World
Military plane carrying Malawi’s Vice President Saulos Chilima goes missing; search underway, Malawi Vice President plane missing
World

വീണ്ടും ആകാശദുരന്തം? മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായിട്ട് 22 മണിക്കൂര്‍ പിന്നിട്ടു; തിരച്ചിലിന് വിദേശസഹായം തേടി

Web Desk
|
11 Jun 2024 6:08 AM GMT

കഴിഞ്ഞ ദിവസം അന്തരിച്ച മലാവി മുന്‍ മന്ത്രി റാല്‍ഫ് കസംബറയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു സൗലോസ് ചിലിമയും സംഘവും

ലിലോങ്‌വേ: ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഉള്‍പ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിനു ശേഷം ലോകത്തെ നടുക്കി മറ്റൊരു ദുരന്ത വാര്‍ത്ത. തെക്കുകിഴക്കനാഫ്രിക്കന്‍ രാജ്യമായ മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലൗസ് ചിലിമയുമായി സഞ്ചരിച്ച വിമാനം കാണാതായി. സൈനിക വിമാനത്തിലാണ് ചിലിമ സഞ്ചരിച്ചിരുന്നത്. ഒപ്പം ഒന്‍പതു പേര്‍ കൂടിയുണ്ടായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. വിമാനം കാണാതായി 22 മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.17നു തലസ്ഥാനമായ ലിലോങ്‌വേയില്‍നിന്നു പുറപ്പെട്ട മലാവി ഡിഫന്‍സ് ഫോഴ്‌സ് വിമാനമാണു കാണാതായിരിക്കുന്നത്. 1.02ന് മസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. എന്നാല്‍, ലിലോങ്‌വേയില്‍നിന്നു പുറപ്പെട്ടതിനു പിന്നാലെ തന്നെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായിരുന്നു. തുടര്‍ന്ന് ഇതുവരെയും ഏവിയേഷന്‍ വിഭാഗത്തിന് വിമാനവുമായി ബന്ധപ്പെട്ടാനായിട്ടില്ല.

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മന്ത്രി റാല്‍ഫ് കസംബറയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു സൗലോസ് ചിലിമ. ഒപ്പം ഭാര്യ മേരി, വൈസ് പ്രസിഡന്റിന്റെ പാര്‍ട്ടിയായ യുനൈറ്റഡ് ട്രാന്‍സ്‌ഫോമേഷന്‍ മൂവ്‌മെന്റ്(യു.ടി.എം) നേതാക്കള്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നതായാണു വിവരം. മസുസു വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കാഴ്ച കുറവായതിനാല്‍ തിരിച്ചു തലസ്ഥാനത്തേക്കു തന്നെ മടങ്ങാന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി അയല്‍രാജ്യങ്ങളുടെയും യു.എസ്, ബ്രിട്ടന്‍, ഇസ്രായേല്‍, നോര്‍വേ തുടങ്ങിയ ലോകരാജ്യങ്ങളുടെയും സഹായം തേടിയിട്ടുണ്ട് മലാവി. വിമാനം കണ്ടെത്തുംവരെ തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ ഉത്തരവിട്ടതായി മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേര പറഞ്ഞു. വൈസ് പ്രസിഡന്റിനെയും സംഘത്തെയും രക്ഷിക്കാനാകുമെന്ന എല്ലാ പ്രതീക്ഷയുമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

2014 മുതല്‍ മലാവിയുടെ വൈസ് പ്രസിഡന്റാണ് സൗലോസ് ക്ലൗസ് ചിലിമ. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനുമുന്‍പ് യൂനിലിവര്‍, കൊക്കകോള ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളില്‍ പ്രധാന പദവികള്‍ വഹിച്ചിരുന്നു. മലാവി സര്‍വകലാശാലയില്‍നിന്ന് സാമൂഹിക ശാസ്ത്രത്തിലും കംപ്യൂട്ടര്‍ സയന്‍സിലും എക്‌ണോമിക്‌സിലും ബിരുദങ്ങളും എക്‌ണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലണ്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് ബോള്‍ട്ടനില്‍നിന്ന് നോളജ് മാനേജ്‌മെന്റില്‍ പി.എച്ച്.ഡിയും സ്വന്തമാക്കി.

2020ലാണ് മലാവി വൈസ് പ്രസിഡന്റായി ചിലിമ വീണ്ടും അധികാരമേറ്റത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു ദുരൂഹമായ സംഭവം. 2022ല്‍ അഴിമതിക്കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റിലായിരുന്നു ചിലിമ. കേസില്‍ മലാവി കോടതി കഴിഞ്ഞ മാസം അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

കഴിഞ്ഞ മാസമാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണത്. വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും അസര്‍ബൈജാന്‍ ഗവര്‍ണറും ഉള്‍പ്പെടെ പ്രമുഖരും ഹെലികോപ്ടറിലുണ്ടായിരുന്നു. ജോല്‍ഫയിലെ പര്‍വതനിരയിലായിരുന്നു അപകടം. മോശം കാലാവസ്ഥ കാരണം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണു രക്ഷാപ്രവര്‍ത്തകര്‍ക്ക് ഹെലികോപ്ടര്‍ തകര്‍ന്ന സ്ഥലത്തെത്താനായത്. ദുരന്തത്തില്‍ റഈസിയും അബ്ദുല്ലാഹിയാനും ഉള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്നവരെല്ലാം മരിച്ചിരുന്നു.

Summary: Military plane carrying Malawi’s Vice President Saulos Chilima goes missing; search underway

Similar Posts