ടോൺസലൈറ്റിസ് എന്ന് തെറ്റിദ്ധരിച്ചു: യുവാവിന്റെ ജീവനെടുത്ത് അപൂർവ മാംസഭോജി രോഗം
|കഴിഞ്ഞ മാസം കടുത്ത തൊണ്ടവേദനയോടെയാണ് ലൂക്കിന്റെ ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്
യുകെയിൽ അപൂർവ മാംസഭോജി രോഗം ബാധിച്ച യുവാവ് മരിച്ചു. റെയിൽവേ എഞ്ചിനീയറും ഫുട്ബോളറുമായിരുന്ന ലൂക്ക് എബ്രഹാംസ് (20) ആണ് മരിച്ചത്. ടോൺസലൈറ്റിസ് ആണെന്ന് കരുതി ചികിത്സ തേടിയ ലൂക്കിനെ പക്ഷേ ലീമിയർ സിൻഡ്രോം എന്ന അണുബാധയും നെക്രോറ്റൈസിങ് ഫസൈറ്റിസ് എന്ന മാംസഭോജി രോഗവുമായിരുന്നു ബാധിച്ചത്.
കഴിഞ്ഞ മാസം കടുത്ത തൊണ്ടവേദനയോടെയാണ് ലൂക്കിന്റെ ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇതിന് പിന്നാലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെടുകയും ഡോക്ടർ ടോൺസലൈറ്റിസിന് ആന്റിബയോട്ടിക്കുകൾ കുറിച്ച് നൽകുകയും ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ലൂക്കിന് കലശലായ കാലു വേദന അുഭവപ്പെട്ടു. ഇതിനെ തുടർന്ന് നോർത്താംപ്ടൺ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ലൂക്കിന്റെ ശരീരത്തിൽ അണുബാധയുണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നാലെ ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ ടേബിളിൽ വെച്ച് ലൂക്ക് ജീവൻ വെടിഞ്ഞു.
രോഗനിർണയത്തിലുണ്ടായ പിഴവും തെറ്റായ ചികിത്സയുമാണ് മകന്റെ ജീവനെടുത്തതെന്നാണ് ലൂക്കിന്റെ മാതാപിതാക്കളുടെ ആരോപണം. ലൂക്കിനെ ആശുപത്രിയിലെത്തിക്കാൻ ഒരു ആംബുലൻസ് പോലും അധികൃതർ വിട്ടു നൽകിയില്ലെന്നും അവർ ആരോപിക്കുന്നു.