World
KimJongUnimposeslockdownoverbulletsmissing, riflebulletsmissinginNorthKorea, KimJongUn, lockdownatHyesan
World

സൈന്യത്തിന്‍റെ 653 വെടിയുണ്ടകൾ കാണാനില്ല; ഉ.കൊറിയൻ നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

Web Desk
|
28 March 2023 6:38 AM GMT

നഗരത്തിൽ അരിച്ചുപെറുക്കി തിരച്ചിൽ നടത്താനാണ് കിം ജോങ് ഉൻ ഉത്തരവിട്ടിരിക്കുന്നത്

പ്യോങ്‌യാങ്: സൈന്യത്തിന്റെ നൂറുകണക്കിനു വെടിയുണ്ടകൾ കാണാതായതിനു പിന്നാലെ ഉത്തര കൊറിയൻ നഗരത്തിൽ ലോക്ക്ഡൗൺ. ഭരണാധികാരി കിം ജോങ് ഉന്നാണ് വെടിയുണ്ടകൾ കണ്ടെത്തുംവരെ ഉ.കൊറിയയിലെ യാങ്കാങ് പ്രവിശ്യയിലെ ഹൈസാനിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടു ലക്ഷത്തിലേറെ പേർ താമസിക്കുന്ന നഗരമാണ് ഇവിടെ.

മാർച്ച് ഏഴിന് ഹൈസാനിൽ സൈനിക നടപടിക്കിടെയാണ് 653 വെടിയുണ്ടകൾ കാണാതായതെന്ന് 'റേഡിയോ ഫ്രീ ഏഷ്യ' റിപ്പോർട്ട് ചെയ്തു. ഇതേതുടർന്നാണ് കിം നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നഗരത്തിലുടനീളം തിരച്ചിൽ നടത്താൻ സൈന്യത്തോട് ഉത്തരവിട്ടിട്ടുണ്ട്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച വിവരം ഹൈസാൻ സ്വദേശികളും സ്ഥിരീകരിച്ചിട്ടുണ്ട്. മുഴുവൻ വെടിയുണ്ടകളും കണ്ടെത്തിയാൽ മാത്രമേ നിയന്ത്രണം പിൻവലിക്കൂവെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ നഗരത്തിൽ വിന്യസിക്കപ്പെട്ടിരുന്ന സൈന്യം പിന്മാറുന്നതിനിടെയാണ് വെടിയുണ്ടകൾ കാണാതായതായി തിരിച്ചറിയുന്നത്. തുടർന്ന് ഉന്നതവൃത്തങ്ങളെ അറിയിക്കുംമുൻപ് സൈനികർ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് മേലധികാരികളെ വിവരം അറിയിച്ചത്.

ഫാക്ടറികൾ, ഫാമുകൾ, വിവിധ സാമൂഹിക സംഘങ്ങൾ, നാട്ടുകാർ എന്നിവരോടെല്ലാം അന്വേഷണവുമായി സഹകരിക്കണമെന്ന് അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഭരണകൂടം ഭീതി പരത്തി സമ്മർദം തങ്ങൾക്കുമേൽ വച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

രാജ്യത്തിന്റെ ആണവായുധ ഉൽപാദനം കൂട്ടാൻ കിം ജോങ് ഉൻ ആഹ്വാനം നൽകിയതിനു പിന്നാലെയാണ് വിചിത്രകരമായ വാർത്ത പുറത്തുവരുന്നതെന്ന കൗതുകവുമുണ്ട്. സൈന്യത്തിന്റെ ശേഖരത്തിലുള്ള മുഴുവൻ ആയുധവും ഏതു സമയവും ഉപയോഗിക്കാൻ സജ്ജമായിരിക്കണമെന്നും കിം നിർദേശിച്ചിരുന്നു. സുനാമി വരെ സൃഷ്ടിക്കാൻ ശേഷിയുള്ള സമുദ്രാന്തര ആണവ ഡ്രോൺ ഉ.കൊറിയ വികസിപ്പിച്ചതായി ദിവസങ്ങൾക്കുമുൻപ് റിപ്പോർട്ടുണ്ടായിരുന്നു.

Summary: Kim Jong Un imposes lockdown on North Korean city Hyesan after soldiers lose 653 rifle bullets

Similar Posts