ആൻഡ്രോയിഡ് സേവനങ്ങളുടെ അഭാവം; ജീവനക്കാർക്ക് ആപ്പിൾ ഉപകരണങ്ങൾ നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്
|തുടർച്ചയായ സുരക്ഷാ ലംഘനങ്ങൾ കാരണം മൈക്രോസോഫ്റ്റ് കൂടുതൽ നിരീക്ഷണത്തിലാണ്
ബെയ്ജിങ്: ചൈനയിലെ ജീവനക്കാർക്ക് ആപ്പിൾ കമ്പനിയുടെ ഉപകരണങ്ങൾ നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. രാജ്യത്ത് ഗൂഗിളിൻ്റെ ആൻഡ്രോയിഡ് സേവനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് കമ്പനി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. തുടർച്ചയായ സുരക്ഷാ ലംഘനങ്ങൾ കാരണം മൈക്രോസോഫ്റ്റ് കൂടുതൽ നിരീക്ഷണത്തിലാണ്. ഈ വർഷം ആദ്യം കമ്പനിയിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഇമെയിലുകൾ റഷ്യൻ ഹാക്കർമാർ ചാരപ്പണി ചെയ്ത് ഉപയോഗിച്ചിരുന്നു.
മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരോട് സെപ്റ്റംബർ മുതൽ ജോലിസ്ഥലത്ത് ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കാൻ നിർദേശിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തത് ബ്ലൂംബെർഗ് ന്യൂസ് ആണ്. നിലവിൽ ഹോങ്കോംഗ് ഉൾപ്പെടെ ചൈനയിലുടനീളം ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റുകൾ ഉപയോഗിക്കുന്ന ജീവനക്കാർക്ക് കമ്പനി, ഐഫോൺ 15 മോഡലുകൾ നൽകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.
മൈക്രോസോഫ്റ്റിൻ്റെ ആഗോള സെക്യൂർ ഫ്യൂച്ചർ ഇനിഷ്യേറ്റീവിൻ്റെ ഭാഗമായി, ചൈനയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൻ്റെ ലഭ്യതക്കുറവ് മൂലമാണ് ഐ.ഒ.എസ്- ഉപകരണങ്ങളിലേക്ക് മാറാനുള്ള നീക്കം. പ്ലേസ്റ്റോർ ഇല്ലാത്തത് മൈക്രോസോഫ്റ്റ് ഓതൻ്റിക്കേറ്റർ, ഐഡൻ്റിറ്റി പാസ് തുടങ്ങിയ സുരക്ഷാ ആപ്പുകളിലേക്കുള്ള ജീവനക്കാരുടെ ആക്‌സസ് പരിമിതപ്പെടുത്തുന്നതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ചൈനയിൽ ശക്തമായ സാന്നിധ്യമുള്ള യു.എസ് കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റ്. 1992ൽ ചൈനീസ് വിപണിയിൽ പ്രവേശിച്ച കമ്പനിക്ക്, രാജ്യത്ത് ഒരു വലിയ ഗവേഷണ വികസന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.