ഗസ്സയ്ക്ക് 200 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തറും ഫ്രാൻസും
|ഫലസ്തീൻ ജനത കടുത്ത ദുരിതത്തിലാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം
ദോഹ: ഗസ്സയ്ക്ക് 200 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തറും ഫ്രാൻസും രംഗത്തെത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഫ്രാൻസ് സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. ഗസ്സയിലേക്ക് ഭക്ഷണം എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കാണ് തുക ഉപയോഗിക്കുക. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
അതേസമയം, ഫലസ്തീൻ ജനത ഭക്ഷ്യ ക്ഷാമവും പട്ടിണിയുമായി കടുത്ത ദുരിതത്തിലാണെന്ന മുന്നറിയിപ്പുമായി ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഭക്ഷണവും മരുന്നുമില്ലാതെ ദുരിതമനുഭവിക്കുന്നത്. റമദാന് മുമ്പ് വെടിനിർത്തൽ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മാജിദ് അൽ അൻസാരി പറഞ്ഞു. ഗസ്സ മുനമ്പിൽ എത്തുന്നത് ആവശ്യമുള്ളതിന്റെ ചെറിയ ഭാഗം സഹായം മാത്രമാണ്. 25 ലക്ഷത്തോളം പേർ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഗസ്സയുടെ തെക്കൻ ഭാഗത്തെ തമ്പുകളിൽ പത്ത് ലക്ഷത്തോളം പേരാണ് കടുത്ത ദുരിതങ്ങളിലൂടെ ജീവിതം തള്ളി നീക്കുന്നതെന്ന് മാജിദ് അൽ അൻസാരി പറഞ്ഞു.
ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിനായി ഈജിപ്തിലെ അൽ അരീഷിലേക്ക് ഖത്തർ ആരംഭിച്ച എയർ ബ്രിഡ്ജിലൂടെ 80ലധികം വിമാനങ്ങളിൽ സഹായമെത്തിച്ചു കഴിഞ്ഞു. എന്നാൽ അവിടെ നിന്നും ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിന് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനത്തിനെതിരെ ഗൗരവമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
റമദാൻ ആരംഭിക്കുന്നതിന് മുമ്പ് ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അൽ അൻസാരി പറഞ്ഞു. നിരവധി തടസ്സങ്ങളും പ്രതിസന്ധികളും മുന്നിലുണ്ട്. എന്നാൽ, ഇതുവരെയുള്ള ചർച്ചകളിൽ ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഗസ്സക്ക് വീണ്ടും സഹായവുമായി കുവൈത്തും രംഗത്തെത്തി. കുവൈത്തയക്കുന്ന 44ാമത്തെ ദുരിതാശ്വാസ വിമാനം കഴിഞ്ഞ ദിവസം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി. 10 ടൺ ഭക്ഷ്യ വസ്തുക്കളും പാർപ്പിട വസ്തുക്കളുമാണ് വിമാനത്തിലുള്ളത്. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ രാജ്യത്തെ റിലീഫ് സൊസൈറ്റികളുടെ സഹകരണത്തോടെയാണ് സഹായമെത്തിക്കുന്നത്. അൽ അറിഷിലെത്തിച്ച സാധനങ്ങൾ അവിടെ നിന്ന് റഫ അതിർത്തി വഴിയാണ് ഗസ്സയിലേക്ക് എത്തിക്കുക.