),പാരീസ് (25),ബ്ലാങ്കറ്റ് (ബിഗി-22), തുടങ്ങിയവർക്ക് യാതൊരു സാമ്പത്തിക വിഹിതവും ലഭിക്കുന്നില്ലെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. 2021 ലെ ഫെഡറൽ ടാക്‌സ് റിട്ടേണുമായി ബന്ധപ്പെട്ട് ജാക്‌സന്റെ എസ്റ്റേറ്റും ഇന്റേണൽ റവന്യൂ സർവീസുമായി (ഐ.ആർ.എസ്) കേസ് നടക്കുന്നതിനാലാണ് അവകാശികൾക്ക് പണം ലഭിക്കാത്തതെന്നാണ് റിപ്പോർട്ട്.എസ്റ്റേറ്റ് ഏകദേശം 700 മില്യൺ ഡോളർ നികുതിയും പിഴയും നൽകാനുണ്ടെന്നാണ് ഐ.ആർ.എസ് അവകാശപ്പെടുന്നത്.

Related Tags :
Similar Posts