മിസ് യൂണിവേഴ്സ് കിരീടം ചൂടി അമേരിക്കക്കാരി ആർബോണി ഗബ്രിയേൽ
|ഇന്ത്യയുടെ ദിവിത റായ് ആദ്യ പതിനാറിൽ എത്തിയിരുന്നെങ്കിലും പുറത്തായി
വാഷിങ്ടൺ: 2022ലെ മിസ് യൂണിവേഴ്സ് കിരീടം യുഎസ്എയുടെ ആർബോണി ഗബ്രിയേലിന്. കിരീടം നേടുന്ന ആദ്യത്തെ ഫിലിപിന-അമേരിക്കൻ കൂടിയാണിവർ. വെനിസ്വെലയുടെ അമാൻഡ ഡുഡാമെലാണ് ആദ്യ റണ്ണറപ്പ്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നുള്ള ആൻഡ്രിന മാർട്ടിനസ് സെക്കൻഡ് റണ്ണറപ്പായി.
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 71-ാം പതിപ്പായിരുന്നു ഇത്തവണത്തേത്. യുഎസ്എയിലെ ലൂസിയാന ന്യൂ ഓർലിയാൻസിനെ ഏണസ്റ്റ് എൻ മോറിയൽ കൺവൻഷൻ സെന്ററിലായിരുന്നു മത്സരം. ആകെ 80 പേരാണ് മാറ്റുരച്ചത്. ഇന്ത്യയുടെ ദിവിത റായ് ആദ്യ പതിനാറിൽ എത്തിയിരുന്നെങ്കിലും അവസാന റൌണ്ടിലേക്ക് യോഗ്യത നേടാതെ പുറത്തായി.
ഫിലിപ്പൈൻസിൽനിന്ന് കുടിയേറിയ റെമിജിയോ ബോൻസന്റെ മകളാണ് ആർബോണി. അമ്മ അമേരിക്കക്കാരി ഡാന വാക്കർ. സ്വന്തം ഫാഷൻ സംരംഭമായ ആർബോണി നോലയുടെ സിഇഒയാണ് നിലവിൽ ആർബോണി. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലേറെ പേരാണ് ഇവരെ പിന്തുടരുന്നത്.
യുഎസ് ആസ്ഥാനമായ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ നടത്തുന്ന വാർഷിക അന്തർദ്ദേശീയ സൗന്ദര്യമത്സരമാണ് മിസ് യൂണിവേഴ്സ്. ഇന്ത്യയിൽനിന്നുള്ള ഹർനാസ് സന്ധുവായിരുന്നു കഴിഞ്ഞ വർഷത്തെ ജേത്രി. സന്ധുവിന് പുറമേ, ലാറ ദത്തയും സുസ്മിത സെന്നും ഇന്ത്യയിൽനിന്ന് മിസ് യൂണിവേഴ്സ് കിരീടം നേടിയിട്ടുണ്ട്.